ഇങ്ങനെയൊരു പുറത്താകാലല്ല സുവാരസ് അർഹിച്ചിരുന്നത് , ബാഴ്സലോണക്കെതിരെ വീണ്ടും മെസ്സി

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ബാഴ്‌സലോണയിൽ നിന്നുള്ള വിടവാങ്ങലിനു പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സുവാരസ് ഇങ്ങനെ ഒരു പുറത്താക്കലല്ല അർഹിച്ചിരുന്നത് എന്നും ബാഴ്സലോണയുടെ താരമായിരുന്ന സുവാരസിന് അർഹിച്ചതൊന്നും ലഭിച്ചില്ലെന്നും മെസ്സി പറഞ്ഞു. സുവാരസിന് യാത്രയയപ്പ് നൽകിയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മെസി ക്ലബ്ബിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിലേക്കാണ് സുവാരസ് കൂടു മാറുന്നത്.

സുവാരസിനെ മറ്റൊരു ജേഴ്സിയിൽ കാണുന്നതും ,കളിക്കളത്തിൽ നേർക്കുനേർ വരുന്നതും ചിന്തിക്കാൻ ആവില്ലെന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ ഒരാളായ സുവാരസിന് അതിനനുസരിച്ചുള്ള യാത്രയയപ്പ് നല്കണമെന്നായിരുന്നെന്നും മെസ്സി അഭിപ്രായപ്പെട്ടു. ഇതുപോലെ ഒരു യാത്രയയപ്പ് സുവാരസ് അർഹിച്ചിരുന്നില്ല , പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ലബ്ബിന്റെ ഭാഗത്തു നിന്നുള്ള നടപടി തന്നെ ഒട്ടും അത്ഭുതപെടുത്തുന്നില്ല എന്നും മെസ്സി കൂട്ടിച്ചേർത്തു.

2014 ൽ ലിവർപൂളിൽ നിന്നാണ് സുവാരസ് ബാഴ്സയിലെത്തുന്നത് ,അന്ന് മുതൽ അടുത്ത കൂട്ടുകാരന് ഇരുവരും. ബാഴ്സയ്ക്കയി 33 കാരൻ 283 മത്സരങ്ങളിൽ നിന്ന് സുവാരസ് 198 ഗോളുകൾ നേടിയിട്ടുണ്ട്. മൈതാനത്തിനകത്തും പുറത്തും ഒരു പോലെ സുഹൃത്തുക്കളായ ഇരുവരും ബാഴ്സയുടെ ട്രോഫി റൂം നിറക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട് .