അടുത്ത സീസണിലും രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കുമോ ? വ്യക്തത വരുത്തി സിഇഒ |Sanju Samson

കഴിഞ്ഞ രണ്ട് സീസണുകളിലും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച ക്യാപ്റ്റനാണ് സഞ്ജു സാംസൺ. 2021-ൽ തന്റെ ടീമിനെ സഞ്ജുവിന് പ്ലേ-ഓഫിലേക്ക് നയിക്കാൻ സാധിച്ചില്ലെങ്കിലും, 2022 സീസണിൽ സഞ്ജു നയിച്ച രാജസ്ഥാൻ റോയൽസ് ഫൈനൽ കളിച്ചിരുന്നു. ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വം നിർവഹിക്കുന്നതിനൊപ്പം തന്നെ ബാറ്റർ എന്ന നിലയിലും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തന്റെ സ്ഥിരത പുലർത്തിയിട്ടുണ്ട്.

എന്നാൽ, 2022 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ജോസ് ബട്ലർ, രാജസ്ഥാൻ റോയൽസ് ടീമിൽ തുടരുന്നു എന്നതിനാൽ തന്നെ, സഞ്ജുവിന് പകരം ബട്ലറെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആക്കുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ചില സംശയങ്ങൾ ഉറവെടുത്തിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ സിഎഒ ആയ ജയ്ക് ലഷ് മാക്രം.

“സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ്. രാജസ്ഥാൻ ടീമിൽ ചില കളിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ജു ഇളയവനാണ്. എന്നാൽ, ഐപിഎല്ലിലെ പരിചയസമ്പത്ത് കൊണ്ട് സഞ്ജു സമ്പന്നനാണ്. രാജസ്ഥാൻ ടീമിന് ഒപ്പവും സഞ്ജുവിന് ഏറെ പരിചയസമ്പത്ത് ഉണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കഴിവും, പഠിച്ച കാര്യങ്ങൾ തന്റെ കളിയിൽ പ്രകടിപ്പിക്കാനുള്ള മിടുക്കും സഞ്ജുവിന് ഉണ്ട്,” രാജസ്ഥാൻ റോയൽസ് സിഇഒ ഒരു ദേശീയ മാധ്യമത്തിനോട്‌ പറഞ്ഞു.

“മൈതാനത്ത് സഞ്ജു അഗ്രസീവ് ആവുകയോ, സഹതാരങ്ങളോട് ദേഷ്യപ്പെടുകയോ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടില്ലായിരിക്കാം, എന്നാൽ അദ്ദേഹം തന്റെ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ട്. അത് നിങ്ങൾ കഴിഞ്ഞ സീസണിൽ കണ്ടതാണ്,” രാജസ്ഥാൻ റോയൽസ് സിഇഒ പറഞ്ഞു. സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ കുറിച്ചൊന്നും മാനേജ്മെന്റ് ചിന്തിക്കുന്നില്ല എന്നാണ് ജയ്ക് ലഷ് മാക്രത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

5/5 - (1 vote)