2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ അര്ജന്റീന ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും ഗോൾ കീപ്പർ സെർജിയോ റൊമേറോയുടെ പ്രകടനം ആരും മാറക്കാനിടയുണ്ടാവില്ല. ഹോളണ്ടിനെതിരെയുള്ള സെമി ഫൈനൽ പെനാൽറ്റി ഷൂട്ട് ഔട്ടിലടക്കം മിന്നുന്ന പ്രകടനമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ പുറത്തെടുത്തത്.
എന്നാൽ പരിശീലനത്തിനിടെ വലത് കാൽമുട്ടിന് പരിക്കേറ്റതോടെ 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ താരത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 2018ലാണ് അർജന്റീനക്കായി അവസാനത്തെ മത്സരം റോമെറോ കളിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താരം വീണ്ടും അർജന്റീനയുടെ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.2026 ലെ ലോകകപ്പിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരങ്ങൾ അടുത്ത മാസം ആരംഭിക്കവേ അർജന്റീനിയൻ ടീമിൽ റൊമേരോ തിരിച്ചെത്തുന്നു എന്നുള്ള വാർത്തകൾ തന്നെയാണ് പല അർജന്റീനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനിയൻ മാധ്യമ പ്രവർത്തകൻ ഫെർണാണ്ടോ കൈസ് താരം അർജന്റീനിയൻ ടീമിൽ മടങ്ങിയെത്താനുള്ള സാധ്യതകൾ റിപ്പോർട്ട് ചെയ്യുന്നു.
ടീമിന്റെ മൂന്നാം നമ്പർ ഗോൾ കീപ്പറായിട്ടായിരിക്കും അദ്ദേഹം തിരിച്ചെത്തുക.2010, 2014 ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് 96 മത്സരങ്ങളോടെ അർജന്റീന ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പറാണ് 31 കാരനായ റൊമേറോ.റൊമേറോ മൂന്ന് കോപ്പ അമേരിക്കകളിൽ അർജന്റീനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ 2008 ബീജിംഗ് ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു.ബൊക്ക ജൂനിയേഴ്സിൽ ചേർന്നതു മുതൽ മികച്ച ഫോമിലാണ് ഗോൾ കീപ്പർ.സെപ്തംബർ 7ന് ഇക്വഡോറിനെതിരെയും രണ്ടാമത്തേത് 12ന് ബൊളീവിയക്കെതിരെയുമാണ്. അർജന്റീനയുടെ യോഗ്യത മത്സരങ്ങൾ .
15 വർഷത്തോളം നീണ്ട യൂറോപ്യൻ കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് റൊമേറോ ബൊക്ക ജൂനിയേഴ്സിലെക്ക് മടങ്ങിയത്.കരിയറിന്റെ തുടക്കത്തിൽ 2006-07 സീസണിൽ റേസിങ് ക്ലബിൽ കളിച്ചത് മാത്രമാണ് അർജന്റൈൻ ക്ലബ് ഫുട്ബോളിൽ റൊമേറോയുടെ മുൻപരിചയം.മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണന സഹിക്കാൻ കഴിയാതെ ആയിരുന്നു ഒരു സീസൺ മുമ്പ് റൊമേരോ ഇംഗ്ലണ്ട് വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന ഒന്നര വർഷത്തോളം ഫുട്ബോൾ കളിക്കാൻ റൊമേരോക്ക് അവസരം ലഭിച്ചിട്ടില്ലായിരുന്നു.2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നു.
യുണൈറ്റഡ് യൂറോപ്പ ലീഗ് കിരീടം നേടിയ സീസണിൽ മുഴുവൻ മത്സരങ്ങളിലും റൊമേരോ ആയിരുന്നു വല കാത്തിരുന്നത്.യുണൈറ്റഡിന് വലിയ സംഭാവനകള്‍ നല്‍കിയ താരത്തെ ഇങ്ങനെ അവഗണിച്ചത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. 2007-ൽ ഡച്ച് ക്ലബ് അൽക്ക്മാറിലൂടെയാണ് റൊമേറോ യൂറോപ്പിലേക്ക് വിമാനം കയറുന്നത്. പിന്നീട് ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയക്കായി നാല് സീസൺ കളിച്ചു. ഇതിനിടെ ഇടയ്ക്ക് ഫ്രഞ്ച് ക്ലബ് മൊണാക്കോയിലേക്ക് ലോണിലും പോയി.
2015 മുതൽ ആറ് വർഷം ഇംഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്നു റൊമേറോ. സ്റ്റാർ ഗോളി ഡേവിഡ് ഡി ഗിയയുടെ ബാക്ക്അപ് ആയിരുന്ന റൊമേറോയ്ക്ക് കളിസമയം വളരെ പരിമിതമായിരുന്നു.ആറ് സീസണിനിടെ വെറും ഏഴ് പ്രീമിയർ ലീഗ് മത്സരത്തിലാണ് റൊമേറോ യുണൈറ്റഡിനായി ഗോൾവല കാത്തത്.