❝പോളണ്ടിനെ ഗോൾ മഴയിൽ മുക്കി ബെൽജിയം ; ഇഞ്ചുറി ടൈം ഗോളിൽ വെയ്ൽസിനെ കീഴടക്കി ഹോളണ്ട്❞ 

യുവേഫ നേഷൻസ് ലീഗിൽ തകർപ്പൻ ജയം നേടി ബെൽജിയം. ഇന്നലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ലെവെൻഡോസ്‌കിയുടെ പോളണ്ടിനെ ഒന്നിനെതിരെ 6 ഗോളുകൾക്ക് ബെൽജിയം കീഴടക്കി.പകരക്കാരനായ ലിയാൻഡ്രോ ട്രോസാർഡിന്റെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ബെൽജിയത്തിന്റെ വിജയം.

ആദ്യ മത്സരത്തിൽ ഹോളണ്ടിനോടേറ്റ പരാജയത്തിൽ നിന്നുള്ള വലിയ തിരിച്ചു വരവും കൂടിയായിത്.മത്സരത്തിൽ 28 മത്തെ മിനിറ്റിൽ സെബാസ്റ്റ്യൻ സെയ്നിസാകിയുടെ പാസിൽ റോബർട്ട് ലെവണ്ടോൻസ്കിയുടെ ഗോളിൽ പോളണ്ട് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ആദ്യ പകുതിക്ക് മുമ്പ് എന്നാൽ 42 മത്തെ മിനിറ്റിൽ അലക്‌സ് വിറ്റ്സലിലൂടെ ബെൽജിയം മത്സരത്തിൽ ഒപ്പം എത്തി. രണ്ടാം പകുതിയിൽ ബെൽജിയം സമഗ്ര ആധിപത്യം ആണ് കാണാൻ ആയത്. 59 മത്തെ മിനിറ്റിൽ ഏദൻ ഹസാർഡിന്റെ പാസിൽ നിന്നു കെവിൻ ഡിബ്രുയിന ബെൽജിയത്തെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

73 മത്തെ മിനിറ്റിൽ മിച്ചി ബാത്ഷ്യായുടെ പാസിൽ നിന്നാണ് ട്രോസാർഡ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 80 മത്തെ മിനിറ്റിൽ യാനിക് കരാസ്‌കോയുടെ കോർണറിൽ നിന്നു അതുഗ്രൻ അടിയിലൂടെ ട്രോസാർഡ് രണ്ടാം ഗോളും നേടി. മൂന്നു മിനിറ്റിനുള്ളിൽ ബെൽജിയം അഞ്ചാം ഗോളും നേടി. യൂരി ടിലിമൻസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ ലിയാണ്ടർ ഡെൻന്റോക്കർ ആണ് അവരുടെ അഞ്ചാം ഗോൾ നേടിയത്. 93 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലോയിസ് ഒപെന്റ ആണ് ബെൽജിയം ജയം പൂർത്തിയാക്കിയത്. റയൽ മാഡ്രിഡിലെ പരുക്കും മോശം ഫോമും മൂലം തകർന്ന ഒരു സീസണിന് ശേഷം ഹസാദിന്റെ മികച്ച പ്രകടനം കണ്ട മത്സരമായിരുന്നു ഇത്.

നേഷൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ നെതർലാൻഡ്സ് വെയ്ൽസിനെ 2-1 ന് പരാജയപ്പെടുത്തി. ഇതോടെ വെയ്ൽസിന്റെ 19 മത്സരങ്ങളിലെ അപരാജിത ഹോം റെക്കോർഡ് അവസാനിക്കുകയും ചെയ്തു.ഞായറാഴ്ച നടന്ന പ്ലേ ഓഫ് ഫൈനലിൽ യുക്രെയ്‌നെ 1-0 ന് തോൽപ്പിച്ചതിന് ശേഷം 64 വർഷത്തിന് ശേഷം അവരുടെ ആദ്യ ലോകകപ്പ് മത്സരത്തിനായി വെയിൽസ് നവംബറിൽ ഖത്തറിലേക്ക് പോകും.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ഹോളണ്ട് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്.

ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ കോണർ റോബർട്ട്സന്റെ ഉഗ്രൻ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ റൈസ് നോറിങ്റ്റൻ ഡേവിസ് ആതിഥേയർക്ക് സമനില ഗോൾ സമ്മാനിച്ചു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബേൺലി സ്‌ട്രൈക്കർ വെഗോർസ്റ്റ് നെതർലൻഡ്‌സിന് വിജയം നേടിക്കൊടുത്തു.2018 നവംബറിന് ശേഷം ആദ്യമായി വെയ്ൽസ് സ്വന്തം ആരാധകർക്ക് മുന്നിൽ തോൽവി ഏറ്റുവാങ്ങി.