❝ രണ്ടാം തവണയും ക്ലബ് ⚽🚫 വിടാനുണ്ടായ
കാരണം തുറന്ന് 👔🗣 പറഞ്ഞു സിദാൻ ❞

ദിവസങ്ങൾക്ക് മുൻപാണ് സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. പരിശീലകൻ എന്ന നിലയിൽ ഇത് രണ്ടാം തവണയാണ് സിദാൻ സ്ഥാനമൊഴിയുന്നത്.സാന്റിയാഗോ ബെർണബ്യൂവിൽ രണ്ട് വ്യത്യസ്ത സ്പെല്ലുകളിലായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗാ കിരീടങ്ങളും സിദാൻ നേടിയിട്ടുണ്ട്. എന്നാൽ 2009-10 ന് ശേഷം ക്ലബ്ബിന്റെ ആദ്യ ട്രോഫി രഹിത സീസണ് ശേഷമാണ് സിദാൻ പരിശീലക സ്ഥാനം രാജി വെക്കാൻ തീരുമാനിക്കുന്നത്. എന്നാൽ താൻ പരിശീലക സ്ഥാനം രാജിവെക്കാനുളള കാരണത്തെ വ്യക്തമാക്കിയിരിക്കുകയാണ് സിദാൻ.

റയൽ മാഡ്രിഡിന് തന്നിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് താൻ പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് സിദാൻ പറയുന്നത് . റയൽ മാഡ്രിഡ് ആരാധകർക്കായി എഴുതിയ കത്തിലാണ് ക്ലബ് വിടുന്നതിന്റെ കാരണം സിദാൻ വെളിപ്പെടുത്തിയത്. 20 വർഷം മുൻപ് താൻ റയൽ മാഡ്രിഡിൽ എത്തിയത് മുതൽ ആരാധകർ നൽകിയ പിന്തുണക്കും സ്നേഹത്തിനും സിദാൻ ആരാധകരോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. 2018ൽ താൻ ക്ലബ് വിട്ടത് താൻ ഒരുപാട് കിരീടങ്ങൾ നേടിയതുകൊണ്ടാണെന്നും അതുകൊണ്ട് തന്നെ ആ സമയത്ത് ക്ലബ്ബിന്റെ സമീപനത്തിൽ മാറ്റം ആവശ്യമായിരുന്നെന്നും സിദാൻ പറഞ്ഞു.


എന്നാൽ അവസാന വർഷം ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ഇത് പരിശീലക സ്ഥാനം ഒഴിയാൻ കാരണമായെന്നും സിദാൻ പറഞ്ഞു. ദീർഘ കാലത്തേക്കുള്ള ഒരു ടീമിനെ വാർത്തെടുക്കാൻ തനിക്ക് ഒരു പിന്തുണയും റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും സിദാൻ പറഞ്ഞു. റയൽ മാഡ്രിഡിന് കിരീടം നേടാനാവാതെ പോയ ഘട്ടത്തിൽ ക്ലബ് പ്രസിഡന്റ് പെരസ് തന്നെ വേണ്ട രീതിയിൽ പിന്തുണച്ചില്ലെന്നും സിദാൻ പറഞ്ഞു. ഫുട്ബോൾ എന്താണെന്നും റയൽ മാഡ്രിഡ് പോലെയുള്ള ഒരു ക്ലബ്ബിന്റെ ആവശ്യങ്ങളും തനിക്കറിയാമെന്നും ടീം വിജയിക്കാത്തപ്പോൾ അവിടെ നിന്നും പോകണമെന്നത് എനിക്കറിയാമെന്നും സിദാൻ പറഞ്ഞു. പക്ഷെ എല്ലാവരും ഒരു കാര്യം മറന്നു ,ഓരോ ദിവസവും എടുത്തിട്ടാണ് ഇതെല്ലം രൂപപ്പെടുത്തിയിരിക്കുന്നത്.

മാധ്യമ പ്രവർത്തകരെയും സിദാൻ വിമർശിച്ചു , ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അടുത്ത മത്സരത്തിൽ വിജയം നേടിയില്ലെങ്കിലും ക്ലബ് തന്നെ പുറത്താക്കും എന്ന രീതിയിലുള്ള വാർത്തകൾ ഓരോ ദിവസവും ഉണ്ടാവുന്നത്. അതെല്ലാം ടീമിനെ മൊത്തമായി ബാധിക്കുന്ന ഒന്നായിരുന്നു. 2020 -21 സീസണിൽ ഉടനീളം മാധ്യമങ്ങൾ ക്ലബ്ബിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നെനും സിദാൻ പറഞ്ഞു.കളിയുടെ പവിത്രത സംരക്ഷിക്കുന്നതിനും കളിക്കാരെ സംരക്ഷിക്കുന്നതിനും മാധ്യമങ്ങൾ കൂടുതൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

അതിനിടയിൽ സിദാന് പകരമായി പാരീസ് സെന്റ് ജെർമെയ്ൻ ബോസ് മൗറീഷ്യോ പോച്ചെറ്റിനോ എത്തുമെന്നാണ് പുതിയ റിപോർട്ടുകൾ . ക്ലബ് വിടാനുളള ആഗ്രഹം അർജന്റീനക്കാരൻ പി‌എസ്‌ജിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ബെർണബ്യൂവിലേക്ക് വരുമോ അതോ പഴയ ക്ലബായ ടോട്ടൻഹാമിലേക്കുള്ള തിരിച്ചുവരുമോ എന്ന് വ്യക്തമല്ല. മുൻ ഇന്റർ ബോസ് അന്റോണിയോ കോണ്ടെയും പരിഗണിക്കുന്നുണ്ട്.