‘അടുത്ത മത്സരത്തിന് മുമ്പ് ഗ്ലൂക്കോസ് കഴിക്കൂ’;ചെന്നൈ ബാറ്റിങ് നിരയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിട്ടു കൊണ്ടിരിക്കുന്നത്.വെള്ളിയാഴ്ച നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 44 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ പരാജയം.രണ്ട മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 200 റൺസിന്‌ മുകളിലുള്ള ലക്‌ഷ്യം പിന്തുടരാതെ പരാജയപെട്ടു.തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് വിജയിക്കാനുള്ള ശ്രമം പോലും നടത്താതെ സിഎസ്‌കെ കീഴടങ്ങിയത്.

ഇതിനു പിന്നാലെ സിഎസ്‌കെ ടീമിനെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം സിഎസ്‌കെ ബാറ്റിങ് നിരയെ ട്രോളിയത്. സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്കു വിചാരിച്ചതു പോലെ മുന്നോട്ട് പോവാന്‍ കഴിയുന്നില്ല. അടുത്ത കളിയില്‍ ഗ്ലൂക്കോസ് നല്‍കി അവരുടെ ബാറ്റ്‌സ്മാന്‍മാരെ ഇറക്കേണ്ടി വരുമെന്നായിരുന്നു സെവാഗിന്റെ പരിഹാസം. ഡെൽഹിക്കെതിരായ മത്സരത്തിൽ 35 പന്തിൽ 43 റൺസ് അടിച്ച ഫാഫ് ഡുപ്ലെസിസിന് ഒഴികെ മറ്റാർക്കും ചെന്നൈ നിരയിൽ തിളങ്ങാനായിരുന്നില്ല. മുരളി വിജയ് 10 റൺസിന് പുറത്തായപ്പോൾ 14 റൺസായിരുന്നു ഷെയ്ൻ വാട്സൺന്റെ സമ്പാദ്യം. ആറാമനായി ബാറ്റിങ്ങിനിറങ്ങിയ ധോനി 12 പന്തിൽ 15 റൺസെടുത്ത് ക്രീസ് വിട്ടു.

നേരത്തെ രാജസ്ഥാനെതിരായ മത്സരത്തിന് ശേഷവും ധോനിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് സെവാഗ് രംഗത്തെത്തിയിരുന്നു. ധോനിയുടെ ബാറ്റിങ് പൊസിഷൻ ശരിയായില്ലെന്നും റൺസ് വഴങ്ങിയിട്ടും ചൗളയ്ക്കും ജഡേജയ്ക്കും ധോനി ഓവർ നൽകിക്കൊണ്ടിരുന്നെന്നും സെവാഗ് വിമർശിച്ചിരുന്നു. സഞ്ജു സാംസണ് എതിരെ ചെന്നൈ സ്പിന്നർമാർ എറിഞ്ഞ നാല് ഓവറുകളാണ് കളി രാജസ്ഥാന് ലഭിക്കാൻ കാരണമായതെന്നും സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു.