സ്റ്റീവൻ സ്മിത്തിന്റെ കുറ്റി തെറിപ്പിച്ച ജഡേജയുടെ അത്ഭുത ബോൾ |IND vs AUS

കഴിഞ്ഞ കുറച്ച് സമയങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീം ഏറ്റവുമധികം മിസ്സ് ചെയ്തത് ആരെയാണ് എന്ന് ചോദിച്ചാൽ ജഡേജ എന്ന് തന്നെയാണ് ഉത്തരം. കാരണം ബാറ്റിങ്ങിലും ബോളിങ്ങിലും ജഡേജയ്ക്കൊപ്പം നിൽക്കാൻ പറ്റിയ മറ്റൊരു കളിക്കാരനും ലോക ക്രിക്കറ്റിലില്ല. അതിനാൽ തന്നെ ജഡേജയുടെ അഭാവം ഇന്ത്യയെ വലിയ രീതിയിൽ അലട്ടിയിരുന്നു. എന്നാൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് ജഡേജ നടത്തിയിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ ഇനിങ്സിൽ സ്റ്റീവ് സ്മിത്തിന്റെയടക്കം 5 നിർണായക വിക്കറ്റുകളാണ് ജഡേജ നേടിയത്.

മത്സരത്തിൽ 84ന് 2 എന്ന നിലയിൽ ശക്തമായി ഓസ്ട്രേലിയ നിൽക്കുമ്പോഴായിരുന്നു ജഡേജ തന്റെ മാജിക് ആരംഭിച്ചത്. ക്രീസിൽ നിറഞ്ഞാടിയ ലബുഷാനയെ(49) ജഡേജ തുടക്കത്തിൽ തന്നെ വീഴ്ത്തി. അടുത്ത പന്തിൽ റെൻഷോയെയും വീഴ്ത്തി ജഡേജ വീര്യം കാട്ടി. പിന്നീട് ഇന്ത്യയ്ക്ക് മുൻപിൽ വിലങ്ങുതടിയായി നിന്നത് സ്റ്റീവ് സ്മിത്ത് ആയിരുന്നു. എന്നാൽ ഒരു അത്ഭുത ആം ബോളിൽ സ്മിത്തിന്റെ കുറ്റിയും ജഡേജ പിഴുതെറിഞ്ഞു.

42ആം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. ഓവറിലെ ആദ്യ പന്തുകൾ കൃത്യമായി ടേൺ ചെയ്തിരുന്നു. അതേ രീതിയിൽ തന്നെയാണ് ജഡേജ അവസാന പന്ത് എറിഞ്ഞതും. അതിനാൽ തന്നെ ടേൺ പ്രതീക്ഷിച്ചുതന്നെ സ്മിത്ത് ബാറ്റുവച്ചു. എന്നാൽ ജഡേജ തന്റെ പ്രധാന അസ്ത്രമായ ആം ബോളായിരുന്നു അവിടെ പ്രയോഗിച്ചത്. യാതൊരു ടേണുമില്ലാതെ ബോൾ സ്മിത്തിന്റെ കോട്ടകൾ തകർത്തു സ്റ്റമ്പിൽ കയറി.

അങ്ങനെ ഇന്ത്യയ്ക്ക് വലിയ രീതിയിൽ ഭീഷണിയുണ്ടാകുമെന്ന് കരുതിയ സ്റ്റീവ് സ്മിത്ത് കേവലം 37 റൺസിന് കൂടാരം കയറുകയാണ് ഉണ്ടായത്. പിന്നീട് ഓരോ വിക്കറ്റുകളായി ജഡേജയും അശ്വിനും വീഴ്ത്തിയതോടെ ഓസീസ് ഇന്നിംഗ്സിൽ 177 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.

Rate this post