❝സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനത്തു നിന്നും ഒഴിയുമോ ? ❞

റയൽ മാഡ്രിഡുമായുള്ള കരാർ ഒരു വർഷം കൂടി ബാക്കിയുണ്ടെങ്കിലും ഈ സീസൺ അവാനത്തോടെ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ ക്ലബ് വിടുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ഈ സീസണിനപ്പുറം തുടരാൻ ഫ്രഞ്ച്കാരൻ തയ്യാറാകില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗോളിലെ ഒരു റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡിലെ താരങ്ങളുമായും സ്റ്റാഫുകളുമായും സംസാരിച്ചതിനു ശേഷം പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം റയലിൽ ഈ സീസണു ശേഷം പരിശീലകമാറ്റമുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

2022 വരെ മാഡ്രിഡുമായി കരാറുള്ള സിദാൻ 2018 ൽ ക്ലബ് വിട്ടു പോയെങ്കിലും ജൂലെൻ ലോപെറ്റെഗുയിയും സാന്റിയാഗോ സോളാരിയും പ്രതീക്ഷിച്ച ഉയരത്തിൽ എത്താതായപ്പോൾ കുറച്ച് മാസങ്ങൾക്ക് ശേഷം ഫ്ലോറന്റിനോ പെരസ് തിരികെ കൊണ്ടുവന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ട പുറത്തായെങ്കിലും ലാ ലീഗയിൽ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് സിദാൻ . വരുന്ന മത്സരത്തിൽ സെവിയ്യയെ പരാജയപെടുത്തുകയും ബാഴ്സലോണക്കെതിരെ അറ്റ്ലെറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുകയും ചെയ്താൽ റയലിന് കിരീടത്തിനു സാധ്യതയുണ്ട്.


തന്റെ നിയന്ത്രണത്തിലില്ലാത്ത നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്‌ത്‌ സിദാൻ തളർന്നു പോയെന്നാണ്‌ ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്കു പുറകെ സെപ്‌തംബറിൽ സീസൺ തുടങ്ങിയതിനു ശേഷമുള്ള അടുപ്പിച്ചുള്ള മത്സരങ്ങളും നിരവധി പരിക്കുകളും താരങ്ങളെയും സ്റ്റാഫുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പം ടീമിന്റെ ഫോമിലുള്ള ഏറ്റക്കുറച്ചിലുകൾ മൂലമുള്ള വിമർശനങ്ങളും പല ഭാഗത്തു നിന്നും ഉയരുന്നു. മാർസെലോ, ഇസ്കോ തുടങ്ങിയ വിശ്വസ്ത കളിക്കാരിൽ നിന്നും മികച്ച പ്രകടനവും പൂർണ്ണ പിന്തുണയും സിദാന് ലഭിക്കുന്നില്ല.

സിദാനെ ബെർണബ്യൂവിൽ നിലനിർത്താനായി പരമാവധി ശ്രമിക്കുമെന്നും റയൽ ബോർഡ് വ്യക്തമാക്കി.എന്നാൽ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനങ്ങളിൽ ഫ്രഞ്ചുകാരൻ തന്റെ ഭാവിയെക്കുറിച്ച് ചോദിക്കുമ്പോൾ അവ്യക്തമായ ഉത്തരമാണ് നൽകുന്നത്.സിദാൻ എടുക്കുന്ന ഏത് തീരുമാനത്തെയും ബോർഡ് അംഗീകരിക്കുന്നു എന്നും അടുത്ത സീസണിലേക്കായി മികച്ച താരങ്ങളെ ടീമിലെത്തിച്ച് സിദാനെ നിലനിർത്താനുള്ള നീക്കങ്ങൾ അവർ നടത്തുന്നുണ്ട്.അതേസമയം സിദാൻ പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണെങ്കിൽ പകരക്കാരായി മൂന്നു പേരെയാണ് ഫ്ലോറന്റീനോ പെരസ് പരിഗണിക്കുന്നത്. റൗൾ, ജർമനി ദേശീയ ടീം പരിശീലകൻ ജോക്കിം ലോ, മുൻ യുവന്റസ് മാനേജർ മാസിമിലിയാനോ അല്ലെഗ്രി എന്നിവരാണ് പട്ടികയിലുള്ളത്.