“അവൾ എന്റെ സഹോദരിയാണ്, അവളെ ലൈൻ അടിച്ചാൽ നിന്നെ ഞാൻ ശരിപ്പെടുത്തും ; യുവരാജ് സിംഗ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് രോഹിത് ശർമ്മ “

ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴും ഏറ്റവും കൂടുതൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന കളിക്കാരനാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. സൗഹൃദങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും വിലകൽപ്പിക്കുന്ന താരമാണ് യുവരാജ് സിംഗ് എന്ന് നേരത്തെ പല താരങ്ങളും പല സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട്. അതേസമയം, യുവരാജ് സിംഗ് വളരെ കർക്കശക്കാരനും ദേഷ്യപ്പെടുന്ന വ്യക്തിയുമാണ് എന്നും പല ക്രിക്കറ്റ് താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ, യുവരാജുമായുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രോഹിത് തന്റെ ഭാര്യയായ റിതികയെ ആദ്യമായി കണ്ടുമുട്ടിയ സാഹചര്യമാണ് വിശദീകരിച്ചത്. ഒരു പരസ്യ ഷൂട്ടിങ്ങിനിടെയാണ് രോഹിത് ആദ്യമായി റിതികയെ കണ്ടുമുട്ടുന്നത്. യുവരാജ് സിംഗ് ആണ് റിതികയെ ആദ്യമായി രോഹിത്തിന് പരിചയപ്പെടുത്തിയത്. അപ്പോൾ നടന്ന സംഭവങ്ങളാണ് രോഹിത് ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്.

“ഞാൻ റിതികയെ ആദ്യമായി കാണുന്നത് ഒരു പരസ്യ ഷൂട്ടിങ്ങിനിടെയാണ്. അന്നേരം, ഞാനും യുവി പാജിയും, ഇർഫാൻ പത്താനും അവിടെ ഉണ്ടായിരുന്നു. റിതികയായിരുന്നു ആ ഷൂട്ടിംഗ് മാനേജ് ചെയ്തിരുന്നത്. യുവി പാജിയാണ്‌ ആദ്യമായി എനിക്ക് റിതികയെ പരിചയപ്പെടുത്തിതന്നത്. ‘ഇത്‌ റിതിക, എന്റെ സഹോദരിയാണ്‌. അതുകൊണ്ട് നീ അവളെ വല്ലാതെ നോക്കാനൊന്നും പോകണ്ട,’ യുവി പാജി ഇങ്ങനെയാണ് എനിക്ക് റിതികയെ പരിചയപ്പെടുത്തിതന്നത്,” രോഹിത് പറയുന്നു.

“അന്നേരം എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ റിതികയെ ശ്രദ്ധിക്കാനൊന്നും പോയില്ല. പിന്നെ പിന്നെ ഞങ്ങൾ സൗഹൃദത്തിലായി. റിതിക എന്റെ മാനേജർ ആയി. ഞങ്ങൾ പ്രണയത്തിലായി,” രോഹിത് പറഞ്ഞു. 2015-ലായിരുന്നു റിതികയും രോഹിത്തും തമ്മിലുള്ള വിവാഹം. ദമ്പതികൾക്ക് ഒരു മകളുണ്ട്. മുംബൈ ഇന്ത്യൻസിന്റെയും ഇന്ത്യയുടെയും കളികൾ നടക്കുന്ന വേദികളിൽ സ്ഥിര സാന്നിധ്യമാണ് ഇപ്പോൾ റിതിക.

Rate this post