“ഈ സീസണിലെ ഓരോ മിനിറ്റിലും ഞങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്” ; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് ഹർമൻജോത് സിംഗ് ഖബ്ര

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ വരെ നീണ്ടു നിൽക്കുന്ന ഈ പ്രയാണത്തിൽ നിർണായക പങ്കു വഹിച്ച നിരവധി താരങ്ങളെ നമുക്ക് കാണാൻ സാധിക്കും. കളിക്കളത്തിൽ എല്ലായ്‌പോഴും 100 % ആത്മാർത്ഥതയോടെ ടീമിന്റെ വിജയത്തിനായി 90 മിനുട്ടും വിയർപ്പോഴുക്കുന്ന താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വാസം എന്ന് ആരാധകർ വിളിക്കുന്ന ഹര്‍മന്‍ജോത് സിംഗ് ഖബ്ര.

പ്രതിതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം 90 മിനിറ്റും അദ്ധ്വാനിച്ച് കളിക്കാൻ കഴിവുള്ള അപൂർവം ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്. ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ വിശ്വാസത്തിന്റെ ആൾരൂപം തന്നെയാണ് ഖബ്ര. ജാംഷെഡ്പൂരിനെതിരെയുള്ള സെമി ഫൈനലിലെ ആദ്യ ലെഗിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ന് നടക്കുന രണ്ടാം പാദത്തിലും ആത് ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ടു മത്സരങ്ങളിലെ സസ്പെൻഷന് ശേഷം സെമിയിലാണ് താരം വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ ആരാധകർ നൽകിയ പിന്തുണയെ കുറിച്ച് ഖബ്ര കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഇങ്ങനെ എഴുതി . “നിങ്ങൾ ഇത് സ്വപ്നം കണ്ടു, ഈ സീസണിലെ ഓരോ മിനിറ്റിലും ഞങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്, അതിനാൽ 90 മിനിറ്റും അതിനപ്പുറവും ഞങ്ങളോടൊപ്പം നിൽക്കൂ. ഈ ആഴ്ച അവസാനം നിങ്ങളെ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഞങ്ങളെ പിന്തുണക്കണം ” എന്നാണ് ബ്ലാസ്റ്റേഴ്‌സ് താരം കുറിച്ചത് .

ഇന്ന് നടക്കുന്ന രണ്ടാം പാദത്തിൽ ജാംഷെഡ്പൂരിനെ കീഴടക്കി ആരാധകർക്ക് മുന്നിൽ ഫൈനൽ കളിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ആരാധകർക്ക് മുന്നിൽ കളിക്കുന്നതിനെക്കുറിച്ച് പരിശീലകൻ ഇവാനും പരാമർശിച്ചിരുന്നു.രണ്ടു വർഷത്തിന് ശേഷം ഐഎസ്എൽ കലാശ പോരാട്ടത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമ്പോൾ കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെയാണ് . ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിക്കുകയാണെങ്കിൽ സ്റ്റേഡിയം മഞ്ഞക്കടലാവും എന്നുറപ്പാണ്.