“ഹംഗറിക്കെതിരെ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തോൽവി : ഇറ്റലിക്കെതിരെ സമനില പിടിച്ച് ജർമ്മനി”|UEFA Nations League

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ഇറ്റലി ജർമനിയെ സമനിലയിൽ പിടിച്ചു.ഇറ്റലിയിലെ ബൊളോണ്യയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി. 70 ആം മിനിറ്റിൽ എ എസ് റോമയുടെ ക്യാപ്റ്റൻ ലോറൻസോ പെലഗ്രീനിയുടെ ഗോളിൽ അസൂറികളാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന 18കാരൻ ഗ്നോന്റോയുടെ മനോഹരമായ ക്രോസിൽ നിന്നായിരുന്നു ഗോൾ.

എന്നാൽ, കേവലം 3 മിനിറ്റിനുള്ളിൽ ജർമ്മനി തിരിച്ചടിച്ചു. ജോഷ്വാ കിമ്മിച്ചാണ് ജർമ്മനിയുടെ സമനില ഗോൾ നേടിയത്.അർജന്റീനക്കെതിരെ ഫൈനലിസിമയിൽ ഇറങ്ങിയ ടീമിൽ നിന്ന് 10 മാറ്റങ്ങളുമായാണ് തോമസ്‌ മുള്ളർ അടക്കമുള്ള പരിചയ സമ്പന്നർ അടങ്ങിയ ജർമ്മനിയെ ഇറ്റലി നേരിട്ടത്. തുടർന്ന് ജയം നേടാനുള്ള ഇരു ടീമുകളുടെയും ശ്രമങ്ങൾ ന്യൂയറും, ഡോണരുമയും തടയുക ആയിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഹംഗറിക്ക് പിറകിൽ രണ്ടാമത് ആണ് ഇറ്റലിയും ജർമ്മനിയും.നേഷൻസ്‌ ലീഗിലെ അടുത്ത മത്സരങ്ങളിൽ ഇറ്റലി ഹംഗറിയെയും ജർമ്മനി ഇംഗ്ലണ്ടിനെയും നേരിടും.

മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടിനെ ഹംഗറി എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.പുസ്ലാർ അരീന പാർക്കിൽ നടന്ന മത്സരത്തിൽ 66 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആർ ബി ലെയ്പ്സിഗ് താരം സോബസ്ലായിയാണ് ഹംഗറിക്ക് വിജയം സമ്മാനിച്ച ഗോൾ നേടിയത്. 1962ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഹംഗറിയോട് തോൽക്കുന്നത്. തന്റെ 50-ാം രാജ്യാന്തര ഗോളിനായി ശ്രമിച്ച ഹാരി കെയ്‌നിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

മറ്റൊരു മത്സരത്തിൽ തുർക്കി ഫാറോ ഐലണ്ടിനെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.സെൻഗിസ് അണ്ടർ (37′)ഹലീൽ ഡെർവിസോഗ്ലു (47′)സെർദാർ ദുർസുൻ (82′)മെറിഹ് ഡെമിറൽ (85′) എന്നിവരാണ് തുർക്കിയുടെ ഗോളുകൾ നേടിയത്.