“ഞങ്ങൾക്ക് ഏത് ദിവസത്തിലും ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയും” റെക്കോർഡ് തകർത്തതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇന്നലെ ടോട്ടൻഹാമിനെതിരെയുള്ള ഹാട്രിക്ക് കാണുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷങ്ങൾ പിന്നിലേക്ക് പോയത് പോലെ തോന്നും.അന്റോണിയോ കോണ്ടെയുടെ ടോട്ടൻഹാം ഹോട്‌സ്പറിനെതിരെ സ്വന്തം തട്ടകത്തിൽ 3-2 ന് വിജയത്തിലേക്ക് നയിച്ച ക്രിസ്ററ്യാനോയുടെ ഹാട്രിക്കിന് പോരാട്ട വീര്യത്തിന്റെ കഥകൂടി പറയാനുണ്ടാവും.മത്സരത്തിൽ ആധിപത്യം പുലർത്തിയ റൊണാൾഡോ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു,

“ഓൾഡ് ട്രാഫോർഡിൽ തിരിച്ചെത്തിയതിന് ശേഷമുള്ള എന്റെ ആദ്യ ഹാട്രിക്കിൽ അതിയായ സന്തോഷമുണ്ട്! കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയും ഗോളുകളും പ്രയത്നവും കൊണ്ട് ടീമിനെ സഹായിക്കുകയും ചെയ്യുന്നു എന്ന തോന്നലിനെ മറികടക്കാൻ ഒന്നുമില്ല.നമ്മൾ കഠിനാധ്വാനം ചെയ്യുകയും ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യുന്നിടത്തോളം, ഏത് ദിവസത്തിലും ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. മാൻ യുണൈറ്റഡിന് പരിധികളില്ല! ” മത്സര ശേഷം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇന്നലെ പ്രൈം ടൈമിലെ റൊണാൾഡോയെ പലപ്പോഴും കാണാൻ സാധിച്ചു, റൊണാൾഡോ ഇന്നലെ നേടിയ മൂന്നു ഗോളുകളും താരത്തിന്റെ പ്രതിഭ വിളിച്ചോതുന്നവയായിരുന്നു. 12 ആം മിനുട്ടിൽ നേടിയ ലോങ്ങ് റേഞ്ച് ഗോളും ഹെഡ്‌ഡറിലൂടെ നേടിയ വിജയ ഗോളുമെല്ലാം പഴയ റൊണാൾഡോയെ ഓര്മപെടുത്തുന്നതായിരുന്നു. ഇന്നലെ നേടിയ ഹാട്രിക്കോടെ പ്രീമിയർ ലീഗ് ഗോൾ നേട്ടം സീസണിലെ 12 ആക്കി ഉയർത്തി.മുഹമ്മദ് സലായെക്കാൾ 8 ഗോളുകൾക്ക് പിന്നിലാണ് റോണോ.റെഡ് ഡെവിൾസിന് 9 ഗെയിമുകൾ കൂടി അവശേഷിക്കുന്നുണ്ട്. ഇന്നത്തെ കളി തന്റെ കരിയറിലെ ഗോളുകളുടെ എണ്ണം 807 ലേക്ക് ഉയർത്തി.

തങ്ങളുടെ വിജയ ഫോം നിലനിർത്താൻ യുണൈറ്റഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സ്കോറിങ്ങിനെ ആശ്രയിച്ചിരിക്കും.മികച്ച ഫോം നിലനിർത്തുന്നതിൽ ആഴ്‌സണൽ പരാജയപ്പെട്ടാൽ, യുണൈറ്റഡിന് നാലാം സ്ഥാനത്തെത്താനുള്ള ശക്തമായ സാധ്യതയുണ്ട്. ടോപ് ഫോറിൽ ഫിനിഷ് ചെയ്യുക എന്നത് റൊണാൾഡോയുടെ അഭിമാനത്തിന്റെ പ്രശ്‍നം കൂടിയാണ്.