❝റൊണാൾഡോയും യുവന്റസും മിലാനും ചാമ്പ്യൻസ് ലീഗിന് ;
ഫ്രാൻസിൽ പി.എസ്.ജി ആധിപത്യം അവസാനിപ്പിച്ച് ലില്ലെ❞

ഇറ്റാലിയൻ സിരി എയിൽ നാടകീയമായ അവസാനദിന മത്സരങ്ങൾക്കൊടുവിൽ സൂപ്പർക്ലബ് യുവന്റസ് യുവേഫ ചാമ്പ്യൻസ് ലീ​ഗിന് യോ​ഗ്യതയുറപ്പാക്കി. ബോളോ​ഗ്നയെ തകർത്ത് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് യുവെ ചാമ്പ്യൻസ് ലീ​ഗ് സ്ഥാനം ഉറപ്പാക്കിയത്. അറ്റലാന്റയെ വീഴ്ത്തി എ.സി.മിലാനും ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടി.ബോള​ഗ്നയ്ക്കെതിരായ മത്സരത്തിന് മുമ്പ് വരെ അഞ്ചാം സ്ഥാനത്തായിരുന്നു യുവന്റസ്. ബോളോ​ഗ്നയെ തോൽപ്പിക്കുന്നതിന് പുറമെ നാപ്പോളി ജയിക്കാതിരിക്കുകയും വേണമായിരുന്നു യുവന്റസിന് ടോപ് ഫോറിലെത്താൻ.

ബോള​ഗ്നയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് യുവന്റസ് തകർത്തു. അൽവാരോ മോറാത്ത യുവന്റസിനായി രണ്ട് ​ഗോൾ നേടി. ഫെഡെറിക്കോ ചീസെ, അഡ്രിയാൻ റാബിയറ്റ് എന്നിവർ ഓരോ ​ഗോളും നേടി. നിർണായകമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിച്ചില്ലെന്നത് ശ്രദ്ധേയം. ഹെല്ലാസ് വെറോണയോട് സമനില വഴങ്ങിയ നാപോളി അഞ്ചാം സ്ഥാനവുമായി യൂറോപ്പയിലേക്ക് പോകേണ്ടി വന്നു.യുവന്റസ് അഞ്ചാമതും നാപോളി നാലാമതും മിലാൻ മൂന്നാമതും എന്ന നിലയിൽ ആയിരുന്നു മത്സരം ആരംഭിച്ചത്.

ശക്തരായ എതിരാളികളായ അറ്റലാന്റയെ എവേ മത്സരത്തിൽ നേരിട്ട എ സി മിലാൻ മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ഇന്ന് നേടിയത്. ആദ്യ പകുതിയിൽ 43ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് കെസ്സെയാണ് മിലാന് ലീഡു നൽകിയത്. രണ്ടാം പകുതിയുടെ അവസാനവും കെസ്സിയുടെ പെനാൾട്ടിയിൽ തന്നെയാണ് മിലാൻ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചത്. ഈ വിജയം മിലാനെ 79 പോയിന്റിൽ എത്തിച്ചു.നാപോളിക്ക് ഹെല്ലാസ് വെറോണ ആയിരുന്നു എതിരാളികൾ. ആദ്യ പകുതിയിലെ ഗോൾ രഹിത സമനിലക്ക് ശേഷം രണ്ടാം പകുതിയിൽ നാപോളി ലീഡ് എടുത്തു. 62ആം മിനുട്ടിൽ റഹ്മാനിയിലൂടെ ആയിരുന്നു നാപോളിയുടെ ലീഡ്. പക്ഷെ 69ആം മിനുട്ടിലെ ഫറയോനിയുടെ ഗോൾ വെറോണക്ക് സമനില നൽകി.


പിന്നീട് വിജയ ഗോൾ നേടാൻ നാപോളിക്ക് ആയില്ല. അവർ 77 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.91 പോയിന്റുള്ള ഇന്റർ മിലാൻ ഒന്നാമതും, 79 പോയിന്റുള്ള എ സി മിലാൻ രണ്ടാമതും, 78 പോയിന്റ് ഉള്ള അറ്റലാന്റ മൂന്നാമതും, 78 പോയിന്റ് തന്നെയുള്ള യുവന്റസ് നാലാമതും ഫിനിഷ് ചെയ്തു. ചാമ്പ്യൻസ് ലീഗ് യോഗ്യത യുവന്റസിന് റൊണാൾഡോയെ നിലനിർത്താനും പിർലോക്ക് ക്ലബിൽ തുടരാനും സഹായമാവുകയും ചെയ്യും.

ലോകത്തെ തന്നെ ഏറ്റവും സമ്പന്ന ക്ലബായ പി എസ് ജിയെ ഒരു സീസൺ മുഴുവനായുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തി കൊണ്ട് ലില്ലെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി. നെയ്മറും എമ്പപ്പെയും ഡി മറിയയും ഇക്കാർഡിയും ഒക്കെ ഉള്ള പി എസ് ജി രണ്ടാമത് ഫിനിഷ് ചെയ്യേണ്ടതായും വന്നു. ഇന്നലെ ലീഗിലെ അവസാന മത്സരത്തിൽ ആംഗേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് ലില്ല കിരീടം സ്വന്തമാക്കിയത്.2010-11 സീസണിലാണ് ഇതിനു മുമ്പ് ലില്ല ലീഗ വൺ കിരീടം ഉയർത്തിയത്. അവസാന എട്ടു സീസണുകളിൽ ഏഴു തവണയും പി എസ് ജി ആയിരുന്നു ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തിയത്.

ഇന്നലെ വിജയിച്ചാൽ മാത്രമേ ലില്ലക്ക് കിരീടം ഉറപ്പാക്കാൻ ആവുമായിരുന്നുള്ളൂ. എന്നാൽ അത്തരം സമ്മർദ്ദത്തിൽ ഒന്നും ലില്ല പതറാതെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം അവർ നേടി. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി സമ്മർദ്ദങ്ങൾ മറികടക്കാൻ അവർക്ക് ആയി.ലില്ലയുടെ തൊട്ടു പിറകിൽ ഉണ്ടായിരുന്ന പി എസ് ജി ഇന്ന് ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി. തുടക്കത്തിൽ നെയ്മർ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും ഡി മറിയയുടെ ഒരു ഒളിമ്പിക് ഗോളും എമ്പപ്പെയുടെ രണ്ടാം പകുതിയിലെ ഗോളും പി എസ് ജിക്ക് വിജയം നൽകുകയായിരുന്നു.

ഇന്നലത്തെ വിജയത്തോടെ 83 പോയിന്റുമായാണ് ലില്ല ഒന്നാമത് ഫിനിഷ് ചെയ്ത് കിരീടം നേടിയത്. 82 പോയിന്റുമായി പി എസ് ജി രണ്ടാമതും ഫിനിഷ് ചെയ്തു. പി എസ് ജിക്ക് കിരീടം നേടാൻ ആവാത്തത് പരിശീലകൻ പോചടീനോയുടെ ഭാവിയെ ബാധിക്കും. ചാമ്പ്യൻസ് ലീഗിലും പി എസ് ജിക്ക് ഇത്തവണ നിരാശ ആയിരുന്നു സമ്പാദ്യം. ഇന്നത്തെ കിരീടം ലില്ലയുടെ നാലാം ലീഗ് കിരീടം മാത്രമാണ്. 1945-46, 1953-54, 2010-11 എന്നീ സീസണുകളിലാണ് മുമ്പ് ലില്ല കിരീടം നേടിയിട്ടുള്ളത്.