❝ സമനിലകൊണ്ട് 🏆🔥 ഞങ്ങളുടെ കിരീടസാധ്യത
നഷ്ടമായിട്ടില്ല, ഇനിയും 💪⚽ പ്രതീക്ഷയുണ്ടെന്ന് സിദാൻ ❞

യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകളിൽ ഏറ്റവും കാടുതെ കിരീട പോരാട്ടം നടക്കുന്നത് സ്പാനിഷ് ലാ ലീഗയിലാണ്.അത്ലറ്റികോ മാഡ്രിഡിനും ബാഴ്സലോണക്കും റയൽ മാഡ്രിഡിനും ഒരു പോലെ സാധ്യതയാണ് കിരീട പോരാട്ടത്തിൽ കൽപ്പിച്ചിരുന്നത്. എന്നാൽ അവസാന മൂന്നു മത്സരങ്ങളിൽ രണ്ടു ഗോൾ രഹിത സമനില വഴങ്ങിയ നിലവിലെ ചാമ്പ്യന്മാരായ റയൽമാഡ്രിഡിന് വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്. റയൽ ബെറ്റിസിനെതിരെ നടന്ന ലീഗ് മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ലാ ലിഗ കിരീടപ്രതീക്ഷ നഷ്ടമായിട്ടില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ.ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ റയലിന് ഇപ്പോഴും കിരീടം നേടാൻ ആകുമെന്ന് വിശ്വാസം ഉണ്ടെന്നും സിദാൻ പറഞ്ഞു.

ഇന്നലെ കിരീട പോരാട്ടത്തിൽ നിർണായകമായിരുന്ന മത്സരത്തിൽ റയൽ ബെറ്റിസിനോട് റയൽ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു.രണ്ട് പോയിന്റ് മാത്രമാണ് നഷ്ടപ്പെട്ടത് എന്നും അല്ലാതെ ലീഗ് നഷ്ടമായിട്ടില്ല എന്നു സിദാൻ പറഞ്ഞു.ഇന്നലെ നടന്ന മത്സരത്തിൽ സമ്പൂർണാധിപത്യം പുലർത്തിയ റയൽ മാഡ്രിഡിനു പക്ഷെ ഗോൾ മാത്രം നേടാനായില്ല.മത്സരഫലം ലാ ലിഗ കിരീടം നഷ്ടപ്പെടുത്തുമെന്നു കരുതുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സിദാൻ. “ഞാനങ്ങനെ കരുതുന്നില്ല. രണ്ടു പോയിന്റ് നഷ്ടമായത് സത്യമാണെങ്കിലും കിരീടം നഷ്ടമായെന്നു ഞാൻ കരുതുന്നില്ല. ഞങ്ങൾ വീണ്ടും പൊരുതും. മത്സരത്തിൽ ഞങ്ങൾ ശ്രമം നടത്തിയിരുന്നെങ്കിലും ആക്രമണ നിരയിൽ എന്തിന്റെയൊ അഭാവമുണ്ടായിരുന്നു. എന്നാൽ ലീഗ് തീരുമാനിക്കപ്പെട്ടു എന്നു ഞാൻ കരുതുന്നില്ല.” സിദാൻ പറഞ്ഞു.


ഒരാഴ്ചക്ക് ഇടയിലെ റയലിന്റെ രണ്ടാം സമനില ആണിത്. നേരത്തെ ഗെറ്റഫയോടും റയൽ സമനില വഴങ്ങിയിരുന്നു. ഇന്നലെ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. അവസരങ്ങൾ ആവശ്യത്തിന് സൃഷ്ടിക്കാനാകാത്തത് ആണ് ഇന്നലെ വിനയായത് എന്ന് സിദാൻ പറഞ്ഞു. ടീം പരിശ്രമിച്ചു എന്നും ഈ പരിശ്രമം തുടരും എന്നും അദ്ദേഹം പറഞ്ഞു. റയലിനെ സംബന്ധിച്ചടുത്തോളം ലീഗ് അവസാനിച്ചിട്ടില്ല എന്നും സിദാൻ പറഞ്ഞു.മത്സരഫലം നൽകിയ നിരാശയിൽ റയലിന്റെ ഒരേയൊരു ആശ്വാസം സൂപ്പർതാരം ഈഡൻ ഹസാർഡ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതാണ്. എഴുപത്തിയേഴാം മിനുട്ടിൽ പകരക്കാരനായി കളത്തിലിറങ്ങിയ താരം ജനുവരി അവസാനത്തിനു ശേഷം റയലിനു വേണ്ടി കളിക്കുന്ന രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഇന്നലത്തേത്.

ഈ സമനിലയോടെ റയൽ മാഡ്രിഡ് കിരീട പോരാട്ടത്തിൽ പിറകോട്ട് പോയി. 33 മത്സരങ്ങളിൽ 71 പോയിന്റാണ് റയലിന് ഇപ്പോൾ ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 73 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്‌. 31 മത്സരങ്ങൾ മാത്രം കളിച്ച ബാഴ്സലോണ 68 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു‌