❝ 🔵🤦‍♂️ പാരീസിന്റെ ചാമ്പ്യൻസ് ലീഗ്
സ്വപ്നം 🏆🌪 എയറിൽ 💪🔵 സിറ്റിയുടെ
മാരക തിരിച്ചു വരവ് ❞

യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം സെമി ഫൈനലിൽ പിഎസ്ജി ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. പാരിസിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോൾ നേടിയായിരുന്നു സിറ്റിയുടെ ജയം. ഗൾഫ് യുദ്ധം എന്ന് വിശേഷിപ്പ പോരാട്ടത്തിൽ ആദ്യ പകുതിയിൽ പിഎസ്ജി മികച്ചു നിന്നെങ്കിലും രണ്ടാംപകുതിയിൽ ഡി ബ്രൂയിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സിറ്റി വിജയം പിടിച്ചെടുക്കുകയായിരുന്നു.ഇദ്രിസ ഗ്യൂയിക്ക് ചുവപ്പു കാർഡ് ലഭിച്ചതോടെ അവസാന പത്തു മിനുട്ട് പത്തു പെരുമായാണ് പിഎസ്ജി കളിച്ചത്. രണ്ടാംപകുതിയിൽ സിറ്റി ആധിപത്യം പുലർത്തിയപ്പോൾ സൂപ്പർ താരങ്ങളായ നെയ്മറിനും എംബാപ്പക്കും പിഎസ്ജിക്കായി കാര്യമായി ഒന്നും ചെയ്യനായില്ല.


ആദ്യ പകുതിയിൽ കരുതലോടെയാണ് ഇരു ടീമുകളും കളിച്ചത്. ആദ്യ പത്തു മിനുട്ടിൽ തന്നെ നെയ്മർ സിറ്റി പ്രതിരോധത്തെ പരീക്ഷിച്ചു. 13 ആം മിനുട്ടിൽ സൂപ്പർ താരം നെയ്മർക്ക് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചു. കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് പ്രതിരോധക്കാരെ മറികടന്നു ഷോട്ട് അടിച്ചെങ്കിലും ഗോൾ കീപ്പർ എഡേഴ്സൻ രക്ഷകനായി എത്തി. പിന്നീട് തുടരെ ആക്രമണം അഴിച്ചു വിട്ട പിഎസ്ജി ക്ക് 15 ആം മിനുട്ടിൽ അതിന്റെ ഫലവും ലഭിച്ചു. എയ്ഞ്ചൽ ഡി മരിയ എടുത്ത മികച്ചൊരു കോർണർ കിക്കിൽ നിന്നും ഉയർന്നു ചാടി മാർക്വിൻ‌ഹോസ് തൊടുത്ത ഹെഡ്ഡർ ഗോൾകീപ്പർ മറികടന്നു വലയിലായി.

21 ആം മിനുട്ടിൽ സിറ്റിക്ക് സമനില നേടാൻ അവസരം ലഭിച്ചു. മൈതാന മധ്യത്തു നിന്നും ലഭിച്ച ലോങ്ങ് ബോൾ ബെർണാഡോ സിൽവ മോനോഹരമായി കണക്ട് ചെയ്ത് ടൈറ്റ് ആംഗിളിൽ നിന്നും ഗോളിലേക്ക് അടിച്ചെങ്കിലും നവാസിനെ മറികടക്കാനായില്ല.28 ആം മിനുട്ടിൽ നെയ്മറുടെ കോർണർ കിക്കിൽ നിന്നും ലിയാൻ‌ഡ്രോ പരേഡെസിന്റെ ഹെഡ്ഡർ ഇഞ്ചുകൾക്കാണ് പുറത്തു പോയത്. 42 ആം മിനുട്ടിൽ ഫിൽ ഫോഡന് സമനില നേടാൻ തുറന്ന അവസരം ലഭിച്ചു, എന്നാൽ ഇംഗ്ലീഷ് താരത്തിന്റെ ഷോട്ട് കീപ്പർ കെയ്‌ലർ നവാസ് സമർത്ഥമായി തടുത്തിട്ടു.


സിറ്റി ആക്രമണങ്ങളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. സമനില ഗോളിനായി സിറ്റി കൂടുതൽ ആക്രമിച്ചു കളിച്ചപ്പോൾ പിഎസ്ജി പതിയെ പ്രതിരോധത്തിലേക്ക് നീങ്ങി. 60 ആം മിനുട്ടിൽ സിറ്റി ക്യാപ്റ്റൻ കെവിൻ ഡി ബ്രൂയിൻ ബോക്സിനുള്ളിൽ നിന്നുള്ള അക്രോബാറ്റിക് ഷോട്ട് ബാറിന് മുകളിലൂടെ പോയി. സിറ്റിയുടെ സമ്മർദ്ദ തന്ത്രത്തിന് 64 ആം മിനുട്ടിൽ ഫലം കണ്ടു കെവിൻ ഡി ബ്രൂയിൻ ബോക്സിനു പുറത്തു നിന്നും ബോക്സിലേക്ക് കൊടുത്ത പന്ത് പ്രതിരോധ താരങ്ങളെയും കീപ്പർ നവാസിനെയും കാഴ്ചക്കാരനാക്കി വലയിൽ കയറി. നിർണായകമായ എവേ ഗോളോടെ മത്സരം സമനിലയിലേക്കായി.

രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തിയ സിറ്റി സമനില ഗോൾ കൂടി നേടിയതോടെ കൂടുതൽ പ്രതിരോധത്തിലായ പാരിസിനെതിരെ കൂടുതൽ ഉണർന്നു കളിച്ചു. 70 ആം മിനുട്ടിൽ സിറ്റി മുന്നിലെത്തി , റിയാദ് മഹ്രെസ് എടുത്ത ഫ്രീകിക്ക് പിഎസ്ജി താരങ്ങൾ ഉയർത്തിയ വാളിന് ഇടയിലൂടെ നവാസിന് ഒരു പഴുതും നൽകാതെ വലയിലായി സ്കോർ 1 -2 ആയി ഉയർത്തി. 75 ആം മിനുട്ടിൽ പെനാൽറ്റി സ്‌പോട്ടിനടുത്ത് നിന്നുലുള്ള ഫിൽ ഫോഡന്റെ ഹെഡ്ഡർ നേരെ നവാസിന്റെ കൈകളിലേക്കായിരുന്നു. 78 ആം മിനുട്ടിൽ പിഎസ്ജി ക്ക് തിരിച്ചടിയായി ഇദ്രിസ ഗ്യൂയിക്ക് ചുവപ്പു കാർഡ് ലഭിച്ചു.ഇൽകെ ഗുണ്ടോഗനെതിരെയുള്ള ഫൗളിന് സെനഗലീസ് താരത്തിന് നേരിട്ട് ചുവപ്പു കാർഡ് ലഭിക്കുകയായിരുന്നു.

80 ആം മിനുട്ടിൽ ആദ്യ പകുതിയിൽ മികച്ചു നിന്ന ഏഞ്ചൽ ഡി മരിയയ്ക്ക് പകരക്കാരനായി ഡാനിലോ ഇറങ്ങി. രണ്ടാം പകുതിയിൽ സിറ്റി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച മഹ്രസ് പിഎസ്ജി പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. 87 ആം മിനുട്ടിൽ സിറ്റിക്ക് മൂന്നാം ഗോൾ നേടാൻ അവസരം ലഭിച്ചു . ഫിൽ ഫോഡന്റെ സോളോ റണ്ണിൽ നിന്നുള്ള ഷോട്ട് നേരെ കീപ്പർ നവാസിനെ കൈകളിലേക്കായിരുന്നു. അവസാന മിനിറ്റുകളിൽ സമനിലക്കായി പാരീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം മറികടക്കാനായില്ല. ഹോം മത്സരത്തിൽ ഏറ്റ തോൽവി പാരീസിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.