സഞ്ജു സാംസൺ കളിച്ചേക്കും, പരമ്പര നേടാൻ ഇന്ത്യ ഇറങ്ങുന്നു |Sanju Samson

ഫ്ലോറിഡയിൽ ഇന്ന് നടക്കുന്ന നാലാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അപരാജിത ലീഡ് നേടാനുള്ള ഒരുക്കത്തിലാണ്.മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യക്ക് പരമ്പരയിൽ 2-1ന് ലീഡുണ്ട്. 76 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യൻ ജയം.

ക്രിക്കറ്റ് ആരാധകർക്ക് വലിയ ആശ്വാസമായി, ഫ്ലോറിഡയിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന അവസാന രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ്മ ലഭ്യമാകും. ചൊവ്വാഴ്ച സെന്റ് കിറ്റ്സിൽ നടന്ന മൂന്നാം ടി20യ്ക്കിടെ ഇന്ത്യൻ നായകൻ റിട്ടയേർഡ് ഹർട്ട് ആയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ശ്രേയസിന് വേണ്ടുവോളം അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ 0, 10, 24 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോര്‍. സഞ്ജുവാകട്ടെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു.സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കഴിയാന്‍ സാധിക്കാത്തതും ശ്രെയസിനു തിരിച്ചടിയാണ്. ദീപക് ഹൂഡയും സഞ്ജു സാംസണും കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിക്കുകയും മികച്ച സ്കോറുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

സൂര്യകുമാറിനെ ഓപ്പണിങ്ങില്‍ തന്നെ ഇറക്കാനാണ് സാധ്യത. സൂര്യകുമാറിനെ മധ്യനിരയിലേക്ക് മാറ്റിയാല്‍ സഞ്ജു രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും സാധ്യതയുണ്ട്. ബൗളിങ്ങില്‍ ആവേശ് ഖാന് സ്ഥാനം നഷ്ടമായേക്കും. പരിക്കേറ്റ ഹര്‍ഷല്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താനാണ് സാധ്യത. രവീന്ദ്ര ജഡേജയും ടീമിലേക്ക് തിരിച്ചെത്തിയേക്കും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
വെസ്റ്റ് ഇൻഡീസ്: കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, നിക്കോളാസ് പൂരൻ, ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ഡെവൺ തോമസ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഡൊമിനിക് ഡ്രേക്ക്സ്, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്.