“പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി ; ചെക്കിനെ കീഴടക്കി സ്‌പെയിൻ ; ഹാലണ്ടിന്റെ ഗോളടി മികവിൽ സ്വീഡനെ മറികടന്ന് നോർവേ”|UEFA Nations League

യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് തോൽവി.ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കളിക്കാനിറങ്ങിയ പോർച്ചു​ഗലിനെ എതിരില്ലാത്ത ഒരു ​ഗോളിനാണ് സ്വിസ് പട വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ഹാരിസ് സെഫറോവിച്ചാണ് സ്വിറ്റ്സർലൻഡിനായി വിജയ​ഗോൾ നേടിയത്.ഈ വർഷത്തെ നേഷൻസ് ലീഗിൽ സ്വിറ്റ്‌സർലൻഡ് നെടുങ്കൻ ആദ്യ ജയമാണിത്.

ഉദ്ഘാടന 2018-19 നേഷൻസ് ലീഗ് ജേതാക്കളായ പോർച്ചുഗൽ 18-ാം മിനിറ്റിൽ ഫോർവേഡ് റാഫേൽ ലിയോയിലൂടെ സമനില പാലിച്ചെങ്കിലും ഓഫ്സൈഡ് വിളി വന്നു.ഹാഫ്‌ടൈമിന് ശേഷം പോർച്ചുഗലിന്റെ ശ്രമങ്ങൾ ശക്തമായി, എന്നാൽ 63-ാം മിനിറ്റിൽ ബോക്‌സിന്റെ അരികിൽ നിന്ന് ബെർണാഡോ സിൽവയുടെ ശക്തമായ സ്‌ട്രൈക്കും 78-ാം മിനിറ്റിൽ ഡിയോഗോ ജോട്ടയുടെ മികച്ച ഹെഡറും സ്‌കോർ ഷീറ്റിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല.സ്വിറ്റ്സർലൻഡ് 2022 ൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അവരുടെ ആദ്യ വിജയം സ്വന്തമാക്കി.

യുവേഫ നേഷൻസ് ലീ​ഗിൽ സ്പെയിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് സ്പാനിഷ് പട തോൽപ്പിച്ചത്.കാർലോസ് സോളാർ, പാബ്ലോ സാരാബിയ എന്നിവരാണ് സ്പെനിയിന് വേണ്ടി ​ഗോൾവല കുലുക്കിയത്. 24-ാം മിനിറ്റിൽ മാൻ ഓഫ് ദ മാച്ച് മാർക്കോ അസെൻസിയോയുടെ ഉജ്ജ്വലമായ പാസിനെ പിന്തുടർന്ന് സോളർ ക്ലോസ് റേഞ്ചിൽ നിന്ന് ചെക്ക് വല ചലിപ്പിച്ചു.75-ാം മിനിറ്റിൽ ബാഴ്‌സലോണയുടെ 17 കാരനായ മിഡ്ഫീൽഡർ ഗവി ആരംഭിച്ച പ്രത്യാക്രമണം അവസാനിപ്പിച്ച് പകരക്കാരനായ സരാബിയ സ്പെയിനിന്റെ ലീഡ് ഉയർത്തി.ഏഴ് പോയിന്റുള്ള പോർച്ചുഗലിനെ പിന്തള്ളി നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഗ്രൂപ്പ് എ2 സ്റ്റാൻഡിംഗിൽ സ്‌പെയിൻ ഒന്നാമതാണ്. മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക്കിന് നാല് പോയിന്റുണ്ട്, ഈ വർഷത്തെ മത്സരത്തിൽ തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്തിയ സ്വിറ്റ്സർലൻഡ് അവസാന സ്ഥാനത്താണ്.

ഉല്ലെവൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് ബി 4 പോരാട്ടത്തിൽ നോർവേ അയൽക്കാരായ സ്വീഡനെ 3-2 ന് പരാജയപ്പെടുത്തി. നോർവേക്ക് വേണ്ടി ഏർലിങ് ഹാലാൻഡ് രണ്ടു ഗോളുകൾ നേടി.10-ാം മിനിറ്റിൽ ഫ്രെഡ്രിക്ക് ബ്യോർക്കന്റെ ചിപ്പ് പാസിൽ നിന്നും ഹാലാൻഡ് ആദ്യ ഗോൾ നേടി. 54 ആം മിനുട്ടിൽ കീപ്പർ റോബിൻ ഓൾസെൻ അലക്സാണ്ടർ സോർലോത്തിനെ ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ഹലാൻഡ് ലീഡുയർത്തി.

62 ആം മിനുട്ടിൽ എമിൽ ഫോർസ്‌ബെർഗ് സ്വീഡന് വേണ്ടി ഒരു ഗോൾ മടക്കി.77-ാം മിനിറ്റിൽ ഹാലാൻഡിന്റെ പാസിൽ നിന്നും സോർലോത്തിന്റെ ഗോൾ നോർവെയുടെ വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിൽ വിക്ടർ ഗ്യോകെറസ് സ്വീഡന് വേണ്ടി ഒരു ഗോൾ കൂടി മടക്കി സ്കോർ 2 -3 ആക്കി കുറച്ചു. മറ്റു മത്സരങ്ങളിൽ ഗ്രീസ് എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് കൊസോവോയേയും പരാജയപ്പെടുത്തി. അതേസമയം സെർബിയ സ്ലോവേനിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി.