“എന്റെ പ്ലാനുകൾ നടപ്പിലാക്കുക എന്നതായിരുന്നു പ്ലാൻ” ; മത്സരശേഷം ഉമ്രാൻ മാലിക് പറഞ്ഞതിങ്ങനെ 

മത്സരശേഷം പരാജയപ്പെട്ട ടീമംഗത്തിന് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകുന്നത് ഒരു അസാധാരണ കാഴ്ച്ചയാണ്. എന്നാൽ, അങ്ങനെ ഒരു നിമിഷത്തിനാണ് ഇന്നലെ (ഏപ്രിൽ 27) നടന്ന ഗുജറാത്ത്‌ ടൈറ്റൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരശേഷം ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ, സൺറൈസേഴ്സിനെ 5 വിക്കറ്റിന് ഗുജറാത്ത്‌ ടൈറ്റൻസ് പരാജയപ്പെടുത്തുകയായിരുന്നു.

എന്നാൽ, മത്സരശേഷം നടന്ന അവാർഡ്ധാന ചടങ്ങിൽ, സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി അത്യുഗ്രൻ പ്രകടനം പുറത്തെടുത്ത ജമ്മു കശ്മീർ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ തേടിയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം എത്തിയത്. മത്സരത്തിൽ, 4 ഓവറിൽ 25 റൺസ് വഴങ്ങി 5 വിക്കറ്റ് നേട്ടമാണ് ഉമ്രാൻ മാലിക് സ്വന്തമാക്കിയത്. പുരസ്‌കാരം ലഭിച്ച ശേഷം ഉമ്രാൻ മാലിക് നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്.

താൻ എപ്പോഴും വേഗത്തിൽ പന്തെറിയുന്നുണ്ടെങ്കിലും മികച്ച ലൈനും ലെങ്തും പാലിക്കാൻ ശ്രമിക്കാറുണ്ട് എന്നാണ് മാലിക് പറയുന്നത്. “ഞാൻ എപ്പോഴും വേഗത്തിൽ പന്തെറിയുന്നു, പക്ഷേ മികച്ച ലൈനും ലെങ്തും പാലിച്ച് ബൗൾ ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. എന്റെ പ്ലാനുകൾ നടപ്പിലാക്കുക എന്നതായിരുന്നു പ്ലാൻ. സ്റ്റമ്പുകളെ ആക്രമിക്കുക എന്നതായിരുന്നു ആശയം, അത് എനിക്ക് നന്നായി പ്രവർത്തിപ്പിക്കാൻ സാധിച്ചു. 155 (കിലോമീറ്റർ), അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം, പക്ഷേ പ്രധാന ലക്ഷ്യം നന്നായി പന്തെറിയുകയും എന്റെ ടീമിനായി വിക്കറ്റ് നേടുകയും ചെയ്യുക എന്നതാണ്,” ഉമ്രാൻ മാലിക് പറഞ്ഞു.

മത്സരത്തിൽ, വ്രിദ്ധിമാൻ സാഹ (68), ശുഭ്മാൻ ഗിൽ (22), ഹാർദിക് പാണ്ഡ്യ (10), ഡേവിഡ് മില്ലർ (17), അഭിനവ് മനോഹർ (0) എന്നിവരുടെ വിക്കറ്റുകളാണ് ഉമ്രാൻ മാലിക് വീഴ്ത്തിയത്. സൺറൈസേഴ്സ് നിരയിൽ ഉമ്രാൻ മാലിക്കിന് മാത്രമേ വിക്കറ്റുകൾ നേടാനായുള്ളു എന്നതും ശ്രദ്ധേയമാണ്.