❝യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ മികവ് തെളിയിച്ച താരങ്ങൾ ❞

യുവേഫ യൂറോ 2020 ന്റെ ഗ്രൂപ്പ് ഘട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇതിനകം തന്നെ ലോകോത്തര നിലവാരമുള്ള മികച്ച പല പ്രകടനങ്ങളും നമുക്ക് ആസ്വദിക്കാനായി.നോക്കൗട്ട് ഘട്ടങ്ങൾ ജൂൺ 26 ന് ആരംഭിക്കും.യൂറോ 2020 ലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നുള്ള മികച്ച അഞ്ച് കളിക്കാർ ആരാണെന്നു പരിശോധിക്കാം .

5 .ജോർജീനിയോ വൈനാൾഡാം – നെതർലാൻഡ്

ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എല്ലാവരെയും ആകർഷിച്ച താരമാണ് വിർജിൽ വാൻ ഡിജിക്കിന്റെ അഭാവത്തിൽ ഹോളണ്ട് ടീമിനെ നയിക്കാനെത്തിയ മുൻ ലിവർപൂൾ താരം ജോർജീനിയോ വൈനാൾഡാം.ഗ്രൂപ്പ് ഘട്ടങ്ങളിൽ മൂന്നു മത്സരങ്ങളിലും ജയിച്ച നെതർലൻഡിന് വേണ്ടി ഇതിനകം മൂന്ന് ഗോളുകൾ നേടാൻ വൈനാൾഡത്തിനായി.ആദ്യ റൗണ്ടിലെ നെതർലൻഡിന്റെ വിജയത്തിന് പിന്നിലെ ഒരു പ്രധാന കാരണമായിരുന്നു മിഡ്ഫീൽഡിൽ വൈനാൾഡത്തിന്റെ ഫോം. പ്രീ ക്വാർട്ടറിൽ ചെക്കിനെ നേരിടാനൊരുങ്ങുന്ന ഹോളണ്ടിന്റെ എല്ലാ പ്രതീക്ഷകളും ക്യാപ്റ്റനിലാണ്.

4 .മെംഫിസ് ഡെപ്പേ – നെതർലാന്റ്സ്

ക്യാപ്റ്റൻ വൈനാൾഡത്തിനൊപ്പം ഹോളണ്ടിന്റെ മുന്നേറ്റത്തിൽ സംഭാവന ചെയ്ത താരമാണ് മെംഫിസ് ഡെപ്പേ. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ഗോളുകൾ നേടുകയും രണ്ടു അസ്സിസ്റ് നേടുകയും ചെയ്തു.കഴിഞ്ഞ രണ്ട് സീസണുകളിൽ ലിയോണിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തെ ബാഴ്സലോണ സ്വന്തമാക്കുകയും ചെയ്തു. ഡച്ച് മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായ ഡെപെയ് ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.യൂറോ 2020 ലെ അവസാന എട്ടിലേക്ക് മുന്നേറാമെന്ന ലെ ഒറഞ്ചെയുടെ പ്രതീക്ഷകൾക്ക് ഡെപ്പേ നിർണായകമാകും.


3 .റോബിൻ ഗോസെൻസ് – ജർമ്മനി

യൂറോ 2020 ലെ ഗ്രൂപ്പ് ഘട്ടങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ഏറ്റവും കൂടുയത്താൽ ചർച്ച ചെയ്യപ്പെട്ട താരമാണ് റോബിൻ ഗോസെൻസ്.ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടാൻ അറ്റ്ലാന്റ താരത്തിനായി. ലെഫ്റ്റ് വിങ് സ്ഥാനത്ത് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച താരമായ ജർമൻ താരത്തിന്റെ തികഞ്ഞ ക്രോസുകളുമാണ് ഏറ്റവും വലിയ കരുത്ത്. പോർചുഗലിനെതിരെയുള്ള നിർണായക മത്സരത്തിലാണ് ഗോസെന്റിന്റെ മികവ് കണ്ടത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരം കൂടിയാണ് 26 കാരൻ.

2 .പോൾ പോഗ്ബ – ഫ്രാൻസ്

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അത്ര മികച്ച പ്രകടനമല്ല പോഗ്ബയുടെ ഭാഗത്തു നിന്നും ഉണ്ടായതെങ്കിലും ഫ്രഞ്ച് ജേഴ്സിയിൽ എന്നും അദ്ദേഹം തിളങ്ങി നിന്നിരുന്നു. ഫ്രാൻസിൽ ഒരു ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡർ പൊസിഷനിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിയ്ക്കാൻ പോഗ്ബക്കാവുന്നുണ്ട്. മിഡ്ഫീൽഡിൽ എൻ‌ഗോലോ കാന്റെ പോഗ്ബ കൂട്ട്കെട്ട് ഫ്രാൻസിന്റെ വിജയങ്ങളിൽ നിർണായകമാവുകയും ചെയ്തു. കഴിഞ്ഞ തവണ നഷ്ടപെടാ കിരീടം ഈ വര്ഷം നേടുക എന്ന ലക്ഷ്യത്തോടെയാണ് പോഗ്ബയും ഫ്രാൻസും പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ നേരിടാനൊരുങ്ങുന്നത്.

1 .ക്രിസ്റ്റ്യാനോ റൊണാൾഡോ – പോർച്ചുഗൽ

യൂറോ 2020 ൽ ഏറ്റവും മികച്ച ഫോമിലുള്ള താരമാണ് റൊണാൾഡോ. ഗോൾഡൻ ബൂട്ടിനായുള്ള മൽസരത്തിൽ ഏറ്റവും മുന്നിലുള്ള പോർച്ചുഗീസ് താരം മൂന്ന് ഗ്രൂപ്പ് ഗെയിമുകളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ നിന്നും നിരവധി റെക്കോർഡുകളും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. മരണ ഗ്രൂപ്പിൽ നിന്നും പോർച്ചുഗലിന്റെ പ്രീ ക്വാർട്ടറിൽ എത്തിക്കുന്നതിൽ റൊണാൾഡോയുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. അവസാന പതിനാറിൽ ബെൽജിയത്തെയാണ് പോർച്ചുഗലിന് നേരിടേണ്ടത്.