❝വി.പി.സുഹൈർ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുമോ?, മലയാളി താരം പറയുന്നു❞ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനായി മലയാളി താരം വിപി സുഹൈർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. 29 കാരൻ ഈ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യൻ ടീമിനായി അരങ്ങേറ്റം നടത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സുഹൈർ. “എനിക്ക് നോർത്ത്ഈസ്റ്റ് യുണൈറ്റഡിൽ ഒരുവർഷത്തെ കൂടെ കരാർ ബാക്കിയുണ്ട്. എന്നാൽ ഐ.എസ്.എൽ തുടങ്ങാൻ ഇനിയും സമയം ഉണ്ട്. സ്വന്തം നാടിന് വേണ്ടി കളിക്കുക എന്നത്‌ തന്നെയാണ് ആഗ്രഹം. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മലയാളി താരങ്ങളായ സഹലും, രാഹുലുമെല്ലാം മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തെടുത്തത്” സുഹൈർ മാതൃഭൂമിയോട് പറഞ്ഞു.

11 ടീമുകളുള്ള ലീഗിൽ നോർത്ത് ഈസ്റ്റിന്റെ നിരാശാജനകമായ സീസൺ ഉണ്ടായിരുന്നിട്ടും, ഈ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (19), ഏറ്റവും കൂടുതൽ മിനിറ്റുകൾ (1604) കളിക്കുകയും ഖാലിദ് ജാമിലിന്റെ ടീമിനായി നാല് ഗോളുകൾ നേടുകയും ചെയ്ത സുഹൈർ ഹൈലാൻഡേഴ്സിന്റെ ഏറ്റവും മികച്ച താരമായാണ് സീസൺ അവസാനിപ്പിച്ചത്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, യുണൈറ്റഡ് എസ്‌സി, ഗോകുലം കേരള എന്നിവക്ക് വേണ്ടിയും ഈ പാലക്കാട്ടുകാരൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്.