ബാക്ക് ടു ബാക്ക് ലീഗ് തോൽവികൾ, ഈ സീസണിൽ ലിവർപൂളിന് എന്ത് സംഭവിച്ചു..?

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനോട് ലിവർപൂൾ പരാജയപ്പെട്ടിരുന്നു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ് ആണ് ലിവർപൂളിനെ 2-1ന് പരാജയപ്പെടുത്തി. മത്സരത്തിൽ ലീഡ്‌സിനായി റോഡ്രിഗോ മൊറേനോയും ക്രൈസെൻസിയോ സമ്മർവില്ലും സ്‌കോർ ചെയ്തപ്പോൾ മുഹമ്മദ് സലായാണ് ലിവർപൂളിന്റെ ഏക ഗോൾ നേടിയത്. ലിവർപൂളിന്റെ സീസണിലെ നാലാം തോൽവിയാണിത്.

മാത്രമല്ല റിലഗേഷൻ സോണിലെ ടീമുകൾക്കെതിരെ ലിവർപൂൾ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടു. നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് എവേ മത്സരത്തിൽ ലിവർപൂൾ 1-0 ന് പരാജയപ്പെട്ടു, മുമ്പ് ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും എതിരെ പരാജയപ്പെട്ടിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 4 ജയവും 4 സമനിലയും 4 തോൽവിയും ഉൾപ്പെടെ 16 പോയിന്റ് മാത്രമുള്ള ലിവർപൂൾ നിലവിൽ പട്ടികയിൽ 9-ാം സ്ഥാനത്താണ്.

2021-22ൽ ഒരു പോയിന്റ് വ്യത്യാസത്തിൽ കിരീടം നഷ്‌ടമായിടത്ത് നിന്നും എന്തുകൊണ്ടാണ് ഈ സീസണിൽ ലിവർപൂൾ ഇത്രയധികം വീണതെന്ന് നോക്കേണ്ടതുണ്ട്. പ്രധാന താരങ്ങളുടെ തുടർച്ചയായ പരിക്കുകളാണ് ലിവർപൂളിന് പ്രധാനമായും തിരിച്ചടിയായത്. മാത്രമല്ല, സാഡിയോ മാനെയുടെ അഭാവം ഇപ്പോഴും ലിവർപൂളിനെ അലട്ടുന്നുണ്ട് എന്നതും വസ്തുതയാണ്. സാദിയോ മാനെ ബയേൺ മ്യൂണിക്കിലേക്ക് പോയപ്പോൾ പകരമായി എത്തിയത് മാനേജർ യുർഗൻ ക്ലോപ്പ് കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ എത്തിച്ചിരുന്നു.

എന്നാൽ പരിക്കിനെ തുടർന്ന് ഡയസ് ഏറെ നാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കൂടാതെ, ഏറെ പ്രതീക്ഷകളോടെ ലിവർപൂൾ ടീമിലെത്തിച്ച ഉറുഗ്വായൻ സ്‌ട്രൈക്കർ ഡാർവിൻ നുനെസിന്റെ പൂർണ പ്രകടനം പുറത്തെടുത്തിട്ടില്ല. മുന്നേറ്റ നിരയിലെ മറ്റൊരു പ്രധാന താരം ഡിയോഗോ ജോട്ടയ്ക്കും പരുക്കുണ്ട്. കളിക്കാരുടെ പരിക്കാണ് ലിവർപൂളിനെ ഇത്രയും ദയനീയമായ സീസണിലേക്ക് നയിച്ചത് എന്ന് പറയേണ്ടി വരും.

Rate this post