
പ്രീമിയർ ലീഗ് 2022/23 സീസണിലെ ഏറ്റവും മികച്ച ടീമാണ് ആഴ്സണൽ. ഇതുവരെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 14 വിജയങ്ങളും ഒരു സമനിലയും ഉൾപ്പെടെ 43 പോയിന്റുമായി ആഴ്സണൽ പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. പരിചയസമ്പന്നരായ കളിക്കാരേക്കാൾ യുവാക്കൾക്ക് മുൻഗണന നൽകുന്ന ഒരു ടീമുമായാണ് മൈക്കൽ അർട്ടെറ്റ 2022/23 സീസണിൽ എത്തിയിരിക്കുന്നത്.
24 കാരനായ മാർട്ടിൻ ഒഡെഗാഡിന്റെ ക്യാപ്റ്റൻസിയിൽ ആഴ്‌സണൽ എത്രത്തോളം മികച്ച പ്രകടനം നടത്തുമെന്ന് ഫുട്ബോൾ പണ്ഡിതന്മാർക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു എന്നത് ഒരു വസ്തുതയാണ്.സിൻചെങ്കോ, സാലിബ, ഗബ്രിയേൽ, മാർട്ടിനെല്ലി, സാക്ക, എൻകെറ്റിയ, ജീസസ് എന്നിവരുൾപ്പെടെയുള്ള ഒരു പ്രമുഖ യൂത്ത് സ്ക്വാഡുമായാണ് അവർ 2022/23 സീസൺ ആരംഭിച്ചത്.ഇപ്പോൾ സീസണിന്റെ മധ്യത്തോട് അടുക്കുമ്പോൾ, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമുമായി ആഴ്സണലിന് ഏഴ് പോയിന്റ് വ്യത്യാസമുണ്ട്. ഓരോ ടീമിന്റെയും മികച്ച പ്രകടനത്തിന് പിന്നിൽ ഒന്നോ രണ്ടോ പ്രധാന താരങ്ങൾ ഉണ്ടാവും എന്നാൽ ഈ സീസണിൽ ആഴ്സണലിന്റെ ഹീറോ ആരാണെന്ന് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം ആഴ്സണൽ സ്ക്വാഡിൽ ഒന്നോ രണ്ടോ കളിക്കാർ ഹീറോകളല്ല, മറിച്ച് സ്ക്വാഡിലുള്ള എല്ലാവരും അവരുടെ ഹീറോകളാണ് എന്നതാണ് യാഥാർത്ഥ്യം.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആഴ്സണലിന്റെ മുന്നേറ്റ താരങ്ങളുടെ ഗോൾ സംഭാവനകൾ. ഈ സീസണിൽ ഇതുവരെ ആഴ്‌സണലിനായി ഏറ്റവും കൂടുതൽ ഗോൾ സംഭാവന നൽകിയത് രണ്ട് താരങ്ങളാണ്. 6 ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ 12 ഗോൾ സംഭാവനകളുമായി ഇംഗ്ലീഷ് വിങ്ങർ ബുക്കയോ സാക്കയും 7 ഗോളുകളും 5 അസിസ്റ്റുകളും ഉൾപ്പെടെ 12 ഗോൾ സംഭാവനയുമായി ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ആഴ്‌സണലിനായി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ താരങ്ങളാണ്.

സീസണിന്റെ തുടക്കത്തിൽ ആഴ്‌സണലിനായി മികച്ച ഗോൾ സ്‌കോററായിരുന്നു ഗബ്രിയേൽ ജീസസ്. 5 ഗോളുകളും 6 അസിസ്റ്റുകളും ഉൾപ്പെടെ 11 ഗോൾ സംഭാവനകൾ ഗബ്രിയേൽ ജീസസിനുണ്ട്. ഫിഫ ലോകകപ്പിനിടെ പരിക്കേറ്റ ബ്രസീലിയൻ താരം ഇപ്പോൾ ടീമിന് പുറത്താണ്. 7 ഗോളുകളും 2 അസിസ്റ്റുകളും ഉൾപ്പെടെ 9 ഗോൾ സംഭാവനകൾ നൽകിയ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പ്രകടനവും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തിൽ 2022/23 പ്രീമിയർ ലീഗ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണ് ആഴ്സണൽ. 2003 -2004 ശേഷമുള്ള ആദ്യ കിരീടമാണ് ആഴ്‌സണൽ ലക്ഷ്യമിടുന്നത്. എന്നാൽ സീസണിൽ ഇനിയും ധാരാളം മത്സരങ്ങൾ ബാക്കിയുള്ളതിനാൽ അമിത ആത്മവിശ്വാസവും ആഴ്സണലിനെ ദോഷകരമായി ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം.