ലയണൽ മെസ്സിക്ക് വേണ്ടി അർജന്റീന വേൾഡ് കപ്പ് നേടണമെന്ന് സ്ലാറ്റൻ ഇബ്രാഹിമൊവിച്ച് |Qatar 2022

വേൾഡ് കപ്പ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് അർജന്റീനക്ക് ഇനി മൂന്ന് ചുവട് കൂടിയാണ് വെക്കാനുള്ളത്. അർജന്റീന ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനി ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ.അവരെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാൻ കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

ആ വിശ്വാസം വർധിപ്പിക്കുന്നത് മറ്റാരുമല്ല,സാക്ഷാൽ ലയണൽ മെസ്സിയാണ്. അർജന്റീനക്ക് പ്രതിസന്ധികൾ ഉണ്ടായപ്പോഴൊക്കെ മെസ്സി രക്ഷയ്ക്കെത്തിയിട്ടുണ്ട്. മെക്സിക്കോക്കെതിരെയുള്ള മത്സരത്തിലും ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലും മെസ്സി തന്നെയായിരുന്നു അർജന്റീനക്ക് നിർണായകമായ വഴിത്തിരിവുകൾ സൃഷ്ടിച്ചിരുന്നത്.

തന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇതെന്ന് മെസ്സി മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങുന്നത് കാണാൻ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ആ കൂട്ടത്തിലേക്ക് ഇപ്പോൾ മറ്റൊരു വ്യക്തി കൂടി എത്തിച്ചേർന്നിട്ടുണ്ട്.മറ്റാരുമല്ല,സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്.

ലയണൽ മെസ്സിക്ക് വേണ്ടി അർജന്റീന ഇത്തവണ വേൾഡ് കപ്പ് കിരീടം നേടുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്.433 എന്ന ഫുട്ബോൾ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഈ എസി മിലാൻ താരം. നേരത്തെ എഫ്സി ബാഴ്സലോണയിൽ ലയണൽ മെസ്സിക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് സ്ലാട്ടൻ.എന്നാൽ ഈ വേൾഡ് കപ്പിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

അതേസമയം സ്പെയിനിന്റെ പരിശീലകനായ ലൂയിസ് എൻറിക്കെ നേരത്തെ തന്നെ മെസ്സി വേൾഡ് കപ്പ് കിരീടം നേടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്പെയിനിന് ലഭിക്കുന്നില്ലെങ്കിൽ അർജന്റീന നേടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്‌പൈനാവട്ടെ കഴിഞ്ഞ മത്സരത്തിൽ മൊറോക്കോയോട് പരാജയപ്പെട്ടു കൊണ്ട് വേൾഡ് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

Rate this post