വീണ്ടും വീണ്ടും വെടിയുതിർത്ത് ഉമ്രാൻ മാലിക് ; പിറന്നത് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ബോൾ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ, തന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് രണ്ട് തവണ തിരുത്തി സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്. വേഗമേറിയ ബോളുകൾ കൊണ്ട് പേരുകേട്ട കശ്മീർ താരം, തന്റെ പേരിലുണ്ടായിരുന്ന ഐപിഎൽ 2022-ലെ ഏറ്റവും വേഗമേറിയ ബോൾ എന്ന റെക്കോർഡ് ആണ് ഉമ്രാൻ മാലിക് വീണ്ടും തിരുത്തിയത്.

നേരത്തെ, ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 154 കിമി വേഗതയിൽ ഉമ്രാൻ മാലിക് എറിഞ്ഞ ബോൾ ആയിരുന്നു, ഐപിഎൽ 2022-ലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ബോൾ. എന്നാൽ, ഇപ്പോൾ നടക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 154.8 കിമി വേഗതയിൽ ബോൾ എറിഞ്ഞ്, ഇന്നിംഗ്സിന്റെ 12-ാം ഓവറിൽ ഉമ്രാൻ മാലിക് ആ റെക്കോർഡ് തിരുത്തി.

ശേഷം, മത്സരത്തിന്റെ അവസാന ഓവറിൽ ഉമ്രാൻ മാലിക് നേരത്തെ തിരുത്തിയ റെക്കോർഡ് വീണ്ടും തിരുത്തിക്കുറിച്ചു. റോവ്മാൻ പവലിനെതിരെ ഉമ്രാൻ മാലിക് എറിഞ്ഞ 20-ാം ഓവറിലെ 5-ാം ബോൾ 157 കിമി വേഗതയാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഈ ബോൾ ഐപിഎൽ 2022-ലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ബോളായി രേഖപ്പെടുത്തി. എന്നാൽ, ആ ബോൾ പവൽ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കണ്ടെത്തി. 15 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ഷോൺ ടൈറ്റ് മാത്രമാണ് 157 കിമി വേഗതക്ക് മുകളിൽ പന്തെറിഞ്ഞത് എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും, നിർഭാഗ്യവശാൽ മത്സരത്തിൽ വിക്കറ്റ് നേടാൻ ഉമ്രാൻ മാലിക്കിനായില്ല. മാത്രമല്ല, കൂടുതൽ റൺസ് വഴങ്ങുകയാണ് എന്ന സ്ഥിരം പഴിയിൽ നിന്ന് മാറ്റമില്ലാതെ, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ഉമ്രാൻ മാലിക് 4 ഓവറിൽ 52 റൺസ് വഴങ്ങി. ഇതിൽ, അവസാന ഓവറിൽ 3 ഫോറും ഒരു സിക്സും ഉൾപ്പടെ 19 റൺസ് വഴങ്ങിയതും ഉൾപ്പെടുന്നു.