“ഐപിഎല്ലിലെ പണം കൊണ്ടൊരു വീട് വെക്കണം,ആഗ്രഹം വെളിപ്പെടുത്തി യുവ താരം” |IPL 2022

ഐപിഎൽ 2022 സീസണിൽ മുംബൈ ഇന്ത്യൻസ് കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ മികച്ച പ്രകടനങ്ങൾ കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് 19-കാരൻ തിലക് വർമ്മ. ആദ്യ മത്സരത്തിൽ 22 റൺസെടുത്ത തിലക് രണ്ടാം മത്സരത്തിൽ 61 റൺസെടുത്ത് മുംബൈയുടെ ടോപ് സ്കോറർ ആയിരുന്നു. ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് തന്റെ കുടുംബത്തിന് ഒരു വീട് നിർമ്മിച്ച് നൽകണം എന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ഹൈദരാബാദുകാരൻ തിലക് വർമ്മ.

ഹൈദരാബാദിനായി അണ്ടർ 15 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള തിലകിനെ ഐപിഎൽ 2022 ലേലത്തിൽ മുംബൈ ഇന്ത്യൻസ് 1.7 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. കട്ടക്കിൽ 217 റൺസിന്റെ വിജയത്തോടെ രഞ്ജി ട്രോഫി 2022-ൽ ഹൈദരാബാദ് തുടങ്ങിയപ്പോൾ, രണ്ടാം ഇന്നിംഗ്‌സിൽ ചണ്ഡീഗഡിനെതിരെ തിലക് 63 റൺസ് നേടി, രണ്ടാം മത്സരത്തിൽ ബംഗാളിനെതിരേ 90 റൺസും നേടി തിളങ്ങിയിരുന്നു. 19 കാരനായ തിലക് തന്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും തന്റെ സ്വപ്നങ്ങൾക്കൊപ്പം ജീവിക്കാൻ പിതാവ് എങ്ങനെ പിന്തുണച്ചെന്നും തുറന്നു പറഞ്ഞു.

ഐപിഎൽ 2022ൽ താൻ സമ്പാദിക്കുന്ന തുക കൊണ്ട് മാതാപിതാക്കൾക്കായി ഒരു വീട് വാങ്ങാൻ തിലക് ആഗ്രഹിക്കുന്നു. “ഐ‌പി‌എൽ ലേലം നടക്കുന്ന ദിവസം ഞാൻ എന്റെ പരിശീലകനുമായി വീഡിയോ കോളിലായിരുന്നു. ലേലങ്ങൾ ഉയർന്നു കൊണ്ടിരുന്നപ്പോൾ എന്റെ കോച്ച് സന്തോഷം കൊണ്ട് അലറി. ശേഷം ഞാൻ എന്റെ മാതാപിതാക്കളെ വിളിച്ചു. എന്റെ സന്തോഷം കേട്ട് അവരും കരയാൻ തുടങ്ങി. എന്റെ അമ്മ വാക്കുകൾ പുറത്തെടുക്കാൻ പാടുപെടുകയായിരുന്നു,” തിലക് Cricbuzz-നോട് പറഞ്ഞു.

“ഞങ്ങൾക്ക് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അച്ഛന്റെ തുച്ഛമായ ശമ്പളത്തിൽ എന്റെ ക്രിക്കറ്റ് ചിലവുകളും ജ്യേഷ്ഠന്റെ പഠനവും നോക്കേണ്ടതായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചില സ്‌പോൺസർഷിപ്പുകളും മാച്ച് ഫീസും ഉപയോഗിച്ച്, എനിക്ക് എന്റെ ക്രിക്കറ്റ് ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഇതുവരെ സ്വന്തമായി ഒരു വീടില്ല. അതുകൊണ്ട് ഈ ഐപിഎല്ലിൽ ഞാൻ സമ്പാദിച്ചതെന്തും കൊണ്ട് എന്റെ മാതാപിതാക്കൾക്ക് ഒരു വീട് നേടുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.