മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു താരം പിറക്കുമ്പോൾ | Alejandro Garnacho |Manchester United

ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സമ്മാനിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് അര്ജന്റീന. മെസ്സിയുടെ നാട്ടിൽ നിന്നും ലോക ഫുട്ബോളിൽ പുതിയ തരംഗം സൃഷ്ടിക്കാനെത്തുന്ന താരമാണ് 18 -കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് വണ്ടർ കിഡ് അലജാൻഡ്രോ ഗാർനാച്ചോ.ഇന്നലെ ഷെരീഫിനെതിരെ യൂറോപ്പ ലീഗിൽ ക്ലബിനായി അലജാൻഡ്രോ ഗാർനാച്ചോ തന്റെ ആദ്യ കളി ആരംഭിച്ചു.

കിട്ടിയ അവസരം കൗമാര താരം മികച്ച രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ അര്ജന്റീന താരം ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും കളിയിലുടനീളം എതിർ ടീമിന്റെ പ്രതിരോധത്തിന് അദ്ദേഹം ഒരു ഭീഷണി ആയിരുന്നു. മത്സരത്തിൽ മൂന്ന് ഡ്രിബിളുകൾ പൂർത്തിയാക്കി,പിച്ചിലെ ഏതൊരു കളിക്കാരനെക്കാളും കൂടുതൽ ആയിരുന്നു ഇത്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിൽ നിന്ന് വളർന്ന ഗാർനാച്ചോ തന്റെ ഉയർന്ന നിലവാരം മത്സരത്തിൽ കാണിച്ചു തരുകയും ചെയ്തു.ഷെരീഫ് ടിറാസ്പോളിനെതിരെ 79 മിനിറ്റ് കളിച്ച അദ്ദേഹം ആരാധകരുടെ നിറഞ്ഞ കൈയ്യടി സ്വീകരിച്ചാണ് മൈതാനം വിട്ടത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിനായി ഓൾഡ് ട്രാഫോർഡിൽ തന്റെ ആരാധനാപാത്രവുമായി കളിക്കുന്നത് താൻ സ്വപ്നം കാണുകയാണോ എന്ന് തനിക്ക് അറിയില്ലെന്ന് ഗാർനാച്ചോ പറഞ്ഞു.യുണൈറ്റഡ് ആധിപത്യം പുലർത്തിയ ഒരു ഗെയിമിലെ പിച്ചിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. യുണൈറ്റഡ് ടീമിൽ തനിക്കൊരു സ്ഥാനം ഉണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് 18 കാരൻ പുറത്തെടുത്തത്.അണ്ടർ 18 ലെവലിൽ സ്പെയിനിനു വേണ്ടി കളിച്ച ഗാർനാച്ചോ പിന്നീട് അമ്മയുടെ ജന്മനാടായ അർജന്റീനയിലേക്ക് മാറി.ഇതുവരെ അണ്ടർ 20 ലെവലിൽ മാത്രമാണ് അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിച്ചത്.

കഴിഞ്ഞ സീസണിൽ 2011 ന് ശേഷം ആദ്യമായി യുണൈറ്റഡ് എഫ്എ യൂത്ത് കപ്പ് ഉയർത്തിപ്പോൾ രണ്ട് ഗോളുകൾ നേടിയ താരം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു.അർജന്റീനിയൻ വിംഗർ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് 16 വയസ്സുള്ളപ്പോൾ യുണൈറ്റഡിൽ ചേർന്നു അക്കാദമിയിലെ തന്റെ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റി .യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകൾക്കായി 53 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 11 അസിസ്റ്റുകളും സംഭാവന ചെയ്തു.

ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ടെൻ ഹാഗ് താരത്തെ പകരക്കാരനായി ഇറക്കിയിരുന്നു. കൂടുതൽ കളി സമയം നൽകിയാൽ സമീപഭാവിയിൽ യുണൈറ്റഡിന്റെ താരമാകാൻ കഴിയാൻ ഗാർനാച്ചോയ്ക്ക് സാധിക്കും എന്നുറപ്പാണ്.നിലവിൽ റൊണാൾഡോ ധരിക്കുന്ന നമ്പർ 7 തീർച്ചയായും അധികം താമസിയാതെ ഒഴിഞ്ഞുകിടക്കും. അത് ധരിക്കാനല്ല എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് അർജന്റീനിയൻ തെളിയിച്ചി കൊണ്ടിരിക്കുകയാണ്.

Rate this post