
ബ്രസീലിനെ പുറത്താക്കാൻ അർജന്റീനയുടെ ഒത്തുകളി ; ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ലോകകപ്പ് |FIFA World Cup |Argentina vs Brazil
1978 ൽ അർജന്റീനയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പായിരിക്കും ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ലോകകപ്പ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ഒത്തുകളി ആരോപണങ്ങളിലൂടെയും വിവാദങ്ങളിൽ ഇടംപിടിച്ച ലോകകപ്പാണ് 1978 ലേത്. ബ്രസീലിനെ ഫൈനലിൽ നിന്ന് പുറത്താക്കാൻ അർജന്റീന ഒത്തുകളി നടത്തിയെന്ന ഗുരുതരആരോപണവും ഉയർന്ന ടൂന്റ്മെന്റായിരുന്നു ഇത്.
1978 ജൂൺ ഒന്ന് മുതൽ 25 വരെയാണ് അർജന്റീനയിൽ വെച്ച് ലോകകപ്പിന്റെ പതിനൊന്നാം എഡിഷൻ നടന്നത്. 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ഫൈനലിൽ നെതെർലാൻഡിനെ പരാജയപ്പെടുത്തി അർജന്റീന കിരീട ജേതാക്കളായനെകിലും ഫൈനൽ മത്സരം വരെ ഒത്തുകളി ആരോപണം നിറഞ്ഞിരുന്നു ഈ ലോകകപ്പിൽ.1978 ലോകക്കപ്പിന് രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അർജന്റീനിയൻ സർക്കാരിനെ സൈനിക അട്ടിമറിയിൽ കീഴടക്കുന്നത്. ഇതോടെ അർജന്റീന രാഷ്ട്രീയ അസ്ഥിരതയിലായി.

സൈനിക അട്ടിമറി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ട് പോകുന്നു എന്നാ ആരോപണം ഉയർന്നതും ഇതോടെയാണ്.അർജന്റീയിലെ രാഷ്ട്രീയ പ്രതിസന്ധി മൂലം 1978 ലെ ലോകക്കപ്പിൽ പങ്കെടുക്കാൻ ആദ്യഘട്ടത്തിൽ പല രാജ്യങ്ങളും വിമുഖത കാണിച്ചിരുന്നു. അർജന്റീനിയൻ സർക്കാരിനോടുള്ള രാഷ്ട്രീയ വിയോജിപ്പ് തന്നെയായിരുന്നു പല രാജ്യങ്ങളും ആദ്യഘട്ടത്തിൽ പിന്മാറാൻ കാരണം.1974 ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവ് ഡച്ച് താരം ജോഹാൻ ക്രൈഫ് 1978 ലോകകപ്പിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചതായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. ടൂർണമെന്റിൽ പങ്കെടുക്കാൻ വിമുഖത കാണിച്ച പല രാജ്യങ്ങളും അവസാന ഘട്ടത്തിൽ ടൂർണമെന്റിൽ ഭാഗമായി എങ്കിലും ജോഹാൻ ക്രൈഫ് 1978 ലെ ലോകകപ്പ് കളിച്ചിട്ടില്ല. ക്രൈഫിന് മേൽ രാഷ്ട്രീയ സമ്മർദ്ധം ഉണ്ടായിരുന്നു എന്നും അതിനാലാണ് ക്രൈഫ് ലോകകപ്പ് കളിക്കാതിരുന്നത് എന്ന ആരോപണവും ഉയർന്നു. പിന്നീട് ക്രൈഫ് ആ ആരോപണം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു.
ഇത്തരത്തിൽ പല രാഷ്ട്രീയ സാഹചര്യങ്ങളെ കൊണ്ടും അർജന്റീനിയൻ ലോകകപ്പ് വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിന് പുറമെ അർജന്റീനിയൻ ലോകകപ്പ് നേരിട്ട ഏറ്റവും വലിയ ആരോപണം ഒത്തുകളി വിവാദമാണ്. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലേറിയ പുതിയ അർജന്റീനിയൻ സർക്കാരിനെതിരെ വിവിധ രാജ്യങ്ങൾ നിലപാടുമായി രംഗത്ത് വരികയും പുതിയ സർക്കാർ ഏകാധിപതികളാണെന്ന വിമർശനാവുമെല്ലാം മറികടന്ന ലോകരാജ്യങ്ങളുടെ മുന്നിൽ അർജന്റീനയുടെ ഇമേജ് തിരിച്ച് പിടിക്കണമെങ്കിൽ അർജന്റീന ഫുട്ബാൾ ലോകകപ്പ് വിജയിക്കണമെന്ന് പുതിയ അർജന്റീനിയൻ സർക്കാർ കരുതിയെന്നും അതിനായി അവർ ഒത്തുകളി തിരഞ്ഞെടുത്തു എന്നുമാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗ്രൂപ് ഘട്ടത്തിൽ ഫ്രാൻസിനെതിരെയുള്ള അർജന്റീനയുടെ മത്സരത്തിൽ ഫ്രാൻസിന് പെനാൽറ്റി നിഷേധിച്ചതും അർജന്റീനയ്ക്കു റഫറി അനുകൂല വിധി നടത്തിയതും ഒത്തുകളി ആരോപണത്തിന് കാരണമായി. ഈ ആരോപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രസീലിനെ പുറത്താക്കാൻ അർജന്റീന പെറുവുമായി ഒത്തുകളിച്ചു എന്നുള്ളതാണ്. ഗ്രൂപ്പഘട്ട മത്സരത്തിന് ശേഷം രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളെ ഉൾപ്പെടുത്തിയായിരുന്നു അന്ന് രണ്ടാം റൌണ്ട് മത്സരങ്ങൾ നടന്നിരുന്നത്. ഈ രണ്ട് ഗ്രൂപ്പുകളിലെയും ചാമ്പ്യന്മാരാണ് ഫൈനലിൽ ഏറ്റുമുട്ടുക. ഇത്തരത്തിലുള്ള രണ്ടാം റൌണ്ട് ഗ്രൂപുകളിൽ ബ്രസീലും അർജന്റീനയും ഒരേ ഗ്രൂപ്പിലായിരുന്നു.
രണ്ടാം റൗണ്ടിൽ 3 മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റായിരുന്നു ബ്രസീലിന്റെ സമ്പാദ്യം. ഒരു മത്സരം ബാക്കി നിൽക്കെ അർജന്റീനയ്ക്ക് രണ്ട് പോയിന്റും ഉണ്ടായിരുന്നു. ഗ്രൂപ്പിൽ നിന്ന് അർജന്റീനയ്ക്ക് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ അവസാന മത്സരത്തിൽ പെറുവിനെതിരെ അവർ നാല് ഗോളിന്റെ മാർജിനിൽ വിജയ്‌ക്കേണ്ടിയിരുന്നു. എന്നാൽ പെറുവിനെതിരെ 6-0 നാണ് അർജന്റീന വിജയിച്ചത്. ബ്രസീലിനെ പുറത്താക്കി അർജന്റീനയ്ക്ക് ഫൈനൽ പ്രവേശനം എളുപ്പമാവാൻ പെറുവും അർജന്റീനയും ഒത്തുകളിച്ചു എന്നതാണ് പ്രധാന ആരോപണം. പെറുവിയൻ ക്യാപ്റ്റനും നിരവധി പെറുവിയൻ കളിക്കാരും ഇത് നിഷേധിച്ചെങ്കിലും അർജന്റീന പെറുവിനെ ഭീഷണിപ്പെടുത്തിയെന്നും സ്വേച്ഛാധിപത്യ അർജന്റീനിയൻ സൈനിക ഗവൺമെന്റ് ഇടപെട്ടുവെന്നും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.
മത്സരത്തിൽ അർജന്റീനയോട് പരാജയപ്പെട്ടാൽ അർജന്റീന പെറുവിലേക്ക് ഒരു വലിയ ധാന്യ കയറ്റുമതി നടത്തുമെന്ന ഓഫർ സൈനിക സർക്കാർ നടത്തിയിരുന്നു എന്നാണ് അന്ന് ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. കൂടാതെ അർജന്റീന സെൻട്രൽ ബാങ്കിന്റെ കൈവശമുണ്ടായിരുന്ന പെറുവിയൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് അർജന്റീനയിലെ സൈനിക സർക്കാർ പെറുവിനെ ഭീഷണിപ്പെടുത്തിയതായും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പെറുവിയൻ ടീമിന് രാഷ്ട്രീയ പ്രത്യാഘാതങ്ങളൊന്നുമില്ലാതെ കൈക്കൂലി നൽകിയിരുന്നുവെന്നും നാടുകടത്തപ്പെട്ട 13 പെറുവിയൻ വിമതരെ പെറുവിലേക്ക് തിരിച്ചയച്ചത്തിന്റെ പ്രതുപകാരമാണ് പെറുവിന്റെ തോൽവിയെന്നും പിന്നീട് നടന്ന പല ചർച്ചകളിലും പലരും ആരോപിച്ചു.
എന്ത് തന്നെയായാലും അർജന്റീന പെറുവിനെ വലിയ മാർജിനിൽ പരാജയപെടുത്തിയതോടെ ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ മുന്നേറിയ ബ്രസീൽ ലോക കപ്പിൽ നിന്നും പുറത്താവുകയിരുന്നു.പെറുവിനെ തോൽപ്പിച്ച അർജന്റീന ഫൈനലിൽ നെതർലാൻഡിനെയും പരാജയപ്പെടുത്തി. ഫൈനലിൽ 3-1 നാണ് അർജന്റീന പരാജയപ്പെടുത്തിയത്. പക്ഷെ ഫൈനൽ മത്സരത്തിലും വിവാദങ്ങൾ കെട്ടടങ്ങിയിരുന്നില്ല