❝കളിക്കാരുടെ ജോലിഭാരം കൂടുന്നതിനെതിരെ വിമർശനവുമായി റയൽ പരിശീലകൻ സിദാൻ ❞

ലാ ലീഗയിലെ നിർണായകമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണക്കെതിരെ തകർപ്പൻ ജയമാണ് റയൽ മാഡ്രിഡ് നേടിയത്. പരിശീലകൻ സിനദിൻ സിദാന്റെ തന്ത്രങ്ങൾ താരങ്ങൾ പിച്ചിൽ നടപ്പിലാക്കിയപ്പോൾ വിലപ്പെട്ട മൂന്നു പോയിന്റും ലാ ലിഗ ഒന്നാം സ്ഥാനവും റയൽ കയ്യിലാക്കി. എന്നാൽ കളിക്കാരുടെ ജോലിഭാരം കൂടുന്നതിനിതിരെ വിമർശിക്കുകയും ചെയ്തു റയൽ പരിശീലകൻ. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ റയൽ മാഡ്രിഡിന്റെ മൂന്നാമത്തെ കളിയായിരുന്നു എൽ ക്ലാസിക്കോ.

ചൊവ്വാഴ്ച എസ്റ്റാഡിയോ ആൽഫ്രെഡോ ഡി സ്റ്റെഫാനോയിൽ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെയും, ഐബറിനെതിരെയും ആയിരുന്നു റയലിന്റെ മത്സരം. 15 ആം തീയതി റയൽ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിനായി ആൻഫീൽഡിലേക്ക് തിരിക്കും. ” ഈ വിജയം ഒന്നും മാറ്റില്ല, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. രണ്ടു കഠിനമായ മത്സരത്തിന് ശേഷം ഞങ്ങൾക്ക് വിശ്രമിക്കണം ” മത്സരത്തിനു ശേഷമുള്ള കോൺഫറൻസിൽ സിദാൻ പറഞ്ഞു.


ഇത്രയും കടുത്ത ഫിക്സ്ചറുകൾക്കിടയിൽ കളിക്കാരുടെ ശാരീരിക അവസ്ഥ വളരെ മോശമാവുമെന്നും സിദാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ ഞങ്ങൾ വിശ്രമിക്കണം. ഞങ്ങൾ എങ്ങനെ സീസൺ പൂർത്തിയാക്കാൻ പോകുന്നുവെന്ന് എനിക്കറിയില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. “അവ ഓരോ വ്യക്തിയുടെയും വികാരങ്ങളാണ്. റഫറി ഒരു പെനാൽറ്റി നൽകാത്തത് അത് ഒരു പെനാൽറ്റി ആവാത്തതുകൊണ്ടാണ് .

സമയം കൂടുതൽ നല്കുന്നത് തീരുമാനിക്കുന്നത് റഫറിയാണ് . പ്രധാന കാര്യം പിച്ചിൽ എന്ത് ചെയ്തു എന്നതാണ്, ബാഴ്സയെക്കാൾ മികച്ച കളി കാഴ്ചവെച്ചത് കൊണ്ട് ഞങ്ങൾ മത്സരത്തിൽ വിജയിച്ചു ” 84 ആം മിനുട്ടിൽ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദാൻ മറുപടി പറഞ്ഞു. ലീഗിൽ എട്ടു മത്സരങ്ങൾ അവശേഷിക്കെ കിരീടം നിലനിർത്താനാവുമെന്നു തന്നെയാണ് സിദാന്റെ കണക്കു കൂട്ടൽ.