‘മാർക്കോ ലെസ്‌കോവിച്ചിന്റെ അഭാവം തോൽ‌വിയിൽ ഒരു ന്യായീകരണമായി ഉപയോഗിക്കില്ല’ :ഇവാൻ വുകോമാനോവിച്ച് |Kerala Blasters

മുംബൈ ഫുട്ബോൾ അരീനയിൽ മുംബൈ സിറ്റി എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സിന് 4-0 ത്തിന്റെ വലിയ തോൽവിയാണ് ഇന്നലെ നേരിടേണ്ടി വന്നത്.സീസണിലെ പതിമൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടു മത്സരങ്ങളിലെ അപരാജിത കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് ജോർജ് പെരേര ഡയസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗ്രെഗ് സ്റ്റുവർട്ടും ബിപിൻ സിങ്ങും ഐലൻഡേഴ്സിനായി ഓരോ ഗോൾ വീതം നേടി.

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തോൽവിയുടെ നിരാശ മറച്ചു വെച്ചില്ല. പ്രതിരോധത്തിൽ രണ്ടു പ്രധാനം താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. വിശ്വസ്‌തനായ സെൻട്രൽ ഡിഫൻഡർ ലെസ്‌കോവിച്ചും സന്ദീപ് സിങ്ങും മുംബൈയെ നേരിടാനുള്ള ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടായിരുന്നില്ല. ഇരുവരുടെയും അഭാവം മത്സരത്തിന്റെ ആദ്യം മുതൽ തന്നെ ബ്ലാസ്റ്റേഴ്സിൽ പ്രകടമായിരുന്ന. എന്നാൽ തന്റെ ടീമിന്റെ മോശം പ്രകടനത്തെ ന്യായീകരിക്കാൻ ക്രോയേഷ്യൻ സെന്റര് ബാക്കിന്റെ അഭാവം ഒരു ഒഴികഴിവായി ഉപയോഗിക്കില്ലെന്ന് വുകോമാനോവിച്ച് പറഞ്ഞു.

“ഇത് ഒരു ഒഴികഴിവായി ഉപയോഗിക്കാം, പക്ഷേ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ ഈ കാര്യങ്ങൾ അങ്ങനെ ഞാൻ നോക്കികാണുന്നില്ല.ഞങ്ങൾക്ക് കളിക്കാരുണ്ട് അതിനാൽ ഒരാൾ കളിച്ചില്ലെങ്കിൽ മറ്റ് കളിക്കാർ പകരമെത്തണം. ഏകദേശം 25 കളിക്കാർ ഞങ്ങളുടെ ടീമിലുണ്ട്.എല്ലായ്‌പ്പോഴും സംസാരമുണ്ട്, ‘ഒരു കളിക്കാരൻ കളിച്ചില്ലെങ്കിൽ പിന്നെ എന്താണ്?’ഞാൻ ആ കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല. ഒരു കളിക്കാരൻ കളിച്ചാലും ഇല്ലെങ്കിലും ടീം തയ്യാറായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു” ഇവാൻ പറഞ്ഞു.”അതിനാൽ, ഇത് ഫുട്‌ബോൾ ആണ്. ‘ഞങ്ങൾക്ക് ഈ ഒരു കളിക്കാരനെ നഷ്ടമായി’ എന്നതുപോലുള്ള കാര്യങ്ങൾ ഞാൻ ഒരിക്കലും ഉപയോഗിക്കില്ല, ഇല്ല! അത് എന്റെ ശൈലിയല്ല. അവർക്ക് പകരം വയ്ക്കാൻ ഞങ്ങൾക്ക് മതിയായ കളിക്കാർ ഉണ്ട്” പരിശീലകൻ കൂട്ടിച്ചേർത്തു.

ജനുവരി 22 ന് അടുത്ത ഐഎസ്എൽ മത്സരത്തിൽ എഫ്‌സി ഗോവയെ നേരിടുമ്പോൾ മുംബൈ സിറ്റിയോടുള്ള തോൽവിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാവും കേരള ബ്ലാസ്റ്റേഴ്‌സ്.

Rate this post