അടുത്ത സീസണിലും രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ തന്നെ നയിക്കുമോ ? |Sanju Samosn

ഐപിഎൽ 2023-ലെ രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനത്തിന് പിന്നാലെ അവരുടെ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻ സ്ഥാനത്തിന് വലിയ ഭീഷണി ഉയർന്നുവന്നിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ സഞ്ജു റോയൽസിനെ ഫൈനലിലേക്ക് നയിച്ചെങ്കിലും, ഈ സീസണിൽ റോയൽസ് പ്ലേഓഫ് കളിക്കാനുള്ള സാധ്യത വളരെ വിരളമാണ്. മികച്ച ഒരു ടീം ഉണ്ടായിരുന്നിട്ടും, അവരെ പ്ലേഓഫിലേക്ക് നയിക്കാൻ സഞ്ജു പരാജയപ്പെട്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനത്തിന് ഭീഷണിയായേക്കും.

രാജസ്ഥാൻ റോയൽസിന്റെ ചരിത്രം പരിശോധിച്ചാൽ, എത്ര വലിയ താരമായിരുന്നാലും മോശം പ്രകടനം നടത്തിയാൽ പിന്നീട് അവരെ ആ സ്ഥാനത്ത് നിലനിർത്താൻ റോയൽസ് മാനേജ്മെന്റ് തയ്യാറായിട്ടില്ല എന്ന് കാണാൻ സാധിക്കും. അതിന്റെ വലിയ ഒരു ഉദാഹരണമാണ് ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. സഞ്ജു റോയൽസിന്റെ ക്യാപ്റ്റൻ ആകുന്നതിന് മുമ്പ്, സ്റ്റീവ് സ്മിത്ത് ആയിരുന്നു റോയൽസിന്റെ ക്യാപ്റ്റൻ.

27 കളികളിൽ രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിച്ചപ്പോൾ, അതിൽ 15 മത്സരങ്ങൾ വിജയിക്കാൻ റോയൽസിന് സാധിച്ചിരുന്നു. അതായത്, 57.69 ആയിരുന്നു സ്മിത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലെ റോയൽസിന്റെ വിജയശതമാനം. എന്നാൽ, റോയൽസ് തുടർച്ചയായി പ്ലേഓഫിൽ എത്താതെ വന്നപ്പോൾ, സ്മിത്തിന്റെ ക്യാപ്റ്റൻസി മാത്രമല്ല അദ്ദേഹത്തെ ടീമിൽ നിന്നു തന്നെ ഒഴിവാക്കാനാണ് റോയൽസ് മാനേജ്മെന്റ് തീരുമാനം എടുത്തത്.

രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിലെ ഏറ്റവും വിജയശതമാനം ഉള്ള ക്യാപ്റ്റൻ ആയിരുന്നു സ്റ്റീവ് സ്മിത്ത് എന്ന കാര്യം ഓർക്കേണ്ടതാണ്. 44 മത്സരങ്ങളിൽ റോയൽസിനെ നയിച്ച സഞ്ജു സാംസണിന്റെ കീഴിൽ, 21 മത്സരങ്ങൾ റോയൽസ് വിജയിച്ചപ്പോൾ 23 മത്സരങ്ങളിൽ പരാജയം ആയിരുന്നു ഫലം. അതായത്, 47.72 ആണ് സഞ്ജുവിന്റെ കീഴിലെ റോയൽസിന്റെ വിജയശതമാനം. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അടുത്ത സീസണിൽ സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കും എന്നാണ്. അദ്ദേഹത്തിന് പകരം ഒരുപക്ഷേ ഇംഗ്ലീഷ് വൈറ്റ് ബോൾ ക്യാപ്റ്റൻ കൂടിയായ ജോസ് ബറ്റ്ലർ റോയൽസിന്റെ ക്യാപ്റ്റനായി ഉയർന്നു വന്നേക്കും.

5/5 - (1 vote)