ബ്രസീലിനെ വരച്ച വരയിൽ നിർത്തിയ സിനദിൻ സിദാൻ മിഡ്ഫീൽഡ് മാസ്റ്റർക്ലാസ് |Zinedine Zidane |World Cup

ലോക ഫുട്ബോളിൽ ഏറ്റവും മനോഹരമായി കളിക്കുന്ന കളിക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ. പച്ച പുൽ മൈതാനത്ത് മാന്ത്രിക കാലുകൾ കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്ന താരത്തിന്റെ കളിയഴക് എന്നും കളിയാരാധകർക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്.

ഫുട്ബോളിൽ അപൂർവമായി കാണുന്ന പ്രതിഭകളിൽ ഒന്ന് തന്നെയാണ് സിദാൻ. അവഗണിക്കപ്പെട്ട ജനസമൂഹത്തിന്റെ വളർച്ചയിൽ ഒരു ഫുട്ബോൾ താരത്തിന്റെ പങ്കു എന്താണെന്നുള്ളത് 1998 ലെ ലോകകപ്പ് വിജയത്തിലൂടെ സിദാൻ നമുക്ക കാണിച്ചു തന്നിട്ടുണ്ട്. ഫ്രാൻസിൽ അവകാശങ്ങൾക്ക് വേണ്ടി പടപൊരുതിയ കുടിയേറ്റ വംശക്കാർക്കിടയിൽ 98 ലെ വേൾഡ് കപ്പ് നേടികൊടുത്തതിലൂടെ സിദാൻ ചെലുത്തിയ സ്വാധീനം വളരെ വലുത് തന്നെയാണ്.

തൊണ്ണൂറുകളുടെ അവസാനത്തിൽ ഫുട്ബോൾ വിദഗ്ധന്മാരുടെ ഇടയിൽ കേട്ടിരുന്ന ഒരു ചൊല്ലാണ് ” സിനദിൻ സിദാനും ചാരുതയും പരസ്പരം കൈകോർക്കുകയാണെങ്കിൽ അവിടെ അത്ഭുതങ്ങൾ സംഭവിക്കും “. അങ്ങനെ ഒരു അത്ഭുതം നടന്നിട്ട് 15 വര്ഷം തികയുകയാണ്. ഇപ്പോഴുള്ള ചെറുപ്പക്കർക്ക് സിദാൻ എന്ന ലോകോത്തര മാനേജർ എന്ന് അറിയാമെങ്കിലും സിദാൻ എന്ന ലോകോത്തര താരത്തെ അറിയാൻ സാധിക്കില്ല.

യൂറോ 2004 ൽ ഗ്രീസിനെതിരായ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം 32 ആം വയസ്സിൽ സിനദിൻ സിദാൻ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചു. സിദാനൊപ്പം ബിക്‍സെൻറ് ലിസാറാസു, മാർസെൽ ഡെസെയ്‌ലി, മക്കലേ, ലിലിയൻ തുറാം എന്നിവരും വിരമിക്കൽ പ്രഖ്യാപിച്ചു. 2006 ലോകകപ്പ് ആദ്യ ആറ് യോഗ്യതാ മത്സരങ്ങളിൽ നാലെണ്ണം സമനിലയിൽ പിരിഞ്ഞ ഫ്രാൻസ് ലോകകപ്പിന് യോഗ്യത നേടാൻ പാടുപെടുകയായിരുന്നു. കോച്ച് റെയ്മണ്ട് ഡൊമെനെക്കിന്റെ ആവശ്യപ്രകാരം വിരമിച്ച സിദാനെ ടീമിലേക്ക് തിരിച്ചു വിളിക്കുവുകയും ടീമിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. ഫറോ ദ്വീപുകൾക്കെതിരെ 3-0 ന് ജയിച്ച സിദാനെ, തുറാം, മക്കലേ എന്നിവർക്കൊപ്പം ഫ്രാൻസിനായി സിദാനും തിരിച്ചു വരവ് നടത്തി. അവസാന നാല് കളികളിൽ മൂന്നും ജയിച്ച ഫ്രാൻസ് യോഗ്യത നേടുകയും ചെയ്തു.

വേൾഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിന് നന്നായി കളിയ്ക്കാൻ സാധിച്ചില്ല. ഒരു ജയവും രണ്ടു സമനിലയുമായി അഞ്ച് പോയിന്റുമായി സ്വിറ്റ്സർലണ്ടിന് പിന്നിൽ രണ്ടാമതായി അവസാന പതിനാറിലെത്തി. ടോഗോയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ രണ്ട് മഞ്ഞ കാർഡുകൾ എടുത്ത് സിദാനെ സസ്‌പെൻഡ് ചെയ്തു. പ്രീ ക്വാർട്ടറിൽ സ്പെയിനായിരുന്നു എതിരാളികൾ .പെനാൽറ്റി സ്‌പോട്ടിൽ നിന്ന് ഡേവിഡ് വില്ല ഗോൾ നേടി 28 ആം മിനുട്ടിൽ സ്‌പെയിനിന് ലീഡ് നൽകി. 13 മിനിറ്റിനുശേഷം ഫ്രാങ്ക് റിബെറി സമനില നേടി. 83 ആം മിനുട്ടിൽ സിദാന്റെ ഫ്രീ കിക്കിന് തലവെച്ച് പാട്രിക് വിയേര ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ സിദാന്റെ മികച്ച ഗോൾ ഫ്രാൻസിസിന്റെ വിജയം പൂർത്തിയാക്കി.

ക്വാർട്ടർ ഫൈനലിൽ ബ്രസീലായിരുന്നു ഫ്രാൻസിന്റെ എതിരാളികൾ നാല് മത്സരങ്ങളിൽ നിന്നും പത്തു ഗോൾ നേടുകയും ഒരു ഗോൾ മാത്രം വഴങ്ങി രാജകീയമായാണ് ബ്രസീൽ ഫ്രാൻസിസിനെ നേരിടാനെത്തിയത്. റൊണാൾഡീഞ്ഞോ സിദാൻ പോരാട്ടം എന്നാണ് മത്സരത്തെ വിശേഷിപ്പിച്ചത്. ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫ്രാൻസ് ക്യാപ്റ്റൻ തുടക്കത്തിൽ തന്നെ ബ്രസീലിനു മുന്നറിയിപ്പ് കൊടുത്തു.ആദ്യ മിനിറ്റിൽ തന്നെ സിഡാനെ മൂന്ന് ബ്രസീലിയൻ കളിക്കാരെ മറികടന്നു മുന്നേറി.

ഫ്രാങ്ക്ഫർട്ട് അരീനയിൽ 90 മിനുട്ടും ശുദ്ധമായ മാജിക്കും കവിതയും വിരിഞ്ഞു. കളിയിൽ ഉടനീളം സിദാൻ പന്ത് കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരച്ചു.ബ്രസീലിലെ സൂപ്പർതാരങ്ങളായ റൊണാൾഡോ, കക, റൊണാൾഡിനോ എന്നിവർ ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്തുന്നതിൽ പരാജയപ്പെടുത്തി സിദാൻ മിഡ്‌ഫീൽഡിനെ കീഴടക്കി. 57-ാം മിനിറ്റിൽ സിദാൻ എടുത്ത പിൻ‌പോയിന്റ് ഫ്രീ-കിക്ക് മാർക്ക് ചെയ്യപെടാതിരുന്ന തിയറി ഹെൻട്രി സമർത്ഥമായി വലയിലാക്കി മത്സരത്തിലെ ഏക ഗോൾ നേടി.

ആ മത്സരത്തിലെ സിദാന്റെ പ്രകടനം പ്രകടനം എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനമായി കണക്കാക്കപ്പെടുന്നു. കളിക്കളത്തിൽ ശരിയായ നമ്പർ 10 റോൾ എങ്ങനെയാണെന്നും സിദാൻ കാണിച്ചു തന്നു. പാട്രിക് വിയേരയും ക്ലോഡിയോ മക്കെലെയും ഹോൾഡിങ് മിഡ്ഫീൽഡർമാരായി നിറഞ്ഞു നിന്നപ്പോൾ ബ്രസീലിയൻ മിഡ്‌ഫീൽഡിനെ സിദാൻ നിർവീര്യമാക്കി. ഒരു ഡീപ് ലയിങ് പ്ലെ മേക്കറുടെ റോളിൽ ഒരു ലിങ്ക് അപ്പ് പ്ലെ ക്രിയേറ്റ് ചെയ്ത സിദാൻ വിങ്ങുകളിലും മുന്നേറ്റത്തിലും നിരന്തരം പാസുകൾ എത്തിച്ചു കൊടുത്തു.മറ്റ് അവസരങ്ങളിൽ എതിരാളികളെ ഡ്രിബ്ലിംഗ് ചെയ്ത് മുന്നേറുകയും ചെയ്തു. സിദാന്റെ ക്ലാസിക് ഡിസ്പ്ലേയുടെ പ്രദർശനമായിരുന്നു ഇത്.

സെമിഫൈനലിൽ പോർച്ചുഗലായിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. പെനാൽറ്റി സ്‌പോട്ടിൽ നിന്ന് മത്സരത്തിലെ ഏക ഗോൾ നേടി സിദാൻ ഫ്രാൻസിനെ ഫൈനലിലെത്തിച്ചു. ഇറ്റലിക്കെതിരെയുള്ള ഫൈനലിൽ സിദാൻ വീണ്ടും ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഇറ്റലിക്ക് വേണ്ടി മാർക്കോ മാറ്റെറാസി സമനില നേടുകയും കളി അധിക സമയത്തിലേക്ക് കടക്കുകയും ചെയ്തു. എക്സ്ട്രാ ടൈമിൽ സിദാന്റെ മനോഹരമായ ഹെഡ്ഡർ അത്ഭുതകരമായ രീതിയിലാണ് ഗോൾകീപ്പർ ഗിയാൻലൂയിഗി ബഫൺ രക്ഷപെടുത്തിയത്. എന്നാൽ മാർക്കോ മാറ്റെറാസിയെ തലകൊണ്ടിടിച്ച് ചുവപ്പു കാർഡ് വാങ്ങി സിദാൻ പുറത്തേക്ക് പോയി. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇറ്റലി വിജയിക്കുകയും നാലാമത്തെ ലോക കിരീടത്തിൽ മുത്തമിടുകയും ചെയ്തു.

ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി സിദാനെ തെരഞ്ഞെടുത്തു. ഗോൾഡൻ ബോൾ അവാർഡ് സ്വന്തമാക്കുകയും ചെയ്തു. 15 വർഷത്തിനുശേഷം ബ്രസീലിനെതിരെയുള്ള സിദാന്റെ പ്രകടനം പ്രതിഭാസമായി തുടരുന്നു. അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങളും വ്യക്തിഗത പ്രകടനങ്ങളും ഫ്രാൻസിനെ ഫൈനലിലേക്ക് എത്തിച്ചു. എന്നാൽ സിദാൻ ശാന്തനാക്കിയിരുന്നെങ്കിൽ ഫ്രാൻസിന് ട്രോഫി നേടാനുള്ള മികച്ച അവസരം ലഭിക്കുമായിരുന്നു.

Rate this post