ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടി യശസ്വി ജയ്‌സ്വാൾ. ഈഡൻ ഗാർഡൻസിൽ നടന്നു കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിലാണ് റോയൽസ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

13 പന്തിൽ ഫിഫ്റ്റി തികച്ച 21കാരൻ പവർ പ്ലെയിൽ കൊല്കത്തൻ ബൗളർമാരെ നിലത്ത് നിർത്തിയില്ല. 150 റൺസ് പിന്തുടർന്ന റോയൽസിന് ജയ്‌സ്വാൾ മികച്ച തുടക്കമാണ് നൽകിയത്.നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ 26 റൺസാണ് ജയ്‌സ്വാൾ അടിച്ചെടുത്തത്.കെഎൽ രാഹുലിന്റെയും പാറ്റ് കമ്മിൻസിന്റെയും (14 പന്തിൽ) സംയുക്ത റെക്കോർഡ് ആണ് യുവ താരം തകർത്തത്.ഈ സീസണിൽ 531 റൺസ് നേടിയ ജയ്സ്വാൾ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അൺ ക്യാപ്പ്ഡ് ഇന്ത്യൻ താരമെന്ന ഇഷാൻ കിഷന്റെ (516) റെക്കോഡ് മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്കായി വെങ്കടേഷ് അയ്യര്‍ (42 പന്തില്‍ 57) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. യൂസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാനായി നാല് വിക്കറ്റെടുത്തു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമാവാനും ചാഹലിന് സാധിച്ചു. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് ചാഹല്‍ വഴങ്ങിയത്. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്.

4/5 - (1 vote)