“മാരക്കാനയിൽ ഗോൾ വർഷവുമായി ബ്രസീൽ ,അപരാജിത കുതിപ്പ് തുടർന്ന് കാനറികൾ “| Brazil | World cup

1930-ലെ ഉദ്ഘാടന പതിപ്പ് മുതൽ എല്ലാ ലോകകപ്പിനും യോഗ്യത നേടിയ ലോക ഫുട്ബോളിലെ ഏക ദേശീയ ടീമാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ. എന്നാൽ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഇന്ന് ചിലിക്കെതിരെ മത്സരം കണ്ടാൽ ഖത്തറിലെ ഫൈനൽ മത്സരത്തിന് ഇതുവരെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടില്ല എന്ന് തോന്നു പോവും. അത്രയും മികച്ച രീതിയിലാണ് ബ്രസീൽ ചിലിക്കെതിരെയുള്ള മത്സരം അവസാനിപ്പിച്ചത്.

മാരക്കാനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ ചിലിയെ പരാജയപെടുത്തിയത്.ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അപരാജിത കുതിപ്പ് 33 മത്സരങ്ങളിലേക്ക് നീട്ടാനും ബ്രസീലിനായി.ഓരോ പകുതികളിലും രണ്ട് ​ഗോൾ വീതം നേടിയാണ് ബ്രസീൽ ആധിപത്യം പുലർത്തിയത്. നെയമർ, വിനിഷ്യസ് ജൂനിയർ, ഫിലിപ്പ് കുട്ടീന്യോ, റിച്ചാർലിസൻ എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. ഇതിൽ നെയമ്റിന്റേയും കുട്ടീന്യോയുടേയും പെനാൽറ്റി ​ഗോളുകളായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആന്റണിയും വിനീഷ്യസ് ജൂനിയറും ചിലിയൻ ഗോൾമുഖത്ത് ആക്രമണം അഴിച്ചു വിട്ടു.പക്ഷേ മടങ്ങിയെത്തിയ നെയ്‌മറായിരുന്നു നവംബറിന് ശേഷം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ സ്‌കോറിംഗ് തുറന്നത്. 42 ആം മിനുട്ടിൽ മൗറിസിയോ ഇസ്ല നെയ്മറെ ബോക്‌സിൽ വെച്ച് ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ബ്രസീൽ സ്കോർ ബോർഡ് തുറന്നത്. ഈ ഗോൾ ബ്രസീലിയൻ ജേഴ്സിയിൽ നെയ്മറിന്റെ 71 മത്തെ ഗോളായിരുന്നു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ബ്രസീൽ സ്കോർ 2 -0 ആക്കി ഉയർത്തി.അയാക്സ് തരാം ആന്റണിയുടെ പാസിൽ നിന്നും വിനീഷ്യസ് ജൂനിയറാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർതുറോ വിഡാൽ ചിലിക്ക് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.72-ാം മിനിറ്റിൽ ടിറ്റെയുടെ ടീമിന് മൂന്നാം ഗോൾ ലഭിച്ചു.ആന്റണിയെ ചിലിയൻ കീപ്പർ ബ്രാവോ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി കൂട്ടിൻഹോ ഗോളാക്കി മാറ്റി സ്കോർ 3 -0 ആക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ ടീമിലേക്ക് മടങ്ങിയെത്തിയ റിചാലിസൺ ബ്രസീലിന്റെ വിജയം ഉറപ്പിച്ചു.ബ്രസീൽ സ്വന്തം തട്ടകത്തിൽ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും തോറ്റിട്ടില്ല. 17 മത്സരങ്ങളിൽ നിന്നും 19 പോയിന്റുമായി ചിലി ഏഴാം സ്ഥാനത്താണ്. ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമേ ചിലി വേൾഡ് കപ്പിന് യോഗ്യത നെടു.