വേൾഡ് കപ്പ് ക്വാളിഫൈർ : “നെയ്മറും മെസ്സിയുമില്ലാതെ ബ്രസീലും അർജന്റീനയും ഇറങ്ങുമ്പോൾ”

സൗത്ത് അമേരിക്കൻ ലോക കപ്പ് യോഗ്യത മത്സരത്തിൽ വെള്ളിയാഴ്ച നടക്കുന്ന പോരാട്ടങ്ങളിൽ അർജന്റീനയും ബ്രസീലും ഇറങ്ങുന്നു. സൂപ്പർ താരങ്ങളായ നെയ്മറും ലയണൽ മെസ്സിയുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ബ്രസീലിന് ഇക്വഡോറും ,അർജന്റീനക്ക് ചിലിയുമാണ് എതിരാളികൾ.35 പോയിന്റുമായി ബ്രസീൽ മുന്നിലും അർജന്റീന (29), ഇക്വഡോർ (23), കൊളംബിയ, പെറു (17), ചിലി, ഉറുഗ്വായ് (16), ബൊളീവിയ (15) എന്നിങ്ങനെയാണ് പോയിന്റ് ടേബിൾ.

സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ ബ്രസീൽ ഇക്വഡോറിനെ നേരിടുമ്പോൾ റയൽ മാഡ്രിഡിലെ വിനീഷ്യസ് ജൂനിയറിന്റെ പ്രകടനവും ആവും ഏറെ ശ്രദ്ദിക്കപ്പെടുന്നത്. എന്നാൽ 21 കാരനെ പരിശീലകൻ ടിറ്റെ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന ആരോപണവും ഉയർന്നു വന്നിരുന്നു.തന്റെ ഡ്രിബ്ലിംഗ് കഴിവുകളും വേഗത്തിലുള്ള പാസുകളും കാണിക്കാൻ 21-കാരന് മതിയായ സമയം പരിശീലകൻ ഒരിക്കൽ പോലും നൽകിയിരുന്നില്ല. റയൽ മാഡ്രിഡ് വിംഗറിന് ക്ഷമ ആവശ്യമാണെന്ന് ടിറ്റെ അഭിപ്രായപ്പെട്ടിരുന്നു. ചൊവ്വാഴ്ചത്തെ പരിശീലന സെഷനെ അടിസ്ഥാനമാക്കി, വിനീഷ്യസ് ജൂനിയർ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.മാഡ്രിഡിൽ വിനീഷ്യസിനൊപ്പം കളിക്കുന്ന മിഡ്ഫീൽഡർ കാസെമിറോയും ബ്രസീൽ ബോസ്സിന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു.

” വിനീഷ്യസ് അസാധാരണ കളിക്കാരനാണ് ,ഞാൻ അവനെ എല്ലാ ദിവസവും കാണുന്നു. അവൻ ക്ലബ്ബിൽ വളരുന്നത് ഞാൻ കണ്ടു,” കാസെമിറോ പറഞ്ഞു.”ദേശീയ ടീമിനൊപ്പം മറ്റൊരു കളി ശൈലിയുണ്ട്, പൊരുത്തപ്പെടാൻ ചിലപ്പോൾ കുറച്ചു സമയമെടുക്കും . അവൻ എത്ര വേഗത്തിൽ പൊരുത്തപ്പെടുന്നുവോ അത്രയും നല്ലത് ,പക്ഷേ, അദ്ദേഹത്തിന് 21 വയസ്സ് മാത്രമേ ഉള്ളൂ എന്നത് ഞങ്ങൾക്ക് മറക്കാൻ കഴിയില്ല” .അർജന്റീനിയൻ കോച്ച് ഗുസ്താവോ അൽഫാരോ പരിശീലിപ്പിക്കുന്ന ഇക്വഡോറിന് ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് നേടിയാൽ മാത്രമേ വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കു.

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിലിയാണ് അര്ജന്റീനയുടെ എതിരാളികൾ.കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്‌കലോനിയുടെ കീഴിൽ അവർ മികച്ച ഫോമിലാണ്.വടക്കൻ ചിലിയിലെ അറ്റകാമ മരുഭൂമിയിലെ കാലാമയിൽ ഏകദേശം 7,900 അടി (2,400 മീറ്റർ) ഉയരത്തിൽ നടക്കുന്ന മത്സരത്തിൽ യുവന്റസിൽ മികച്ച ഫോമിൽ കളിക്കുന്ന 28-കാരനായ ഡിബാല മെസ്സിക്ക് പകരക്കാരനാകുമെന്ന് പ്രതീക്ഷിക്കുന്നു.നവംബറിലെ ഉറുഗ്വേയിൽ നടന്ന യോഗ്യതാ മത്സരത്തിൽ 1-0ന് ജയിച്ച മത്സരത്തിൽ ഡിബാല അർജന്റീനയ്ക്ക് വേണ്ടി കളിച്ചിരുന്നു.

ലോകകപ്പിലേക്കുള്ള അർജന്റീനയുടെ യോഗ്യത ഉറപ്പാക്കിയിട്ടും താനും സഹതാരങ്ങളും ഇപ്പോഴും വിജയിക്കാനുള്ള ശ്രമത്തിലാണെന്നും ഞങ്ങൾ വിശ്രമിച്ചിട്ടില്ല എന്നും അര്ജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.“ഒരു ടീമായും ഒരു ഗ്രൂപ്പായും ഐക്യം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിജയം നേടാൻ ഞങ്ങൾ പരമാവധി ശ്രമിക്കണം, ”അദ്ദേഹം പറഞ്ഞു. “ഞങ്ങൾ എല്ലാ മത്സരങ്ങളും ജയിക്കാനോ അല്ലെങ്കിൽ അവ ഞങ്ങളുടെ അവസാനത്തെ പോലെ കളിക്കാനോ ശ്രമിക്കും. ഈ ലോകകപ്പ് ഞങ്ങളുടെ ഏറ്റവും മികച്ചതാവണയും ലക്ഷ്യത്തിലെത്താനും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് ആസ്റ്റൺ വില്ല കീപ്പർ കൂട്ടിച്ചേർത്തു .കഴിഞ്ഞ മാസം പോസിറ്റീവ് COVID-19 ടെസ്റ്റിനെ തുടർന്ന് ഫിറ്റ്നസ് വീണ്ടെടുക്കുന്ന മെസ്സിക്ക് ഈ ഗെയിമുകൾ നഷ്ടമാകും.

മറ്റു മത്സരങ്ങളിൽ 7-ാം സ്ഥാനത്തുള്ള ഉറുഗ്വേക്ക് യോഗ്യതാ സ്ഥാനത്തേക്ക് തിരിച്ചുവരാനും ഓസ്‌കാർ തബറെസിനെ പുറത്താക്കിയതിന് ശേഷം പരിശീലകനായ ഡീഗോ അലോൺസോയുടെ കീഴിൽ ശക്തമായി തുടങ്ങാനും ഒമ്പതാം സ്ഥാനത്തുള്ള പരാഗ്വേയ്‌ക്ക് ജയം ആവശ്യമാണ്.നാലാം സ്ഥാനത്തുള്ള കൊളംബിയ 5-ാം നമ്പർ പെറുവിന് ആതിഥേയത്വം വഹിക്കും, ബൊളീവിയ വെനസ്വേലയുമായും ഏറ്റുമുട്ടും .