“ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണം നൽകാൻ കഴിയുമോ?” ; ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്
സൗഹൃദ ദിനമായ ഇന്നലെ ടോക്കിയോ ഒളിംപിക്സ് വേദിയിൽ ലോകത്തെ വിസ്മയിപ്പിച്ച് ഒരു അപൂർവ്വ സൗഹൃദനിമിഷം അരങ്ങേറി. ഹൈജംപിൽ മെഡൽ ജേതാക്കളെ കണ്ടെത്താനുള്ള അവസാന പോരാട്ടമാണ് നടന്നുകൊണ്ടിരുന്നത്. ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും ഖത്തറിന്റെ ബർഷിമും തമ്മിലാണ് മത്സരം. ഇരുവരും 2.37 മീറ്റർ ദൂരം പിന്നിട്ടു. 2.39 ചാടിക്കടക്കാൻ മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടുപേരും ലക്ഷ്യത്തിലെത്തിയില്ല.
ടൈ ഒഴിവാക്കാൻ ‘ജംപ് ഓഫ് നോക്കുകയല്ലേ?’ എന്ന് റഫറിയുടെ ചോദ്യം. കാലിൽ പരിക്കുമായി വേദനയിൽ പുളയുകയായിരുന്നു ഈ സമയം ഇറ്റാലിയൻ താരം. ‘ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണം നൽകാൻ കഴിയുമോ?’ ബർഷിമിന്റെ ആ ചോദ്യത്തിന് സമ്മതം മൂളുകയായിരുന്നു റഫറി. അങ്ങനെ ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വർണ്ണം ബർഷിമും ടാംബേരിയും പങ്കിട്ടു.
Wow…! The extraordinary, emotional moment Qatar’s Mutaz Essa Barshim and Italy’s Gianmarco Tamberi agree to share the high jump gold medal #Tokyo2020 #OlympicGames pic.twitter.com/8EsYRWxosf
— Shayne Currie (@ShayneCurrieNZH) August 1, 2021
ഒരു ചാട്ടംപോലും പിഴക്കാതെയാണ് മുപ്പതുകാരനായ ബർഷിമും 29കാരനായ ടാംബേരിയും 2.37വരെ ചാടിയത്. ടാംബേരി പരിക്കിന്റെ പിടിയിലായി എന്ന് തോന്നിയ സമയത്താണ് ‘നമ്മുക്ക് സ്വർണ്ണം പങ്കിട്ടാലോ’ എന്ന് ഖത്തർ താരം ചോദിച്ചത്.
ഇതോടെ 100 മീറ്ററിന് പിന്നാലെ ഇറ്റലി ട്രാക്ക് ആൻറ് ഫീൽഡിൽ നേടുന്ന രണ്ടാമത്തെ സ്വർണ്ണമായി ജിയാൻമാർക്കോ ടെമ്പെരിയുടെത്. ബർഷിമിലൂടെ ഖത്തർ ഒളിംപിക്സ് ട്രാക്ക് ആൻറ് ഫീൽഡ് ഇനത്തിൽ നേടുന്ന ആദ്യത്തെ ഒളിംപിക്സ് സ്വർണ്ണമാണ് ഇത്. 2012 ലണ്ടൻ ഒളിംപിക്സിൽ വെങ്കലവും 2016 റിയോയിൽ വെള്ളിയും 2020 ടോക്കിയോയിൽ സ്വർണവും കരസ്ഥമാക്കിയ ബർഷിമിന് മൂന്നു ഒളിംപിക്സുകളിൽ മെഡൽ നേടുന്ന താരമെന്ന നേട്ടം സ്വന്തം.