“വിരാട് കോഹ്‌ലിക്കെതിരെ ആരാധകരുടെ രൂക്ഷ വിമർശനം ; ഇത്രയും വേണ്ടായിരുന്നു എന്ന് ധോണി ആരാധകർ “| IPL 2022 |Virat Kohli | MS Dhoni

ബുധനാഴ്ച (മെയ്‌ 4) പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 13 റൺസ് ജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിഎസ്കെക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ.

സിഎസ്കെക്ക് വേണ്ടി ഓപ്പണർ ഡിവോൺ കോൺവെ (56), മൊയീൻ അലി (34) തുടങ്ങിയവർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇവർക്കാർക്കും ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ല. തുടർന്ന്, ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ആരാധകരുടെയും ചെന്നൈ ക്യാമ്പിന്റെയും മുഴുവൻ പ്രതീക്ഷയും ക്യാപ്റ്റൻ എംഎസ് ധോണിയിലായിരുന്നു.

എന്നാൽ, ജോഷ് ഹാസിൽവുഡ് എറിഞ്ഞ ഇന്നിംഗ്സിന്റെ 19-ാം ഓവറിലെ ആദ്യ ബോളിൽ ഡീപ് മിഡ്‌ വിക്കറ്റിൽ ഫീൽഡ് ചെയ്തിരുന്ന രജത് പട്ടിദർ, ധോണിയുടെ ക്യാച്ച് എടുത്തപ്പോൾ ഒരു നിമിഷം ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ സ്തംപിച്ചു പോയി. അതേസമയം, അന്നേരം മുൻ ആർസിബി ക്യാപ്റ്റൻ നടത്തിയ ആഹ്ലാദ പ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചാവിഷയം. ധോണിയുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ, ബൗണ്ടറി ലൈനിന് അരികിൽ കോഹ്‌ലി നടത്തിയ ആഹ്ലാദ പ്രകടനം ഇതിഹാസ താരത്തോടുള്ള അനാദരവാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്

കോഹ്‌ലി ആക്രോഷിച്ചുക്കൊണ്ട് സെലിബ്രേഷൻ നടത്തുന്നതിനിടെ, അദ്ദേഹത്തിൽ നിന്ന് വന്ന മോശം വാക്കുകളും വിമർശകർക്ക് ആധാരമായി. മത്സരത്തിലേക്ക് വന്നാൽ,  11 കളികളിൽ നിന്ന് 6 ജയം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ നിലവിൽ പോയിന്റ് പട്ടികയിൽ നാലാമതാണ്. 10 കളികളിൽ നിന്ന് മൂന്ന് ജയം നേടിയ സിഎസ്കെ, പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.