
❝സഞ്ജുവിന്റെ ബാറ്റിംഗ് കാണുമ്പോൾ സ്റ്റേഡിയത്തിന്റെ നാലുപുറം നോക്കണം ; സഞ്ജുവിനെ പ്രശംസിച്ച് യുവരാജ് സിംഗ്❞
ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് കഴിഞ്ഞ ദിവസം അയർലൻഡിനെതിരെ ഡുബ്ലിനിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ പിറന്നത്. സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്ന, ഇന്നിംഗ്സിന്റെ രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുത്ത 176 റൺസ് കൂട്ടുകെട്ട്, തകർത്തെറിഞ്ഞത് നിരവധി റെക്കോർഡുകൾ ആണ്. മത്സരത്തിൽ, ഇരുവരും ചേർന്ന് 85 പന്തുകളിൽ നിന്നാണ് 176 റൺസ് നേടിയത്.
ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു സാംസൺ, 42 പന്തുകളിൽ നിന്ന് 9 ഫോറും 4 സിക്സും ഉൾപ്പടെ 183.33 സ്ട്രൈക്ക് റേറ്റിൽ 77 റൺസ് നേടിയപ്പോൾ, മൂന്നാമനായി ക്രീസിലെത്തിയ ദീപക് ഹൂഡ, 57 പന്തുകളിൽ നിന്ന് 9 ഫോറും 6 സിക്സും സഹിതം 182.46 സ്ട്രൈക്ക് റേറ്റിൽ 104 റൺസ് നേടി. ഹൂഡയുടെ സെഞ്ച്വറി പ്രകടനത്തിനും, സഞ്ജുവിന്റെ അർധസെഞ്ച്വറി പ്രകടനത്തിനും ക്രിക്കറ്റ് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും പ്രശംസകൾ എത്തുന്നുണ്ട്.

ഇപ്പോൾ ഇരുവരെയും പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്റെറിലൂടെ ആയിരുന്നു യുവരാജിന്റെ പ്രതികരണം. ഹൂഡയുടെയും സഞ്ജുവിന്റെയും കൂട്ടുകെട്ടിനെ അഭിനന്ദിച്ച യുവി, ഇരുവരുടെയും ബാറ്റിംഗിനെ പ്രത്യേകം എടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. ഇരുവരും ലഭിച്ച അവസരം നല്ല രീതിയിൽ വിനിയോഗിച്ചു എന്നും യുവി അഭിപ്രായപ്പെട്ടു.
“ഹൂഡയുടെ സെഞ്ച്വറി പ്രകടനം വളരെ മികച്ചതായിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗും ഗംഭീരം തന്നെ. സ്റ്റേഡിയത്തിന്റെ നാല് ഭാഗത്തേക്ക് ഷോട്ടുകൾ പറത്തുകയായിരുന്നു, പക്വതയുള്ള ബാറ്റിംഗ്. ഇരുവരും അവർക്ക് ലഭിച്ച അവസരം മികച്ച രീതിയിൽ വിനിയോഗിച്ചു,” യുവരാജ് സിംഗ് ട്വീറ്റ് ചെയ്തു. സഞ്ജു സാംസണും ദീപക് ഹൂഡയും തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട്, വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.