ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിനെതിരെ വേഗമേറിയ അർദ്ധ സെഞ്ച്വറിയുമായി അഭിഷേക് ശർമ്മ | Abhishek Sharma

ഈഡൻ ഗാർഡൻസിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ അഭിഷേക് ശർമ്മ ഇന്ത്യയെ 7 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. ടോസ് നേടി ഫീൽഡ് ചെയ്യാനുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തീരുമാനം ഇന്ത്യൻ ബൗളർമാർ ശെരിയാണെന്ന് തെളിയിക്കുകയും ഇംഗ്ലണ്ടിനെ 132 റൺസിന് പുറത്താക്കുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 43 പന്തുകൾ ബാക്കി നിൽക്കെ വിജയിക്കുകയും 5 മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തുകയും ചെയ്തു.

133 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് ഓപ്പണറായി. 26 റൺസെടുത്ത ശേഷമാണ് സഞ്ജു സാംസൺ പുറത്തായത്. ഇതിന് ശേഷം അഭിഷേക് ശർമ്മ അഴിഞ്ഞാട്ടമാണ് കാണാൻ സാധിച്ചത്.34 പന്തിൽ നിന്ന് 79 റൺസ് നേടിയ അഭിഷേക് ശർമ്മ ഈഡൻ ഗാർഡൻസിനെ ജ്വലിപ്പിച്ചു. വെറും 20 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ ഇന്ത്യൻ ഓപ്പണർ ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറി നേടി .

ഇംഗ്ലണ്ടിനെതിരെയും ടി20യിലും ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡ് യുവരാജിന്റെ പേരിലാണ്.ഏറ്റവും ചെറിയ ഫോർമാറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും വേഗതയേറിയ അർദ്ധശതകം നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ തന്റെ ഉപദേഷ്ടാവായ യുവരാജിനൊപ്പം ചേർന്നു. 2007 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർദ്ധശതകം നേടിയ യുവരാജ് സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടി ചരിത്രം സൃഷ്ടിച്ചു. അതിനുശേഷം ഒരു ഇന്ത്യൻ ബാറ്റ്സ്മാനും യുവരാജിന്റെ നേട്ടത്തിന് അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ല, ഇത് ടി20 യിൽ മൊത്തത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ അർദ്ധശതകവുമാണ്.

ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ട് ബൗളിംഗ് ആക്രമണത്തെ അഭിഷേക് സിക്സറുകൾ കൊണ്ട് മൂടുകയായിരുന്നു. 34 പന്തിൽ നിന്ന് 8 സിക്സറുകളും 5 ഫോറുകളും ഉൾപ്പെടെ 79 റൺസ് നേടി.200ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിലാണ് ഈ 24 കാരനായ താരം റൺസ് നേടിയത്.കഴിഞ്ഞ വർഷം സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ സെഞ്ച്വറിക്ക് ശേഷം ടി20യിൽ അഭിഷേക് നേടുന്ന രണ്ടാമത്തെ അമ്പത് സ്കോറാണിത്.

Rate this post