“2022 ലും മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയില്ല ; എംബാപ്പയുടെ ഹാട്രിക്കിൽ പിഎസ്ജി “

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2022 ൽ തോൽവിയോടെ തുടക്കം.പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് 1-0ന് തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്കിന്റെ കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി.മഗ്വയറിന്റെ അഭാവത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ നായക സ്ഥാനം ഏറ്റെടുത്തത്.ജോവോ മൗട്ടീഞ്ഞോയുടെ 82-ാം മിനിറ്റിലെ ഗോൾ 1980-ന് ശേഷം ഓൾഡ് ട്രാഫോർഡിൽ വോൾവ്‌സിന് അവരുടെ ആദ്യ ജയം നേടിക്കൊടുക്കുകയും ബ്രൂണോ ലാജിന്റെ ടീമിനെ എട്ടാം സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു.

ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയത് വോൾവ്സായിരുന്നു. പതിവ് പോലെ തകർപ്പൻ സേവുകളുമായി ഡേവിഡ് ഡെ ഹെയ യുണൈറ്റഡിന്റെ രക്ഷകനായി.റുബെൻ നെവസിന്റെ ഒരു വോളി ഉൾപ്പെടെ രണ്ട് മികച്ച സേവുകൾ ഡിഹിയ ആദ്യ പകുതിയിൽ നടത്തി. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതിയെ കളിയിലേക്ക് തിരികെ വന്നു. രണ്ടാം പകുതിയിൽ ഇറങ്ങിയ ബ്രൂണോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് കൂടുതൽ മുന്നേറി കളിച്ചു. ബ്രൂണോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

അതിനു മറുപടി എന്നോണം 76 മിനുട്ടിൽ റൊമെയ്‌ൻ സെയ്‌സ് എടുത്ത ഫ്രീകിക്ക് യുണൈറ്റഡ് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 82 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ നിന്നും മൗട്ടീഞ്ഞോയുടെ ഷോട്ട് കീപ്പർ ഡി ഗിയയെ നിസ്സഹായകനാക്കി വലയിൽ കയറുകയായിരുന്നു.ഇഞ്ചുറി ടൈമിന്റെ അവസാനം റൊണാൾഡോ എടുത്ത ഫ്രീകിക്ക് വോൾവ്സ് ഗോൾ കീപ്പർ ജോസെ സാ സേവ് ചെയ്തു.ഈ പരാജയത്തോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ ഉള്ളത്. വോൾവ്സ് യുണൈറ്റഡിന് തൊട്ടു പിറകിൽ എട്ടാം സ്ഥാനത്ത് ഉണ്ട്.

ഫ്രഞ്ച് കപ്പിൽ നാലാം ഡിവിഷൻ ടീമായ വാനെസ് ഒസിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി പിഎസ്ജി അവസാന പതിനാറിൽ കടന്നു.എംബാപ്പെയുടെ രണ്ടാം പകുതിയിലെ ഹാട്രിക്കാണ് നിലവിലെ ചാംപ്യൻസ്‌മാർക്ക് അനായാസ വിജയം സമ്മാനിച്ചത്.28-ാം മിനിറ്റിൽ കിംപെംബെ ഡൈവിംഗ് ഹെഡറിലൂടെ പാരിസിനെ മുന്നിലെത്തിച്ചു.(59 ‘, 71’, 76 ‘) മിനുട്ടുകളിലാണ് എംബാപ്പയുടെ ഗോളുകൾ പിറന്നത്.പിഎസ്ജിക്കായി 150 ഗോളുകൾ തികയ്ക്കാനും ഫ്രഞ്ച് താരത്തിനായി.

ലാ ലീഗയിൽ വിയ്യാറയൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ലെവന്റയെ പരാജയപ്പെടുത്തി.ബൗളേ ദിയ (8 ‘) പൗ ടോറസ് (13’) ജെറാർഡ് മൊറേനോ (37 ‘, 79’) മനു ട്രിഗ്യൂറോസ് (74 ‘) എന്നിവരാണ് വിയ്യാറയലിന്റെ ഗോളുകൾ നേടിയത്.19 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി എട്ടാം സ്ഥാനത്താണ് വിയ്യാറയൽ. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ ബിൽബാവോ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഒസാസുനയെ പരാജയപ്പെടുത്തി. ബിൽബാവോക്ക് വേണ്ടി ഒയ്ഹാൻ സാൻസെറ്റ് ഹാട്രിക്ക് നേടി.കൈക്ക് ഒസാസുനയുടെ ആശ്വാസ ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ അര്ജന്റീന താരം ലൂക്കാസ് ഒകാംപോസ് നേടിയ ഗോളിൽ സെവിയ്യ കാഡിസിനെ പരാജയെപ്പടുത്തി ഒന്നാം സ്ഥാനക്കാരായ റയലുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി കുറച്ചു.സെവിയ്യ മാഡ്രിഡിനെക്കാൾ ഒരു മത്സരം കുറവാണു കളിച്ചിട്ടുള്ളത്.ഞായറാഴ്ച ഗെറ്റാഫെക്കെതിരെ കാർലോ ആൻസലോട്ടിയുടെ ടീം തോറ്റതിന് ശേഷം, എല്ലാ മത്സരങ്ങളിലുമായി 15 മത്സരങ്ങളിലെ അപരാജിത കുതിപ്പ് അവസാനിക്കുകയും തോൽവിക്ക് ശേഷം മാഡ്രിഡ് സെവിയ്യയ്ക്ക് കിരീടപ്പോരാട്ടം ശക്തമാക്കാൻ അവസരം നൽകി.