ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് വിനീഷ്യസ് ജൂനിയറിനെ തിരിച്ചു വിളിച്ചു

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ബ്രസീലിനു വലിയ തിരിച്ചടി. ലിവർപൂൾ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോ പരിക്കേറ്റ ടീമിൽ നിന്നും പുറത്തായിരിക്കുകയാണ്. ബുധനാഴ്ച നടന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഫിർമിനോയ്ക്ക് പരിക്ക് പറ്റിയത്.ഞായറാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള പ്രീമിയർ ലീഗ് പോരാട്ടം ഉൾപ്പെടെ നിരവധി മത്സരങ്ങൾ താരത്തിന് നഷ്ടമാവും.ഈ സീസണിൽ എട്ട് ലീഗ് മത്സരങ്ങൾ കളിച്ച ഫിർമിനോ നാല് ഗോളുകളും നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ കൂടി നേടിയിട്ടുണ്ട്.”ഗുരുതരമായ ഹാംസ്ട്രിംഗ് പരിക്കാണ് ബോബിക്ക് പറ്റിയിരിക്കുന്നത് ശരിക്കും നിർഭാഗ്യകരമാണ്.അവൻ എത്ര സമയം പുറത്തിരിക്കുമെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല ” ലിവർപൂൾ പരിശീലകൻ ക്ളോപ്പ് പറഞ്ഞു.

ലോകകപ്പ് യോഗ്യതയിൽ കൊളംബിയയെയും അർജന്റീനയെയും നേരിടാനുള്ള ബ്രസീൽ സ്‌ക്വാഡിൽ ഫിർമിനോക്ക് പകരം ഫോമിലുള്ള റയൽ താരം വിനീഷ്യസ് ജൂനിയറിനെ ഉൾപ്പെടുത്തി.വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മികച്ച ഫോമിലുള്ള റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെ ടീമിൽ കാണാത്തത് ഏവർക്കും അത്ഭുതമായിരുന്നു. അത്ര മികച്ച ഫോമിലാണ് താരം റയൽ മാഡ്രിഡിൽ ഈ സീസണിൽ കളിച്ചിരുന്നത്.ഈ സീസണിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റങ്ങളുടെ ശക്തി കേന്ദ്രം തന്നെയായിരുന്നു ഈ 21 കാരൻ.

മികച്ച ഫോമിൽ ആയിരുന്നിട്ടും അവസാന അന്താരാഷ്ട്ര ഇടവേളയിൽ ടിറ്റെ അദ്ദേഹത്തിന് 27 മിനിറ്റ് ഫുട്ബോൾ മാത്രമാണ് നൽകിയത്. പലപ്പോഴും ബ്രസീലിയൻ പരിശീലകൻ യുവ താരത്തെ അവഗണിക്കുന്നതായാണ് കണാൻ സാധിക്കുന്നത്. കഴിഞ്ഞ തവണ വെനസ്വേലയ്‌ക്കെതിരായ മാത്രമാണ് താരത്തെ ടിറ്റേ പരീക്ഷിച്ചത്. ഉറുഗ്വേക്കെതിരെ പകരക്കാരുടെ ബെഞ്ചിലും കൊളംബിയയ്‌ക്കെതിരെ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു.വിനീഷ്യസ് മാഡ്രിഡിൽ സീസൺ തുടക്കം മുതൽ മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ ശക്തർ ഡൊനെറ്റ്സ്കിനെതിരെ ഇരട്ട ഗോൾ നേടിയ റയൽ മാഡ്രിഡ് താരം ഈ സീസണിൽ ലാലിഗ സാന്റാണ്ടറിൽ ഇതുവരെ 7 ഗോളുകൾ നേടി,

ഖത്തർ വേൾഡ് കപ്പിന് ഇനി ഒരു വര്ഷം കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഗോളടിക്കുന്ന മികച്ച മുന്നേറ്റ നിരക്കാരുടെ അഭവം ബ്രസീൽ ടീമിൽ നിഴലിക്കുന്നുണ്ട്. മികച്ച ഫോമിലുള്ള സിനിഷ്യസിനെ പോലെയുള്ള താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി ഉയർത്തി കൊണ്ടുവരേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. ദേശീയ ടീമിലെ ഫോമിലല്ലാത്ത പഴയ മുഖങ്ങളെ ഒഴിവാക്കി വിനിഷ്യസിനെയും ക്യൂനായെയും കബ്രാളിനെയും പോലെയുള്ള യുവ സ്‌ട്രൈക്കര്മാര്ക്ക് കൂടുതൽ അവസരം നൽകിയാൽ മാത്രമേ വേൾഡ് കപ്പിന് മുന്നോടിയായി കൂടുതൽ മത്സര പരിചയം ലഭിക്കുകയുള്ളു.