യുവേഫയുടെ സീസണിലെ മികച്ച താരം ഈ മൂന്നു പേരിൽ നിന്ന്

ഫുട്ബോൾ ലോകത്തെ പല പുരസ്കാരങ്ങളും കൊറോണ കാരണം ഉപേക്ഷിച്ചെങ്കിലും യുവേഫ അവരുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഇത്തവണയും നൽകും. യുവേഫ അവാർഡുകളുടെ അവസാന മൂന്ന് പേരുടെ ഷോർട്ട്ലിസ്റ്റ് യുവേഫ ഇന്ന് പ്രഖ്യാപിച്ചു. മികച്ച പുരുഷ താരം, മികച്ച വനിതാ താരം, മികച്ച പുരുഷ ടീം പരിശീകൻ, മികച്ച വനിതാ ടീം പരിശീലകൻ എന്നി പുരസ്കാരങ്ങളാണ് യുവേഫ നൽകുന്നത്. ഇതാദ്യമായാണ് പരിശീലകർക്ക് പുരസ്കാരം യുവേഫ നൽകുന്നത്.


യുവേഫ പുരുഷ പ്ലെയർ ഓഫ് ദ ഇയർ അവാർഡിനായി കെവിൻ ഡി ബ്രൂയിൻ, റോബർട്ട് ലെവാൻഡോവ്സ്കി, മാനുവൽ ന്യൂയർ എന്നിവരെ ഹ്രസ്വ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണ സമിതി ബുധനാഴ്ച അറിയിച്ചു.പുരുഷ താരങ്ങളിൽ അവസാന മൂന്ന് പേരിൽ രണ്ട് പേർ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേണിൽ നിന്നാണ്.ലെവാൻഡോവ്സ്കി ബയേൺ മ്യൂണിക്കിനെ അവരുടെ ആറാമത്തെ ചാമ്പ്യൻസ് ലീഗിലേക്ക് നയിക്കുകയും 15 ഗോളുകളുമായി ടോപ് സ്കോറർ ആയി . ബയേണിന് വേണ്ടി പോളിഷ് സ്‌ട്രൈക്കർ 47 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ നേടി.

മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഡി ബ്രൂയിൻ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ റെക്കോർഡ് 20 അസിസ്റ്റുകൾ നൽകി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ബയേൺ ഗോൾകീപ്പർ മാനുവൽ നൂയർ ബയേണിന്റെ ട്രെബിൾ നേടിയ ടീമിൽ ഭാഗമായി, ചാമ്പ്യൻസ് ലീഗിൽ ആറ് ക്ലീൻ ഷീറ്റുകൾ നേടി .കഴഞ്ഞ സീസണിൽ ഒരു മത്സരം മാത്രമാണ് നൂയർക്ക് നഷ്ടപെട്ടത്. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിലും ,ചാമ്പ്യൻസ് ലീഗിലും ഗോളുകൾ അടിച്ചു കൂട്ടിയ ലെവൻഡോവാസ്‌കിക്ക് തന്നയാണ് സാധ്യത കൂടുതൽ.