❝ മരിക്കുന്നെങ്കിൽ 🔥പോരാടി മരിക്കും,
ശേഷിക്കുന്നത് രണ്ടു മത്സരങ്ങൾ 💪💥
ജയിക്കാൻ തന്നെ തീരുമാനം ❞

ലാ ലീഗ കിരീട പോരാട്ടത്തിൽ പിന്നോട്ടില്ല എന്നുറപ്പിച്ചു തന്നെയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ എവേ മത്സരത്തിൽ ഗ്രാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറക്കാനും റയലിനായി. കഴിഞ്ഞ മത്സരത്തിൽ ലെവന്റായോട് സമനില വഴങ്ങിയ ബാഴ്സലോണ കിരീട പോർട്ടത്തിൽ നിന്നും ഏകദേശം പുറത്താണ്.2013-14 ന് ശേഷം ആദ്യ ലാലിഗ കിരീടം നേടാൻ ഉറച്ചാണ് അത്ലറ്റികോ ഇറങ്ങുന്നത്.എന്നാൽ ലഭിക്കുന്ന ചെറിയ അവസരമാണെങ്കിലും അത് മുതലാക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.

ഇന്നലത്തെ മത്സരത്തിലെ ജയത്തോട് കൂടി റയലിന്റെ ആത്മവിശ്വാസം കൂടുതൽ ഉയർന്നിരിക്കുകയാണ്.ലാ ലിഗാ കിരീട പോരാട്ടത്തിൽ അവസാന നിമിഷം വരെ പോരാടാൻ ഉറച്ചു തന്നെയാണ് റയൽ മാഡ്രിഡ് ഹെഡ് കോച്ച് സിനെഡിൻ സിദാൻ. “ഞങ്ങൾ മുന്നോട്ട് പോകും; രണ്ട് ഗെയിമുകൾ അവശേഷിക്കുന്നു, അവസാന നിമിഷം വരെ ഞങ്ങൾ പോരാടും ,” മത്സരത്തിന് ശേഷം സിദാൻ പറഞ്ഞു.അറ്റ്ലെറ്റിക്കോയുടെ അവസാന രണ്ട് ലീഗ് ഗെയിമുകൾ പതിനൊന്നാം സ്ഥാനത്തുള്ള ഒസാസുനയ്ക്കും 18-ാം സ്ഥാനത്തുള്ള വല്ലാഡോളിഡിനുമെതിരെയാണ്. അവസാന മത്സരങ്ങളിൽ റയൽ ഒമ്പതാം സ്ഥാനത്തുള്ള അത്‌ലറ്റിക് ബിൽബാവോയെയും ഏഴാം സ്ഥാനത്തുള്ള വിയ്യാറയലിനെയും നേരിടും.


ലാ ലീഗയിലെ അവസാന 16 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് റയൽ മുന്നേറുന്നത്. അവസാന 16 മത്സരങ്ങളിൽ 11 ജയവും 5 സമനിലയും നേടി. ജനുവരിയിൽ ലെവന്റെക്കെതിരെയാണ് റയൽ അവസാനമായി ലീഗിൽ പരാജയമറിഞ്ഞത്.2016-17 സീസണിൽ സിദാന് കീഴിൽ 16 മത്സരങ്ങളിൽ റയൽ തോൽവി അറിയാതെ മുന്നോട്ട് പോയിട്ടുണ്ട്. സിദാന് വളരെ സന്തോഷം നൽകുന്ന ജയമായിരുന്നു ഗ്രാനഡക്കെതിരെ , ” ഗോളുകൾ നേടിയത് മാത്രമല്ല ഞങ്ങൾ വളരെ നന്നായി കളിച്ചു, പ്രതിരോധത്തിലും മികച്ചു നിന്നു ” സിദാൻ പറഞ്ഞു.

” ഞങ്ങൾ വളരെ നന്നായാണ് മത്സരം ആരംഭിച്ചത്,ഇത് ഒരു പൂർണ്ണ പ്രകടനമായിരുന്നു . ഗോൾ വഴങ്ങിയിട്ടും കൂടുതൽ ആക്രമിച്ചു കളിക്കാനും വേഗത്തിൽ സ്കോർ ചെയ്യാനും സാധിച്ചു “. ഇന്നലെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച മാർവിന്റെ പ്രകടനത്തെയും അദ്ദേഹം പുകഴ്ത്തി. മത്സരത്തിൽ റോഡ്രിഗോയുടെ ഗോളിന് വഴിയൊരുക്കിയത് മാർവിനായിരുന്നു. ഹാംസ്ട്രിംഗ്പരിക്ക് മൂലമാണ് മാർവിനെ സബ്സ്റ്റിറ്റ് ചെയ്തത്.എല്ലാ സീസണിലും സിഡാനെ തന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ടിംഗ് ഇലവൻ ആണ് ഇന്നലെ ഇറങ്ങിയത്.പരിക്ക് കാരണം മാർസെലോ മലരത്തിൽ കളിയ്ക്കാൻ സാധിച്ചില്ല.അദ്ദേഹത്തിന് പകരമായാണ് മാർവിന് ടീമിൽ ഇടം പിടിച്ചത്.