❝അൺസ്റ്റോപ്പബിൽ ബെൻസിമ❞ : ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കർ |Karim Benzema | UEFA Champions League

കരിം ബെൻസെമ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.2018 ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മുന്നേറ്റ നിരയുടെ ചുമതല മുഴുവൻ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസിമയുടെ ചുമലിലാണ്. കഴിഞ്ഞ മൂന്നു സീസണിലും റയലിന്റെ ഗോളടി യന്ത്രം തന്നെയാണ് ഫ്രഞ്ച് താരം. ഈ സീസണിൽ ഗോൾ നേടുന്നതിൽ ഒരു കുറവും ഫ്രഞ്ച് സ്‌ട്രൈക്കർ വരുത്തിയിട്ടില്ല.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ നേടിയ ഹാട്രിക്കോടെ ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കർ എന്ന സ്ഥാനം ഫ്രഞ്ച് താരം ഊട്ടിയുറപ്പിക്കുകയും ചെയ്തു. പ്രീ ക്വാർട്ടറിൽ വമ്പന്മാർ അണിനിരന്ന പിഎസ്ജി ക്കെതിരെയും ഹാട്രിക്ക് നേടി റയലിനെ ബെൻസിമ വിജയത്തിലെത്തിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബാക്ടു ബാക് മത്സരങ്ങളിൽ ഹാട്രിക് നേടുന്ന നാലാമത്തെ താരമാണ് ബെൻസിമ.റൊണാൾഡോക്ക് ശേഷം നോക്ക് ഔട്ടിൽ ബാക് ടു ബാക് ഹാട്രിക്ക് നേടുന്ന താരമായും ബെൻസിമ മാറി.34 കാരനായ ഫ്രഞ്ച് സ്‌ട്രൈക്കർ ഈ സീസണിൽ ലോസ് ബ്ലാങ്കോസിനായി 36 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ നേടിയിട്ടുണ്ട്.

പിഎസ്ജിക്കെതിരായ തന്റെ മുൻ യുസിഎൽ ഗെയിമിൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഹാട്രിക്ക് വലയിലാക്കിയ ശേഷം ലണ്ടനിലും ആ മികവ് ആവര്തികയായിരുന്നു ബെൻസിമ. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എട്ടു മത്സരങ്ങളിൽ നിന്നും ബെൻസിമയുടെ 11 മത്തെ ഗോളായിരുന്നു ഇത്.ഒരു ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ 10 ഗോളുകൾ നേടുന്ന ആദ്യത്തെ ഫ്രഞ്ച് കളിക്കാരനായി അദ്ദേഹം മാറി . ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവർക്കൊപ്പം മത്സരത്തിൽ 80-ലധികം ഗോളുകൾ നേടിയ കളിക്കാരനായും ബെൻസിമ മാറി .

ബെൻസെമ ബ്ലൂസിനെതിരെ എല്ലായിടത്തും ഉണ്ടായിരുന്നു,പ്ലേ അപ്പ് ലിങ്ക് ചെയ്യാനും ഡീപ്പായി ഇറങ്ങി പന്ത് എടുക്കാനും അല്ലെങ്കിൽ പ്രസ് ചെയ്ത് കളിക്കാനും ഫ്രഞ്ച് താരം ഉണ്ടായിരുന്നു.ണ്ട് ഹെഡറുകളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഴിവ് പ്രകടമാക്കിയെങ്കിൽ, മൂന്നാമത്തെ ഗോൾ ഫ്രഞ്ചുകാരന്റെ പ്രയത്നവും പ്രവർത്തനനിരക്കും തികഞ്ഞ നിശ്ചയദാർഢ്യവും പ്രകടമാക്കി. പ്രായത്തിനനുസരിച്ച് എങ്ങനെയാണു ഒരു താരം കൂടുതൽ മെച്ചപ്പെടുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലത്തെ ബെൻസിമയുടെ പ്രകടനം.

കരിയറിലെ സുവർണ കാലഘട്ടം ക്രിസ്ത്യാനോ റൊണാൾഡോ എന്ന മഹാമേരുവിന്റെ മറവിൽ കളിച്ചു തീർക്കാൻ വിധിക്കപ്പെട്ട താരമാണ് ബെൻസേമ. തിരിച്ചടികളും തള്ളിപ്പറയലുകളും അതിജീവിച്ച കരീം ബെൻസേമ; റൊണാൾഡോയുടെ പ്രഭാവത്തിൽ മറഞ്ഞു നിൽക്കുമ്പോൾ തന്നെ ഫോമിൽ വന്ന തളർച്ചയുടെ പേരിൽ ആരാധകരുടെ വരെ അപ്രീതി ഏറ്റുവാങ്ങേണ്ടി വന്ന ബെൻസേമയിൽ നിന്ന്, കഴിഞ്ഞ മൂന്ന് സീസണുകളിൽ റയൽ അക്രമണനിരയെ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകുന്ന, ഹിയേറോയുടെയും റാമോസിന്റെയും നാലാം നമ്പറും, റൗളിന്റെയും റൊണാൾഡോയുടെയും ഏഴാം നമ്പറും കൊടികളായി ഉയർത്തുന്ന സാന്റിയാഗോ ബെർണബ്യുവിലെ ഗോൾ പോസ്റ്റിന് പുറകിലെ വെള്ളകടൽ ഇപ്പോൾ അവയ്ക്കൊപ്പം തന്നെ ഉയർത്തി പിടിക്കുന്ന ഒമ്പതാം നമ്പറിന്റെ ഉടമയായ ബെൻസേമയിലേക്ക്, അയാൾ താണ്ടിയ ദൂരം എത്രത്തോളം ദുർഘടമായിരുന്നു എന്ന് സങ്കല്പിക്കാൻ പോലും പ്രയാസമാണ്.