❝ കോപ്പയിൽ 🏆🔥ആരെയും വെല്ലുന്ന
ഉശിരന്മാരുടെ 💪🇺🇾 ഉറുഗ്വായ് ❞

100 വർഷങ്ങൾ പിന്നിട്ട കോപ്പ അമേരിക്കയിലെ ഏറ്റവും വിജയകരമായ ടീമുകളൊന്നാണ് ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേ. 1916 ലെ ആദ്യ കിരീടം മുതൽ 2011 ലെ കിരീടം വരെ 15 തവണയാണ് ഉറുഗ്വേ സൗത്ത് അമേരിക്കയുടെ ഫുട്ബോൾ ചക്രവർത്തിയായത്. ഒരു കാലത്ത് ലോക ഫുട്ബോളിലെ വലിയ ശക്തിയായിരുന്നു ഉറുഗ്വേ 2000 ത്തിനു ശേഷമാണ് വീണ്ടും ഒരു ഫുട്ബോൾ ശക്തിയായി ഉയർന്നു വന്നത്. 2010 ലെ വേൾഡ് കപ്പിലേ സെമി വരെയുള്ള പോരാട്ടവും 2011 ലെ കോപ്പ അമേരിക്കയിലെ കിരീട നേട്ടവുമെല്ലാം ഉറുഗ്വായെ പഴയ പ്രതാപത്തിലേക്കെത്തിച്ചു. എന്നാൽ കഴിഞ്ഞ മൂന്നു കോപ്പ അമേരിക്കയിലും ടീമിന്റെ മികവിനൊത്ത പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. അതിനൊരു മാറ്റം വരുത്താൻ രണ്ടു കൽപ്പിച്ചാണ് സുവാരസും കൂട്ടരും ഇറങ്ങുന്നത്.സൗത്ത് അമേരിക്കയിൽ ബ്രസീലിന്റെയും ,അർജന്റീനയുടെയും ആധിപത്യത്തിന് തടയിട്ടത് ഉറുഗ്വേയായിരുന്നു.

പരിശീലകൻ

ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായി തുടങ്ങി മികച്ചൊരു ഫുട്ബോൾ കരിയർ പടുത്തുയർത്തുകയും ചെയ്തതിനു ശേഷം പരിശീലകന്റെ വേഷത്തിൽ 40 വർഷം പൂർത്തിയാക്കിയ ഓസ്കാർ ടബാരസ് ഒരുക്കിയ തന്ത്രങ്ങൾ തന്നെയാവും ഉറുഗ്വേയെ മുന്നോട്ട് നയിക്കുന്നത്.1988-1990 നു ശേഷം 2006 ൽ ഉറുഗ്വേയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ടബാരസ് കീഴിൽ ലോക ഫുട്ബോളിലെ വലിയ ശക്തി ആയി തന്നെ ഉറുഗ്വേ വളർന്നു . അദ്ദേഹത്തിന് കീഴിൽ 200 മത്സരങ്ങളിൽ ഉറുഗ്വേ കളത്തിലിറങ്ങിയിട്ടുണ്ട്.

പ്രധാന താരങ്ങൾ

വെറ്ററൻ‌മാരായ അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിൻ‌സൺ‌ കവാനി എന്നിവരോടൊപ്പം കഗ്ലിയാരിയുടെ പരിചയ സമ്പന്നനായ ഡിഫൻഡർ ഡീഗോ ഗോഡിൻറെ നേതൃത്വത്തിനൊപ്പം ഒരു പിടി യുവ താരങ്ങളും ചേരുമ്പോൾ അര്ജന്റീനക്കും ബ്രസീലിനുമൊപ്പം കിരീടത്തിനു വെല്ലുവിളിക്കുന്ന ടീമായി ഉറുഗ്വേ മാറും. സുവാറസിന്റെയും കവാനിയുടെയും ഫോമിൽ തന്നെയാണ് ഉറുഗ്വേ പ്രതീക്ഷ വെക്കുന്നത്.

ഗോൾ വലകാക്കാൻ ഗലാറ്റസറെയുടെ പരിചയസമ്പന്നനായ ഫെർണാണ്ടോ മുസ്‌ലെറ തന്നെയാവും ഒന്നാം നമ്പർ. പ്രതിരോധത്തിൽ ഡീഗോ ഗോഡിൻ, മാർട്ടിൻ കാസെറസ്, ജോസ് മരിയ ഗിമെനെസ്, സെബാസ്റ്റ്യൻ കോട്ട്സ് ,റൊണാൾഡ് അരാഹോ എന്നിവർ അണിനിരക്കും. റോഡ്രിഗോ ബെന്റാൻ‌കൂർ, ഫെഡറിക്കോ വാൽ‌വർ‌ഡെ, ലൂക്കാസ് ടോറിയേര, മാറ്റിയാസ് വെസിനോ, നഹിതൻ നാണ്ടസ് എന്നിവർ മിഡ്ഫീൽഡിൽ എത്താൻ സാധ്യതയുണ്ട്. മുന്നേറ്റ നിരയിൽ ലൂയിസ് സുവാരസ്, എഡിൻസൺ കവാനി, ക്രിസ്റ്റ്യാനി സ്റ്റുവാനി എന്നിവർക്കൊപ്പം യുവ സെൻസേഷൻ ഡാർവിൻ നുനെസും ഉണ്ടാവും.


ശ്രദ്ധിക്കേണ്ട യുവ താരങ്ങൾ

ഈ കോപ്പയിൽ ഉറുഗ്വേ പ്രതീക്ഷ വെക്കുന്ന യുവ താരമാണ് ഡാർവിൻ നുനെസ്.സുവാറസിന്റെയും കവാനിയുടെയും പിൻഗാമിയായയാണ് ബെൻഫിക്കയുടെ 21 കാരൻ സ്‌ട്രൈക്കർ കാണുന്നത്. ഫസ്റ്റ് ഡിവിഷനിൽ ആറ് ഗോളുകൾ നേടിയ ന്യൂനെസ് ഒമ്പത് ഗോളുകൾ വഴിയൊരുക്കുകയും ചെയ്തു.യൂറോപ്പ ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും നേടി. ഉറുഗ്വേ മധ്യനിരയുടെ ശക്തിയെന്ന് പറയാവുന്ന താരമാണ് യുവന്റസ് താരം റോഡ്രിഗോ ബെന്റാൻ‌കൂർ. അർജന്റീനയിലെ ബോക ജൂനിയേഴ്സ് യൂത്ത് അക്കാദമിയുടെ ഉൽ‌പ്പന്നമായ 23 കാരൻ 2017 മുതൽ ദേശീയ ടീമിൽ അംഗമാണ് .

മിഡ്ഫീൽഡിൽ ബെന്റാൻ‌കൂറിനു കൂട്ടായി എത്തുന്നത് റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽ‌വർ‌ഡ് ആണ്. ഈ സീസണിൽ റയലിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം കോപ്പയിൽ ആവർത്തിക്കാനൊരുങ്ങുകയാണ് 22 കാരൻ .ഉറുഗ്വേ പ്രതിരോധത്തിലെ പുതു താരോദയമാണ് ബാഴ്സലോണ ഡിഫൻഡർ റൊണാൾഡ് അരാഹോ. കോപ്പയിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡ് സെന്റർ ബാക്ക് ജോസ് മരിയ ഗിമെനെസിനൊപ്പം പങ്കാളിയായണ് സാധ്യതയുള്ള താരമാണ് 22 കാരൻ. ഇതുവരെ ഒരു മത്സരം മാത്രമാണ് ഉറുഗ്വേക്ക് വേണ്ടി കളിച്ചത്.

ഷെഡ്യൂൾ ചെയ്യൽ പ്രശ്‌നങ്ങൾ കാരണം ക്ഷണിക്കപ്പെട്ട രണ്ട് ടീമുകളായ ഓസ്‌ട്രേലിയയും ഖത്തറും പിൻ‌മാറിയതിന് ശേഷം 10 ടീമുകളെ അഞ്ചു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.അർജന്റീന, ബൊളീവിയ, ചിലി, പരാഗ്വേ എന്നിവരോടൊപ്പമാണ് ഉറുഗ്വേ മത്സരിക്കുന്നത്.