“തോൽ‌വിയിൽ നിന്നും ഞങ്ങൾ ശക്തമായി തിരിച്ചു വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് “

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) 87-ാം മത്സരത്തിൽ ജാംഷെഡ്പൂർ എഫ് സിയോട് 0-3 തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ആത്മവിശ്വാസത്തോടെ അടുത്ത മത്സരത്തിൽ തന്റെ ടീം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപെട്ടു.ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രെഗ് സ്റ്റുവാർട്ട് (45′ പെനാൽറ്റി, 48′ പെനാൽറ്റി )ഡാനിയൽ ചിമ ചുവ്കു (53′) എന്നിവരാണ് ഗോളുകൾ നേടിയത്.

“ഇന്നലത്തെ മത്സരത്തിലെ കളിക്കാരുടെ മോശം തീരുമാനങ്ങളാണ് പെനാൽറ്റി വഴങ്ങിയത്. ഇത് നമ്മുടെ കളിക്കാരുടെ മോശം തീരുമാനമായിരുന്നുവെന്ന് സമ്മതിക്കണം, പ്രത്യേകിച്ച് ആദ്യ പകുതിയുടെ അവസാന മിനിറ്റിലും രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിലും. കളിക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏകാഗ്രത പുലർത്തുകയും ഇത്തരത്തിലുള്ള തെറ്റുകൾ ഒഴിവാക്കുകയും വേണം” ഇവാൻ പറഞ്ഞു.അവസാന നിമിഷം വരെ ഞങ്ങൾ പോരാടുമെന്നും ഓരോ പോയിന്റിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഓരോ തോൽവിയിലും പോസിറ്റീവ് കാര്യങ്ങൾ കണ്ടെത്തണം, ചില കാര്യങ്ങൾ വിശകലനം ചെയ്യണം. വീണ്ടും, മികച്ച കാര്യം ചെയ്യാൻ ശ്രമം നടത്തണം.ഇനിയുള്ള ഗെയിമുകളിൽ ശക്തമായി പ്രതികരിക്കാനുള്ള ശക്തി ഞങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവാൻ അഭിപ്രായപ്പെട്ടു.വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. അതുകൊണ്ട് തന്നെ ടീമിന്റെ ഇതുവരയുള്ള പ്രകടനത്തിൽ ആരാധകർ വളരെ തൃപ്തരാണ്. പ്ലെ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ മികവ് പുറത്തെടുത്ത തീരു.

മൂന്നു ദിവസത്തിന് ശേഷം 14-ന് ഈസ്റ്റ് ബംഗാൾ ,19-ന് എടികെ മോഹൻ ബ​ഗാൻ, 23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ​ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ.പ്ലെ ഓഫിൽ സ്ഥാനം പിടിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ മൂന്നു ജയമെങ്കിലും ബ്ലാസ്റ്റേഴ്‌സ് ജയിക്കേണ്ടിയിരിക്കുന്നു.