❝ യൂറോ 2000ത്തിൽ ഫ്രാൻസിനെ കിരീടമണിയിച്ച സിനദിൻ സിദാൻ മാസ്റ്റർ ക്ലാസ് ❞

1970 ലെ വേൾഡ് കപ്പിൽ പെലെ ,1974 ൽ ഫ്രാൻസ് ബെക്കൻബോവർ, 1986 ലെ ഡീഗോ മറഡോണ, 1984 ലെ മൈക്കൽ പ്ലാറ്റിനി ,1988 ലെ മാർക്കോ വാൻ ബാസ്റ്റന് അത് പോലെ 2000 ത്തിൽ ബെൽജിയത്തിലെ ഹോളണ്ടിലുമായി നടന്ന യൂറോ കപ്പിൽ ഫ്രഞ്ച് താരം സിനദിൻ സിദാന്റെ ആയിരുന്നു. 1998 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിൽ ഫ്രാൻസിന് കിരീടം നേടികൊടുത്തതിന് ശേഷം ദേശീയ ഹീറോ ആയ സിദാൻ യുവന്റസിന് സിരി എ കിരീടം നേടികൊടുത്തതിന് ശേഷമാണ് 2000 ത്തിലെ യൂറോ കപ്പിനെത്തുന്നത്. ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ സിഡാനെയുടെ സമ്പൂർണ്ണ പ്രകടനം കണ്ട ചാംപ്യൻഷിപ്പായിരുന്നു യൂറോ 2000 . 1998 ലോക കപ്പ് നേടിയ അതെ നിരയുമായി തന്നെയാണ് ഫ്രാൻസ് യൂറോ കപ്പിനെത്തിയത്.

ആതിഥേയരും ടൂർണമെന്റിൽ കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ഹോളണ്ട് ,1996 ലെ ഫൈനലിൽസ്റ് ചെക്ക് റിപ്പബ്ലിക്ക് , 1992 ലെ ചാമ്പ്യന്മാരായ ഡെൻമാർക്ക്‌ എന്നിവർക്കൊപ്പം ഗ്രൂപ് ഡിയിലായിരുന്നു ഫ്രാൻസിന്റെ സ്ഥാനം. സൂപ്പർ താരങ്ങളായ ,എബി സാൻഡ് ജോൺ ഡാൽ ടോമാസ്സണിനെ നേതൃത്വത്തിലുള്ള ഡെന്മാർക്കിനെതിരെയായിരുന്നു ഫ്രാൻസിന്റെ ആദ്യ മത്സരം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സിദാൻ നിയന്ത്രണം ഏറ്റെടുത്തു .മിഡ്ഫീൽഡിൽ ഒരു കലാകാരനെ പോലെ മേഞ്ഞു നടന്ന സിദാൻ ഫ്രാൻസിസിനെ മുന്നോട്ട് നയിച്ചു. 16 ആം മിനുട്ടിൽ സിദാനും ,അനെൽകയും ചേർന്നൊരു നീക്കത്തിനൊടുവിൽ ബ്ലാങ്ക് ഫ്രാൻസിനെ മുന്നിലെത്തിച്ചു.64 ആം മിനുട്ടിൽ സിദാൻ തുടങ്ങി വെച്ച കൌണ്ടർ അറ്റാക്കിൽ നിന്നും ഹെൻറി ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ സിൽ‌വെയ്ൻ വിൽ‌ട്ടോർഡ് ഒരു ഗോള് കൂടി വിജയമുറപ്പിച്ചു.

ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രാൻസ് വിജയിച്ചു. മത്സരത്തിൽ നിറഞ്ഞു നിന്ന സിദാന്റെ അളന്ന് മുറിച്ച പന്തുകൾ ഫ്രഞ്ച് സ്‌ട്രൈക്കര്മാര് ഉപയോഗിച്ചിരുന്നെങ്കിൽ സ്കോർ ലൈനിന് കൂടുതൽ തിളക്കം ലഭിക്കുമായിരുന്നു.ക്വാർട്ടർ ഫൈനലിലേക്കുള്ള വഴി ഉറപ്പായതോടെ സിദാനെയും മറ്റുള്ളവരെയും നെതർലാൻഡുമായുള്ള മത്സരത്തിൽ വിശ്രമം അനുവദിച്ചു. മത്സരത്തിൽ ഹോളണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു.

സ്പെയിനിനെതിരെയായിരുന്നു ഫ്രാൻസിസിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സിദാന്റെ മാന്ത്രിക പാദങ്ങൾ ചലിച്ചു തുടങ്ങിയപ്പോൾ തന്നെ മത്സരം ഫ്രഞ്ച് ടീമിന്റെ നിയന്ത്രണത്തിലായി. ഹെൻ‌റിക്കും ,ദുഗാരിക്കും നിരന്തരം പന്തുകൾ ലഭിച്ചു കൊണ്ടിരുന്നു. 32 ആം മിനുട്ടിൽ ഫ്രാൻസ് ആദ്യ ഗോൾ നേടി.യൂറി യോർകെഫിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഇൻ‌സ്റ്റെപ്പ് ഉപയോഗിച്ച് ശക്തമായി അടിക്കുന്നതിനു പകരം മനോഹരമായി വായുവിലൂടെ വളച്ച് സ്പാനിഷ് കീപ്പർ കനിസാറാസിനെ മറികടന്നു സിദാൻ വലയിലാക്കി. എന്നാൽ ലീഡ് ദീർഘനേരം നീണ്ടുനിന്നില്ല മെൻഡിയേറ്റ പെനാൽറ്റിയിലൂടെ സ്പെയിനിനെ ഒപ്പമെത്തിച്ചു എന്നാൽ 44 ആം മിനുട്ടിൽ വിയേറയുടെ പാസിൽ നിന്നും യോർകെഫ് ഫ്രാൻസിനെ മുന്നിലെത്തിച്ചു. എന്നാൽ 89 എം മിനുട്ടിൽ മുൻ റയൽ താരം റൗളിന് പെനാൽറ്റിയിലൂടെ സമനില നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. സിദാന്റെ മിഡ്ഫീൽഡ് മാസ്റ്റർ ക്ലാസ് കണ്ട മത്സരമായിരുന്നു ഇത്.

സെമിയിൽ പോർചുഗലിനെതിരെ ഇറങ്ങുമ്പോൾ ഫിഗോ സിദാൻ പോരാട്ടമാണ് എല്ലാവരും കാത്തിരുന്നത്. ഫിഗോ vs സിദാൻ ആരാണ് മികച്ചവൻ എന്ന സംവാദം നടക്കുന്ന കാലമായിരുന്നു അത്.മത്സരത്തിൽ സിദാന്റെ നേതൃത്വത്തിൽ ഫ്രാൻസും ഫിഗോയുടെ നേതൃത്വത്തിൽ പോർച്ചുഗലും മുന്നേറി കളിച്ചു. എന്നാൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് ന്യൂനോ ഗോമസിലൂടെ പോർച്ചുഗൽ മുന്നിലെത്തി .സമനിലക്കായി ഫ്രാൻസ് ശ്രമിച്ചെങ്കിലും പോർച്ചുഗൽ ഡിഫെൻസ് ഉറച്ചു നിന്നു. എന്നാൽ രണ്ടാം പകുതിയിൽ സിദാനിൽ നിന്നും തുടങ്ങിയ പാസിൽ നിന്നും അനെൽകയും ഹെൻ‌റിയും ഒരുമിച്ചുള്ള മുന്നേറ്റത്തിൽ നിന്നും ഹെൻറി ഫ്രാൻസിനെ ഒപ്പമെത്തിച്ചു . നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 118 ആം മിനുട്ടിൽ ആബെൽ സേവ്യറിന്റെ ഒരു ഹാൻഡ് ബോളിൽ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു . പിഴവുകളില്ലാതെ സിദാൻ പന്ത് വലയിലാക്കിയതോടെ റോട്ടർഡാമിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസ് സ്ഥാനമുറപ്പിച്ചു.

ഫൈനലിൽ ഇറ്റാലിയയായിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. ഇറ്റലിയിൽ കളിക്കുന്ന സിദാന്റെ എല്ലാ ചലനങ്ങളും അറിയാവുന്ന ഇറ്റാലിയൻ ഡിഫെൻസ് സിദാനെ മാർക്ക് ചെയ്യാൻ ശ്രമിച്ചു. ആദ്യ പ്കുത്തിയിൽ ഹെൻറിയുടെ ഫ്രാൻസും ടോട്ടിയിലൂടെ ഇറ്റലിയും മുന്നേറി കൊണ്ടിരുന്നു. രണ്ടാം പകുതിയുടെ 55 മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ മാർക്കോ ഡെൽ‌വെച്ചിയോ ഇറ്റലിയെ മുന്നിലെത്തിച്ചു. ഗോൾ വീണതോടെ ഫ്രാൻസ് കൂടുതൽ ഉണർന്നു കളിച്ചെങ്കിലും ഇറ്റാലിയൻ ഡിഫെൻസിനെ മറികടക്കാനയില്ല. ഇറ്റലി കിരീടത്തോട് അടുക്കുകയായിരുന്നു. എന്നാൽ 93 ആം മിനുട്ടിൽ പകരക്കാരൻ വിൽ‌ട്ടോർഡിന്റെ ഇടം കാൽ സ്ട്രൈക്ക് ഫ്രാൻസെസ്കോ ടോൾഡോയെ കീഴടക്കി വലയിലാക്കി ഫ്രാൻസിന് സമനില സമ്മാനിച്ചു.

സെമിയിൽ എന്ന പോലെ മത്സരം അധിക സമയത്തേക്ക് കടന്നു. എക്സ്ട്രാ ടൈമിന്റെ 103 ആം മിനുട്ടിൽ ഡേവിഡ് ട്രെസ്ഗെയുടെ ഇടം കാൽ ഷോട്ട് ഇറ്റലിയുടെ ഹൃദയം തകർത്ത് വലയിലേക്ക് കയറി.വിങ്ങിലൂടെ കുതിച്ചെത്തിയ റോബർട്ട് പിറസ് നൽകിയ ഒരു അത്യുജ്വല ക്രോസിൽ നിന്നും… പേര് കേട്ട ഇറ്റാലിയൻ ഡിഫൻസിൽ നിന്നും ആരാലും മാർക്ക് ചെയ്യപ്പെടാതെ പെനാൾട്ടി ബോക്സിൽ കഴുകന്റെ കണ്ണുകളുമായി നിൽക്കെ, നിമിശ നേരത്തിൽ ഇടം കാലുകൊണ്ട് വലക്കകത്തെ മേൽകൂരയിലേക്ക് ബുള്ളറ്റ് കണക്കെ തൊടുത്ത് വിട്ട ഗോളായിരുന്നു അത്.

വേൾഡ് കപ്പിന് ശേഷം യൂറോ കപ്പും ഫ്രാൻസിനൊപ്പം നിന്നു. സ്പെയിനിനെതിരെയുളള ക്വാർട്ടറിലും പോർചുഗലിനെതിരെയുള്ള സെമിയിലും ആരാധകർക്ക് കണ്ണിനു കുളിർമയേകുന്ന ഫുട്ബോൾ വിരുന്നു തന്നെയാണ് സിദാൻ ഒരുക്കിയത്.ഫ്രാൻസ് കിരീടം നേടിയതോടെ ടൂർണമെന്റിലെ മികച്ച താരം ആരെന്നതിനുള്ള മറുചോദ്യം ഉണ്ടായിരുന്നില്ല. ഒരേയൊരു സിദാൻ മാത്രം.

Rate this post