സൂപ്പർ താരത്തിന് ആഴ്സണലിന്റെ ടീം പദ്ധതികളിൽ ഇടമില്ലെന്ന സൂചനയുമായി പരിശീലകൻ മൈക്കിൾ ആർട്ടേറ്റ

ലോകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായ മെസ്യൂട് ഓസിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്‌ പുറത്തേക്കെന്നു സൂചനകൾ. ജർമൻ സൂപ്പർ താരം മെസ്യൂട് ഓസിലിനു ആര്സെണലിന്റെ ടീം പദ്ധതികളിൽ ഇടമില്ലെന്ന സൂചനയുമായി പരിശീലകൻ മൈക്കിൾ ആർട്ടേറ്റ എത്തിയതോടെയാണ് താരത്തിന്റെ ആഴ്സനലിലെ ഭാവിയെ കുറിച്ച് സംശയമുണ്ടായത്. കഴിഞ്ഞ ദിവസം ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിക്കെതിരെ ടീം വിജയിച്ചതിനു ശേഷം സംസാരിക്കുകയായിരുന്ന ആഴ്‌സണൽ പരിശീലകൻ ഓസിലിന്റെ കാര്യത്തിൽ സൂചന നൽകിയത്.

കഴിഞ്ഞ കുറെ വർഷങ്ങളിലായി ആഴ്‌സനലിനെ ആദ്യ പതിനൊന്നിൽ സ്ഥാനം കിട്ടാൻ ബുദ്ധിമുട്ടുന്ന ഓസിലിനു ഭാവിയിലും ടീമിൽ ഇടം നേടുക ബുദ്ധിമുട്ടായിരിക്കുമെന്നു പരിശീലകൻ വ്യക്തമാക്കി.2019/20 സീസൺ ജൂണിൽ പുനരാരംഭിച്ചതിന് ശേഷം 31 കാരൻ ആഴ്സണലിനായി കളിച്ചിട്ടില്ല, ഓസിൽ ക്ലബ്ബിനായി അവസാനമായി കളിച്ചത് മാർച്ച് 7 നാണ്. എല്ലാ മത്സരങ്ങൾക്കും ഏറ്റവും അനുയോജ്യരായ താരങ്ങളെയാണ് താൻ തെരെഞ്ഞെടുക്കാറുള്ളതെന്നും അതിനാൽ ഓസിൽ ഉൾപ്പെടെയുള്ള ചില താരങ്ങൾക്ക് ടീമിൽ ഇടം ലഭിക്കാൻ പ്രയാസമാണെന്നും ആർട്ടേറ്റ പറഞ്ഞു.

അതെ സമയം ഓസിൽ ആഴ്‌സണൽ വിടാൻ താല്പര്യം പ്രകടിപ്പിച്ചെന്നും ട്രാൻസ്ഫർ കാലം അവസാനിക്കുന്നതിനു മുൻപ് പുതുയ ക്ലബ്ബിൽ ചേരുമെന്നും റിപോർട്ടുകൾ ഉണ്ട്. താരത്തിന് ആഴ്സണലിൽ ഇനി സ്ഥാനം ഉണ്ടാവില്ല എന്നുറപ്പായതോടെ വമ്പൻ ക്ലബ്ബുകൾ പിറകെ കൂടുമെന്നുറപ്പാണ്.2013 ൽ റയൽ മാഡ്രിഡിൽ നിന്നാണ് ഓസിൽ ആഴ്സനലിലെത്തുന്നത്. ലണ്ടൻ ക്ലബ്ബിനായി 254 മത്സരങ്ങളിൽ നിന്നായി 54 ഗോളുകൾ നേടിയിട്ടുണ്ട് ഓസിൽ .