മുംബൈക്കായി വെടിക്കെട്ട് ബാറ്റിങ്ങുമായി മലയാളി താരം വിഷ്ണു വിനോദ്

മുംബൈ ഇന്ത്യൻസിനായി ബാറ്റിംഗിനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് മലയാളി താരം വിഷ്ണു വിനോദ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. വംഖഡെയിൽ ഒത്തുകൂടിയ ആരാധകരെയൊക്കെയും അത്ഭുതപ്പെടുത്തിയ ബാറ്റിംഗ് പ്രകടനം തന്നെയാണ് മലയാളി താരം കാഴ്ചവച്ചിരിക്കുന്നത്.

ഇതിൽ മുഹമ്മദ് ഷാമിക്കെതിരെ വിഷ്ണു വിനോദ് നേടിയ സിക്സ് വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. പതിമൂന്നാം ഓവറിൽ ഷാമി എറിഞ്ഞ ലെങ്ത് ബോളിൽ ഒരു ഞെട്ടിപ്പിക്കുന്ന ഷോട്ട് തന്നെയായിരുന്നു വിഷ്ണു നേടിയത്. ഗുഡ് ലെങ്ത്തിൽ വന്ന പന്ത് വിഷ്ണു മുൻപിലേക്ക് കയറി കവറിനു മുകളിലൂടെ തകർപ്പൻ സിക്സർ പറത്തുകയായിരുന്നു. വാങ്കടയിൽ ഉണ്ടായിരുന്ന ആരാധകരൊക്കെയും ഇതുകണ്ട് അമ്പരക്കുകയുണ്ടായി. മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഷോട്ട് തന്നെയായിരുന്നു വിഷ്ണുവിന്റെ ബാറ്റിൽ നിന്ന് ഉയർന്നത്. 20 പന്തിൽ നിന്നും രണ്ടു സിക്‌സും രണ്ടു ബൗണ്ടറിയും അടക്കം 30 റൺസ് എടുത്ത വിഷ്ണു വിനോദിനെ മോഹിത് ശർമയാണ് പുറത്താക്കിയത്.

നാലാം വിക്കറ്റിൽ സൂര്യ കുമാറിനൊപ്പം 65 റൺസിന്റെ നിർണായക കൂട്ടുകെട്ടും മലയാളി താരം പടുതുയർത്തി.20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു.മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൂർണമായും ബാറ്റിംഗിന് അനുകൂലമായ വാങ്കഡേ പിച്ചിൽ ആദ്യ ഓവറുകൾ മുതൽ മുംബൈ ബാറ്റർമാർ അടിച്ചുതുടങ്ങി. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി മോശം ഫോമിൽ തുടരുന്ന നായകൻ രോഹിത് ശർമയാണ് മത്സരത്തിന്റെ ആദ്യ ഓവറുകളിൽ വെടിക്കെട്ട് തീർത്തത്.

രോഹിത് മത്സരത്തിൽ 18 പന്തുകളിൽ 29 റൺസ് നേടി. 3 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. കിഷൻ 20 പന്തുകളിൽ 31 റൺസ് ആണ് നേടിയത്. എന്നാൽ ഇരുവരും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ മുംബൈ പതറീ.ശേഷം സൂര്യകുമാർ യാദവും വിഷ്ണു വിനോദു മുംബൈയെ മുൻപിലേക്ക് നയിക്കുകയായിരുന്നു. മുംബൈയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ മത്സരം തന്നെയാണ് വാങ്കഡെയിൽ നടക്കുന്നത്. മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ മുംബൈയ്ക്ക് തങ്ങളുടെ പ്ലെയോഫ് പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. മറുവശത്ത് ഗുജറാത്തിനെ സംബന്ധിച്ച് പ്ലേയോഫ് സ്ഥാനം ഉറപ്പിക്കാൻ ഒരു വിജയം കൂടി മതിയാവും.

Rate this post