❝ഏഷ്യൻ കപ്പ് 💪🏆 യോഗ്യത
ഉറപ്പിക്കാൻ 🇮🇳❤️ ഇന്ത്യ ഇന്നിറങ്ങും ;
ചരിത്ര നേട്ടത്തിനരികെ ഛേത്രി ❞

ലോകകപ്പ് ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഖത്തറിലെ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ന് സമനില നേടിയാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കാം. ഇന്ത്യൻ സമയം രാത്രി 7 .30 നാണു മത്സരം നടക്കുന്നത്.ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യ നിലവിൽ അഫ്ഗാന് ഒരു പോയിൻ്റ് മുന്നിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്ക് ആറ് പോയിൻ്റും അഫ്ഗാന് അഞ്ച് പോയിൻ്റുമാണുള്ളത്. കഴിഞ്ഞ ദിവസം ഒമാനെതിരായ മൽസരത്തിൽ അഫ്ഗാനിസ്താൻ തോറ്റതോടെയാണ് ഇന്ത്യയുടെ സാധ്യതകൾ വർധിച്ചത്. അതേസമയം, ഇന്നത്തെ മത്സരത്തിൽ അഫ്ഗാൻ ജയിക്കുകയാണെങ്കിൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതയും അവസാനിക്കും. ഗ്രൂപ്പിൽ ഖത്തറിനും ഒമാനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.

യൂറോപ്പിലെയും ഇന്ത്യയിലെയും നിരവധി ക്ലബ്ബുകൾക്കായി കളിക്കുന്ന താരങ്ങളുടെ കരുത്തിലാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്.ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളായ ഡെംപോ എസ്‌സി, എഫ്‌സി ഗോവ, റിയൽ കശ്മീർ എന്നി ക്ലബ്ബുകൾക്ക് വേണ്ടി ജേഴ്സിയണിഞ്ഞ സോഹിബ് ഇസ്ലാം അമീരി, ഐ‌എസ്‌എല്ലിൽ ഐസ്വാൾ എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നിവയ്‌ക്കായി കളിച്ച മാസിഹ് സൈഗാനി, കഴിഞ്ഞ സീസണിൽ ഗോകുലം കേരളത്തിന്റെ താരമായ സെന്റർ ബാക്ക് ഷെരീഫ് മുഹമ്മദ്,എഫ്‌സി ട്വന്റി അക്കാദമി താരം മിഡ്ഫീൽഡ് ജനറൽ ഫൈസൽ ഷെയ്സ്റ്റെ എന്നിവരാണ് അഫ്ഗാനിസ്താന്റെ പ്രധാന താരങ്ങൾ.

ഇന്ത്യൻ ഫുട്ബോൾ ടീം ഇതുവരെ അഫ്ഗാനിസ്ഥാനെതിരെ ആറ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, മൂന്ന് തവണ സമനില പിടിച്ചു, രണ്ട് തവണ വിജയിച്ചു, ഒരു തവണ തോറ്റു. അവസാനമായി ഏറ്റുമുട്ടിയപ്പോൾ 1 -1 ആയിരുന്നു ഫലം.കൈത്തണ്ട പരിക്കിനെത്തുടർന്ന് റൗളിന് ബോർജസിനെ ഒഴിവാക്കി അതേസമയം, അനിരുദ്ധ് താപ്പ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു,മൻ‌വീർ സിങ്ങും സുനിൽ ഛേത്രിയും മുൻ‌നിരയിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ ഗ്ലാൻ മാർട്ടിൻസിനെ ഹോൾഡിംഗ്-മിഡ്ഫീൽഡറുടെ റോളിൽ എത്തും.


അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയുടെ 11 മത്സരങ്ങൾക്ക് ശേഷമുള്ള ആദ്യ വിജയമായിരുന്നു ഇത്. എന്നാൽ ബംഗ്ലാദേശിനേക്കാൾ മെച്ചപ്പെട്ട ടീമാണ് അഫ്ഗാനിസ്താൻ എന്നതു കൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ല. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ വിജയശില്പിയായ ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ തന്നെയാകും ഇന്ത്യയുടെ ഇന്നത്തെയും പ്രതീക്ഷ. അതേസമയം, ഇന്ന് കളിക്കാൻ ഇറങ്ങുന്ന ഛേത്രി മറ്റൊരു ചരിത്ര നേട്ടത്തിനരികെ നിൽക്കുകയാണ്. രാജ്യാന്തര ഫുട്ബോളിൽ എക്കാലത്തേയും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ എത്താനുള്ള അവസരമാണ് ഛേത്രിയെ കാത്തിരിക്കുന്നത്.

ഇന്ന് ഒരു ഗോൾ നേടിയാൽ ഛേത്രി ഈ നേട്ടത്തിൽ എത്തും. അതേസമയം, ഇന്ത്യൻ ക്യാപ്റ്റന് ഇന്ന് ഹാട്രിക്ക് നേടാൻ കഴിഞ്ഞാൽ ഗോൾകണക്കിൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഒപ്പമെത്താനാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രണ്ട് ഗോൾ നേടിയിരുന്ന താരം സജീവ ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ലയണൽ മെസ്സിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു. നിലവിൽ ഛേത്രിയുടെ പേരിൽ 74 രാജ്യാന്തര ഗോളുകളാണുള്ളത്. 73 ഗോള്‍ നേടിയ യു എ ഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും ഛേത്രി മറികടന്നിരുന്നു. നിലവിലെ താരങ്ങളില്‍ പോര്‍ച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 103 രാജ്യാന്തര ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. അതേസമയം 109 ഗോളുകളോടെ ഇറാന്‍ താരം അലി ദേയ് ആണ് എക്കാലത്തെയും മികച്ച ഗോൾ സ്കോറര്മാരുടെ പട്ടികയിൽ ഒന്നാമത്.

ഇന്ത്യൻ ഫുട്ബോൾ ടീം (4-4-2): ഗുർപ്രീത് സിംഗ് സന്ധു; സന്ദേഷ് ജിംഗൻ, സുഭാഷിഷ് ബോസ്, ചിംഗ്‌ലെൻസാന സിംഗ്; ഗ്ലാൻ മാർട്ടിൻസ്, ബ്രാൻഡൻ ഫെർണാണ്ടസ്, ഉഡന്ത സിംഗ്, സുരേഷ് വാങ്ജാം, ബിപിൻ സിംഗ്; മൻ‌വീർ സിംഗ്, സുനിൽ ഛേത്രി
അഫ്ഗാനിസ്ഥാൻ (4-5-1): ഓവെയ്സ് അസീസി; മാസിഹ് സൈഗാനി, സോഹിബ് അമീരി, ഷെരീഫ് മുഖം, ഡേവിഡ് നജീം; അബ്ദുൽ നജീം, ഹുസിൻ അലിസഡ; സുബൈർ അമീരി, ഫർഷാദ് നൂർ, ഫൈസൽ ഷായ്‌സ്റ്റെ; അമീറുദ്ദീൻ ഷെരീഫി.