❝ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ടീം ജയിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് നല്ലതായി തോന്നും, മറിച്ച് തോറ്റാൽ നിങ്ങൾക്ക് മോശമായി തോന്നും❞ ; മത്സരശേഷം സഞ്ജു പ്രതികരിക്കുന്നു

ഞായറാഴ്ച്ച (മെയ്‌ 15) മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 63-ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസ് 24 റൺസ് ജയം സ്വന്തമാക്കി. ഇതോടെ പ്ലേഓഫ് പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസണും കൂട്ടരും. ഇതിന്റെ സന്തോഷം സഞ്ജു മത്സരശേഷം പ്രകടിപ്പിക്കുകയും ചെയ്തു.

വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ടീമംഗങ്ങൾക്ക് നൽകിയ സഞ്ജു, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് മുതൽ മത്സരത്തിൽ താനെടുത്ത തീരുമാനങ്ങൾ എല്ലാം ശരിയായി എന്നും അവകാശപ്പെട്ടു. “കളി ജയിച്ചത്ക്കൊണ്ട് തന്നെ ഇന്ന് ഞാനെടുത്ത തീരുമാനങ്ങളെല്ലാം ഇപ്പോൾ ശരിയായി തോന്നുന്നു. എല്ലാ കളികളിലും വ്യത്യസ്തത ചിന്തിക്കാറുണ്ട്, എന്നാൽ കളി തോൽക്കുമ്പോൾ അവ മോശമായി കാണപ്പെടും. അതേ, ഈ മത്സരത്തിൽ ഞാൻ മൂന്നാമത് ഇറങ്ങി, നന്നായി കളിച്ചു. എന്നാൽ, കഴിഞ്ഞ കളിയിൽ അശ്വിനും അതേ പൊസിഷനിൽ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു,” സഞ്ജു പറഞ്ഞു.

“ജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ എന്റെ ടീമംഗകൾക്ക് നൽകുന്നു. എല്ലാവരും അവരുടെ മികച്ചത് സംഭാവന ചെയ്തു. ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത്, ഞങ്ങൾ നല്ല ടോട്ടൽ കണ്ടെത്തി ഒരു മികച്ച ബാറ്റിംഗ് യൂണിറ്റായി സ്വയം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. പിന്നീട്, അത് പ്രതിരോധിക്കാൻ ഞങ്ങൾക്ക് നിലവാരമുള്ള ബൗളിംഗ് നിരയുണ്ട്. ജിമ്മി നീഷാം ഫീൽഡിൽ നല്ല പ്രകടനം പുറത്തെടുത്തു,” സഞ്ജു പറയുന്നു. ടീമിലെ സ്പിന്നർമാരുടെ ജയത്തിലെ പങ്കാളിത്തം സഞ്ജു പ്രത്യേകം പരാമർശിച്ചു. “ഞങ്ങൾക്ക് ഗുണമേന്മയുള്ള സ്പിന്നർമാർ ഉള്ളത് ഞങ്ങളുടെ ബോണസ് ആണ്. നമുക്ക് അവരെ ഇന്നിംഗ്സിന്റെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം,” സഞ്ജു പറഞ്ഞു.

അശ്വിനുമായുള്ള മത്സരത്തിനിടയിലെ തമിഴ് സംഭാഷണത്തെ കുറിച്ചും സഞ്ജു ചില കാര്യങ്ങൾ പറഞ്ഞു. ‘എനിക്ക് തമിഴ് അറിയാം. എനിക്ക് ധാരാളം തമിഴ് സുഹൃത്തുക്കളുണ്ട്, പിന്നെ ഞാൻ ധാരാളം തമിഴ് സിനിമകൾ കാണാറുണ്ട്. അതുകൊണ്ട് ഞങ്ങൾ തമിഴിൽ സംസാരിക്കുന്നു,” സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.